'വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷം പക്ഷെ കുഞ്ഞുങ്ങളില്ല, കല്യാണത്തിന് പോയാൽ വെറുതെ വിടില്ല'; ശാന്തനുവും ഭാര്യയും!
ഒരു കാലത്ത് തമിഴ് സിനിമയിൽ മുൻനിര സംവിധായകരിൽ ഒരാളായും നായകനായും നിറഞ്ഞ് നിന്ന താരമാണ് ഭാഗ്യരാജ്. അഭിനയ ജീവിതത്തിൽ നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച ഭാഗ്യരാജ് വിവാഹം ചെയ്തത് നടി പൂർണിമയെയാണ്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൂർണിമ ഭാഗ്യരാജ്. മലയാളം സിനിമകളിലൂടെയാണ് ഇവർ കരിയർ ആരംഭിക്കുന്നത്.
മോഹൻലാൽ ആദ്യമായി അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെയാണ് പൂർണിമ ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയിലെ നായികയായിരുന്നു പൂർണിമ. ഉർവശി അടക്കം ഒട്ടനവധി താരങ്ങളുടെ നായകനായി ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള ഭാഗ്യരാജ് മിസ്റ്റർ മരുമകൻ അടക്കം നിരവധി മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യ വിവാഹം പരാജയപ്പെട്ടശേഷമാണ് ഭാഗ്യരാജ് പൂർണിമയെ വിവാഹം ചെയ്തത്.

ദമ്പതികൾക്ക് ശാന്തനു എന്നൊരു മകനുണ്ട്. എയ്ഞ്ചൽ ജോണിലെ മറഡോണ എന്ന് പറഞ്ഞാൽ മലയാളികൾക്ക് ശാന്തനുവിനെ വേഗത്തിൽ തിരിച്ചറിയാനാകും. മോഹൻലാലും ശാന്തനുവും കേന്ദ്രകഥാപാത്രങ്ങളായ എയ്ഞ്ചൽ ജോൺ സമ്മിശ്ര പ്രതികരമാണ് പ്രേക്ഷകരിൽ നിന്നും നേടിയത്.
താനും ഭാര്യയും സിനിമയിലൂടെ വളർന്നവരായിനാൽ മകനും സിനിമയിലേക്ക് വരണമെന്നത് ഭാഗ്യരാജിന്റെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെ തന്റെ സിനിമയിൽ ബാലതാരമായി സിനിമയിൽ മകന്റെ അരങ്ങേറ്റം ഭാഗ്യരാജ് നടത്തി. പിന്നീട് മറ്റ് സിനിമകളിലൊന്നും ശാന്തനു അഭിനയിച്ചില്ല. വർഷങ്ങൾക്കുശേഷം സക്കരകട്ടി എന്ന സിനിമയിൽ നായകനായി രണ്ടാം വരവ് നടത്തുകയാണ് താരം ചെയ്തത്.
ഇതിന് ശേഷം പ്ലസ് 2, അമ്മാവിൻ കൈപ്പേസി, രാവണൻ കോട്ടം, പാവ കഥൈകൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശാന്തനു അഭിനയിച്ചു. പക്ഷെ അവയിൽ മിക്കതും വിജയം കൈവരിച്ചില്ല. ഈ സാഹചര്യത്തിലാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജയ്കുമാർ സംവിധാനം ചെയ്ത അശോക് സെൽവനും ശന്തനുവും അഭിനയിച്ച ബ്ലൂ സ്റ്റാർ മികച്ച പ്രതികരണം നേടി മുന്നേറിയത്. ഇപ്പോൾ ബ്ലൂ സ്റ്റാർ വിജയമായതിന്റെ സന്തോഷത്തിലാണ് ശാന്തനു.
അടുത്തിടെ ചിത്രത്തിൻ്റെ വിജയാഘോഷം നടന്നിരുന്നു. ബ്ലൂ സ്റ്റാറിൻ്റെ വിജയത്തിന് ശേഷമുള്ള അച്ഛൻ്റെ മുഖത്തെ സന്തോഷം കണ്ട് താൻ വളരെ സംതൃപ്തനാണെന്ന് ശാന്തനു പറയുകയും ചെയ്തിരുന്നു. ശന്തനു 2015ൽ വിവാഹിതനായി. കീകി എന്ന സ്റ്റേജ് നെയിമുള്ള അവതാരകയും മോഡലും നടിയുമായ കീർത്തനയെയാണ് ശാന്തനു വിവാഹം ചെയ്തത്.

ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. അടുത്തിടെ കീർത്തിയുമായി ഒരു അഭിമുഖത്തിൽ പങ്കെടുത്ത ശന്തനു വിവാഹം കഴിഞ്ഞ് എട്ട് വർഷമായിട്ടും കുഞ്ഞുങ്ങളില്ലാത്തതിനാൽ സമൂഹത്തിൽ നിന്നും തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തി.
'കല്യാണത്തിന് പോയാൽ അവിടെയുള്ളവരുടെ എല്ലാം ചോദ്യം കുഞ്ഞുങ്ങൾ ഇല്ലേ എന്നതാണ്. ഞങ്ങൾ രണ്ടുപേരും ഇപ്പോൾ കരിയറിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്.'
'അതുപോലെ എപ്പോൾ വേണമെങ്കിലും സംഭവിക്കേണ്ടത് ആ സമയത്ത് സംഭവിക്കും. കുട്ടികൾ വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടില്ല. വരാനുള്ളതെല്ലാം കൃത്യസമയത്ത് വരും. നിങ്ങളുടെ വീട്ടിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ നോക്കൂ. ഞങ്ങളുടെ വീട്ടിൽ സംഭവിക്കുന്നത് ഞങ്ങൾ നോക്കിക്കൊള്ളാം', എന്നാണ് കുഞ്ഞുങ്ങളില്ലാത്തതിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നവരോട് മറുപടിയായി കീർത്തിയും ശാന്തനുവും പറഞ്ഞത്.


Click it and Unblock the Notifications











