'അവസരവാദിയാകാനോ.... നന്ദികേട് കാണിക്കാനോ വയ്യ'; അജിത്തും ശിവാജിയും ഒരുമിക്കാതിരുന്നതിനെ കുറിച്ച് ചെയ്യാർ ബാലു
തെന്നിന്ത്യൻ സിനിമാമേഖലയിലെ അറിയാക്കഥകൾ ആരാധകരിലേക്ക് എത്തിക്കുന്നവരിൽ പ്രധാനിയാണ് സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ചെയ്യാർ ബാലു. വർഷങ്ങളായി സിനിമയും സിനിമാപ്രവർത്തകരുമായും സമ്പർക്കമുള്ളതിനാൽ ഒട്ടുമിക്ക താരങ്ങളുടെയും വളർച്ച അടുത്ത് നിന്ന് കാണാൻ ചെയ്യാർ ബാലുവിന് സാധിച്ചിട്ടുണ്ട്.
സിനിമയിൽ എത്തിപ്പെടുക എന്നതിനേക്കാൾ വലുതാണ് അവിടെ തന്നെ പിടിച്ച് നിന്ന് വളരുക എന്നത്. പലർക്കും പിടിച്ച് നിൽക്കാൻ കഴിയാതെ വരുമ്പോൾ സിനിമ ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ട്. സിനിമയിൽ ഒന്നും ആർക്കും വേണ്ടിയും കാത്ത് നിൽക്കാറില്ല.
അവസരങ്ങൾ കണ്ടെത്തി കൃത്യമായി ഉപയോഗിച്ച് മുന്നേറുന്നവർക്ക് മാത്രമെ ഭാവിയുണ്ടാകൂ. വഞ്ചിച്ചും മോഹിപ്പിച്ചും അവസരങ്ങൾ നേടിയെടുക്കുന്നവർ സിനിമയിൽ നിരവധിയാണ്.
എന്നാൽ വലിയൊരു ഭാഗ്യം മുന്നിൽ വന്ന് നിന്നിട്ടും കൊടുത്ത വാക്ക് മാറ്റാൻ കഴിയില്ലെന്ന ഒറ്റ കാരണത്താൽ അജിത്ത്-ശിവാജി ഗണേശൻ സിനിമ സംവിധാനം ചെയ്യാൻ കിട്ടിയ അവസരം വേണ്ടെന്ന് വെച്ച സംവിധായകനാണ് എ.വെങ്കിടേഷ്. വിജയ് അടക്കമുള്ള സൂപ്പർ താരങ്ങളുടെ തുടക്കകാലം എ.വെങ്കിടേഷിനൊപ്പമായിരുന്നു.

വിശാലിന്റെ സഹോദരൻ അജയ്ക്ക് പറഞ്ഞ് വെച്ച കഥാപാത്രം പലരും സ്വാധീനം ചെലുത്തി അജിത്തിന് കൊടുക്കാൻ ശ്രമിച്ചിട്ടും എ.വെങ്കിടേഷ് അതിന് തയ്യാറായില്ല. മറ്റുള്ള സിനിമാ പ്രവർത്തകരിൽ ഭൂരിഭാഗം പേരും സ്വപ്നം കാണാൻ സാധിക്കാത്ത അവസരങ്ങൾ വരുമ്പോൾ വാക്കുകൾ മാറ്റി പറഞ്ഞ് പോകുന്നവരാണെന്നും എന്നാൽ അവരിൽ നിന്നെല്ലാം എ.വെങ്കിടേഷ് വ്യത്യസ്തനാണെന്നും ചെയ്യാർ ബാലു പറയുന്നു.
'എ.വെങ്കിടേഷിന്റെ തുടക്കകാലത്ത് നടൻ വിശാലിന്റെ പിതാവും നിർമാതാവുമായ ജി.കെ റെഡ്ഡിയുടെ തണലിലായിരുന്നു. വിജയിക്കൊപ്പം സിനിമകൾ ചെയ്യാൻ എ.വെങ്കിടേഷിന് അവസരം ലഭിച്ചതിന് പിന്നിലും ജി.കെ റെഡ്ഡിയാണ്.'
'മൂത്തമകൻ അജയിയേയും തമിഴ് സിനിമയിൽ കൊണ്ടുവരണമെന്ന ജി.കെ റെഡ്ഡിയുടെ ആഗ്രഹപ്രകാരമാണ് എ.വെങ്കിടേഷിനോട് കഥ എഴുതാൻ അദ്ദേഹം ആവശ്യപ്പെടുന്നത്. ശിവാജി ഗണേശന് വേണ്ടിയായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം എഴുതിയിരുന്നത്. എന്നാൽ പുതുമുഖത്തോടൊപ്പം അദ്ദേഹം അഭിനയിക്കുമോയെന്ന സംശയം ജി.കെ റെഡ്ഡിക്കുണ്ടായിരുന്നു.'
'എന്നാൽ കഥ നല്ലതായതുകൊണ്ട് ശിവാജി ഗണേശൻ എതിർപ്പ് പ്രകടിപ്പിച്ചില്ല. പിന്നീടാണ് മറ്റുള്ള നിർമാതാക്കളുടെ ഇടപെടൽ ഉണ്ടാകുന്നതും വിശാലിന്റെ സഹോദരനെ മാറ്റി അജിത്തിനെ നായകനാക്കാമെന്ന നിർദേശം വരുന്നതും.'

'അജിത്തിനൊപ്പം ശിവാജി അഭിനയിച്ചാൽ സിനിമ സൂപ്പർഹിറ്റാവുകയും സംവിധായകൻ എന്ന നിലയിൽ എ.വെങ്കിടേഷിന്റെ മാർക്കറ്റ് വാല്യു സിനിമാ മേഖലയിൽ ഉയരുകയും ചെയ്യും. പക്ഷെ തനിക്ക് വരുന്ന പ്രശസ്തിയെക്കാൾ വെങ്കിടേഷ് പ്രാധാന്യം കൊടുത്തത് തന്റെ വാക്കിനായിരുന്നുവെന്നും അങ്ങനെയാണ് പൂപറിക്ക വരിഗിറോം സിനിമ ഉണ്ടാകുന്നതെന്നും', ചെയ്യാർ ബാലു പറയുന്നു.
അന്ന് അജിത്ത്-ശിവാജി കോമ്പോയിൽ സിനിമ സംഭവിക്കാതിരുന്നതും ഇക്കാരണം കൊണ്ടാണെന്നും ചെയ്യാർ ബാലു പറയുന്നു. പൂപറിക്ക വരിഗിറോം സിനിമയിൽ അരവിന്ദ് എന്ന കഥാപാത്രത്തെയാണ് അജയ് അവതരിപ്പിച്ചത്.
പിന്നീട് അഭിനയത്തിനേക്കാൾ നിർമ്മാണത്തിനാണ് അജയ് ശ്രദ്ധ ചെലുത്തിയത്. ജി.കെ റെഡ്ഡിയുടെ ബിസിനസ് നോക്കി നടത്തുന്നതിൽ പ്രധാനിയും അജയ് ആണ്. വിജയിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രം ഭഗവതി സംവിധാനം ചെയ്തതും എ. വെങ്കിടേഷ് ആയിരുന്നു.


Click it and Unblock the Notifications