അന്ന് താര റാണി, എല്ലാം വേണ്ടെന്ന് വെച്ച് സിമ്രാൻ പോയതാണ്; എന്നാൽ തൃഷ അങ്ങനെയല്ല; നിർമാതാവ് പറയുന്നു
നായിക നടിമാരുടെ ഷെൽഫ് ലൈഫിനെക്കുറിച്ച് സിനിമാ ലോകത്ത് എപ്പോഴും ചർച്ചയാകാറുണ്ട്. നായകൻമാർ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും മുൻനിര താരമായി തുടരുന്നു. എന്നാൽ നടിമാരുടെ കാര്യം അങ്ങനെയല്ല. ഹിറ്റ് ലഭിച്ച ശേഷം കരിയറിലെ ആദ്യത്തെ അഞ്ച് വർഷങ്ങൾ തിരക്കുകളോടെ മുന്നോട്ട് പോകും. പത്ത് വർഷം പരമാവധി പിടിച്ച് നിൽക്കും. അതിന് ശേഷം ഗ്രാഫ് ഇടിയുന്നതാണ് പൊതുവെ കണ്ട് വരുന്ന രീതി. നയൻതാര, തൃഷ തുടങ്ങി അപൂർവം പേർക്ക് ഇതിനെ മറികടന്ന് മുന്നോട്ട് പോകാൻ തെന്നിന്ത്യയിൽ സാധിച്ചിട്ടുള്ളൂ.
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് സിമ്രാൻ. സിമ്രാന്റെ കോൾഷീറ്റിന് ഫിലിം മേക്കേർസ് കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. തൊട്ടതെല്ലാം ഹിറ്റാക്കി സിമ്രാൻ കരിയറിൽ മുന്നേറി. സൂപ്പർസ്റ്റാർ സിനിമകളിൽ തുടരെ നായികയായി. വിജയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ ജോഡിയായിരുന്നു സിമ്രാൻ.

എന്നാൽ ഒരു ഘട്ടത്തിൽ സിമ്രാന് തന്റെ താരപദവിയൊഴിയേണ്ടി വന്നു. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ തമിഴ്, തെലുങ്ക് സിനിമാ ലോകത്തേക്ക് തൃഷ, നയൻതാര, ശ്രിയ ശരൺ തുടങ്ങിയ നടിമാരെത്തി. സിമ്രാൻ, ജ്യോതിക, ലൈല തുടങ്ങിയവർ കരിയറിൽ നിന്നകന്ന് വിവാഹ ജീവിതത്തിലേക്ക് കടന്നു.
ഇന്ന് വീണ്ടും സിനിമാ ലോകത്ത് സജീവമാകുകയാണ് സിമ്രാൻ. എന്നാൽ പഴയ താരമൂല്യം നടിക്കില്ല. റിലീസ് ചെയ്യാനിരിക്കുന്ന അജിത്ത് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയിൽ തൃഷയാണ് നായിക. ചിത്രത്തിൽ ഒരു വേഷം സിമ്രാനും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിൽ കൗതുകരമായ മറ്റൊരു കാര്യവുമുണ്ട്. 1999 ൽ പുറത്തിറങ്ങിയ ജോഡി എന്ന സിനിമയിൽ സിമ്രാനും തൃഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്ന് സിമ്രാനായിരുന്നു താരം. തൃഷ ഈ ചിത്രത്തിൽ ചെറിയ വേഷമാണ് ചെയ്തത്.

ഇന്ന് തൃഷ നായികയും സിമ്രാൻ ഗ്രാഫ് ഇടിഞ്ഞ താരവുമായിരിക്കുന്നു. ഇത്തരം ചർച്ചകളെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് ധനഞ്ജയൻ. ഓരോരുത്തരുടെയും കരിയർ ചോയ്സാണിതെന്ന് ഇദ്ദേഹം പറയുന്നു. സിമ്രാൻ കരിയറിൽ പീക്കിലായിരുന്നപ്പോൾ എല്ലാം വിട്ട് കല്യാണം കഴിച്ചു. അവർക്കത് മതിയായിരുന്നു. ഡാൻസെന്നാൽ സിമ്രാനാണ്. വലിയ സിനിമകൾ ചെയ്ത പേരെടുത്ത് പിന്നീട് ഒന്നും വേണ്ടെന്ന് വെച്ച് വിവാഹം ചെയ്ത് ഡൽഹിയിൽ സെറ്റിൽഡായി.
ഇന്നും സിമ്രാന് തന്റെതായ സ്ഥാനം സിനിമാ ലോകത്തുണ്ട്. മക്കൾ വളർന്നപ്പോൾ ഇനി അഭിനയിക്കാമെന്ന് സിമ്രാൻ തീരുമാനിച്ചു. ഓരോരുത്തരുടെയും ചോയ്സാണത്. തൃഷയുമായുള്ള താരതമ്യം ശരിയല്ലെന്നും ധനഞ്ജയൻ അഭിപ്രായപ്പെട്ടു. തൃഷ നടിയാകാൻ തീരുമാനിച്ചതാണ്. കുടുംബ ജീവിതമായി സെറ്റിൽഡാകേണ്ടെന്ന് തീരുമാനിച്ച് തുടർന്നും സിനിമ ചെയ്തു. എന്നാൽ സിമ്രാൻ ഇടവേളയെടുത്ത് പോയിരുന്നെന്ന് ധനഞ്ജയൻ ചൂണ്ടിക്കാട്ടി. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് തൃഷ ഇന്ന് കടന്ന് പോകുന്നത്. ഒന്നിന് പിറകെ ഒന്നായി നടിക്ക് റിലീസുകളാണ്. പൊന്നിയിൻ സെൽവന് ശേഷമാണ് തൃഷയ്ക്ക് പഴയ താരമൂല്യം തിരികെ ലഭിക്കുന്നത്.


Click it and Unblock the Notifications











