'യൗവ്വനം നിലനിർത്താൻ രജിനിക്ക് ഔഷധ സസ്യങ്ങളുടെ വേരുകൾ നൽകിയത് മുനിമാരാണ്'; സുഹൃത്ത് പറഞ്ഞത്!
തമിഴ് സിനിമയില്‍ രജിനികാന്തിനോളം പ്രഭാവം തീര്‍ത്ത മറ്റൊരു നടന്‍ ഉണ്ടാകില്ല. സിനിമയിലും വ്യക്തി ജീവിതത്തിലും വളരെ സിംപിളാണ് രജിനി. കര്‍ണ്ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിന്റെ പരമ്പരയിലാണ് രജിനിയുടെ ജനനം. പിന്നീട് ഇവര്‍ തമിഴ്‌നാട്ടിലേക്ക് വരികയായിരുന്നു.
ജയിലർ റിലീസിന് ശേഷം രജിനികാന്ത് തരംഗമാണ് ഇന്ത്യയൊട്ടാകെ അലയടിക്കുന്നത്. എഴുപത്തിരണ്ട് പിന്നിട്ടിട്ടും രജിനിയുടെ സ്വാഗിനെയും സ്റ്റൈലിനെയും എനർജിയേയും മറികടക്കാൻ ആർക്കും സാധിച്ചിട്ടില്ല. വയസ് എത്രയായാലും സൂപ്പർസ്റ്റാറിന്റെ സ്റ്റൈലും അഴകും അന്നും ഇന്നും ഒരേപോലെ നിലനിൽക്കുന്നുണ്ട്.
ജയിലർ ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുത്ത് ഒന്നര മണിക്കൂറോളം സ്റ്റേജിൽ നിന്ന് യുവാക്കളുടെ ആവേശത്തോടെ അദ്ദേഹം പ്രസംഗിച്ചതും ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. സൂപ്പർ സ്റ്റാർ എനർജിയും യൗവ്വനവും കാത്ത് സൂക്ഷിക്കുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സുഹൃത്തും ബെംഗളുരു സ്വദേശിയായ രാജ് ബഹദൂർ.

ധ്യാനത്തിൽ മുഴുകി ഇരിക്കുന്നതിനായി അദ്ദേഹം വളരെ അധികം സമയം കണ്ടെത്താറുണ്ടെന്നാണ് സുഹൃത്ത് പറയുന്നത്. അതുകൊണ്ട് തന്നെയാണ് രജിനികാന്തിന് ഇത്രയും ഊർജം ലഭിക്കുന്നതെന്നും രാജ് ബഹദൂർ പറഞ്ഞു. കൂടാതെ രജിനി പലപ്പോഴും ഹിമാലയത്തിൽ പോകുകയും അവിടെ അനേകം ഋഷിമാരെ കാണുകയും ചെയ്യാറുണ്ടെന്നും സുഹൃത്ത് പറയുന്നു.
യൗവ്വനം നിലനിർത്താൻ രജിനി സന്ദർശിക്കാറുള്ള മുനിമാർ ഔഷധ സസ്യങ്ങളുടെ വേരുകൾ നൽകിയിരുന്നു. ആ വേര് ഒരു പ്രാവശ്യം കഴിച്ചാൽ ഒരാഴ്ചയോളം ഊർജം നൽകുകയും ശരീരത്തിന് ഉണർവ് ലഭിക്കുകയും ചെയ്യുമെന്നും സുഹൃത്ത് പറഞ്ഞു.
അതുകൊണ്ടാണ് 73കാരനായ രജനികാന്ത് 23കാരനെപ്പോലെ ആവേശഭരിതനായിരിക്കുന്നതെന്നും ബഹദൂർ കൂട്ടിച്ചേർത്തു. ആ ചെടികളുടെ വേരുകളാണ് സൂപ്പർതാരത്തിന് പ്രത്യേക ശക്തി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രജിനിയുടെ ഓരോ സിനിമയും ഉത്സവമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം എന്നെ വിളിച്ച് ജയിലർ സിനിമ കാണാനും അഭിപ്രായം അറിയിക്കാനും എന്നോട് അഭ്യർത്ഥിച്ചിരുന്നു. മറ്റുള്ളവർ സിനിമ കൊള്ളാം എന്ന് മാത്രമെ പറയൂ.
പക്ഷെ ഞാൻ അദ്ദേഹത്തിന് ശരിയായ അഭിപ്രായം നൽകുമെന്നും രാജ് ബഹദൂർ കൂട്ടിച്ചേർത്തു. കഴിഞ്ഞ 53 വർഷമായി അദ്ദേഹം എന്റെ സുഹൃത്താണ്. അതിനാൽ എനിക്ക് ഭയമില്ല. ഞാൻ കാര്യങ്ങൾ പറയുന്നതുപോലെ വ്യക്തമായി പറയുന്നു. അത് രജിനികാന്തിന് പോലും അറിയാം അദ്ദേഹം വിശദീകരിച്ചു.

എല്ലാ സിനിമയും റിലീസ് ചെയ്തതിന് ശേഷവും രജിനികാന്ത് ഹിമാലയത്തിൽ പോയി പൂജകൾ ചെയ്യുമായിരുന്നു. അനാരോഗ്യം കാരണം കഴിഞ്ഞ നാല് വർഷമായി എനിക്ക് ഹിമാലയത്തിൽ പോകാൻ കഴിഞ്ഞില്ല. അവൻ ഈ വർഷം പോയി. എന്നെ വിളിച്ചപ്പോൾ വടക്ക് കനത്ത മഴയുള്ളതിനാൽ പോകരുതെന്ന് ഞാൻ ഉപദേശിച്ചിരുന്നു.
പക്ഷെ താൻ തീരുമാനിക്കുന്നതെന്തും ചെയ്യുന്ന ശീലമുള്ളതിനാൽ അദ്ദേഹം നിർദേശം പരിഗണിക്കാതെ പോയിയെന്നും സുഹൃത്ത് പറഞ്ഞു. രജിനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ബാഷ എനിക്ക് വളരെ ഇഷ്ടമാണ്. അതുപോലെ തന്നെ 73ആം വയസിലും ജയിലറിലും അതേ മാസ് പെർഫോമൻസ് രജിനി നിലനിർത്തിയിട്ടുണ്ട്.
ബാഷ പോലെ ഈ ചിത്രവും ചരിത്രം സൃഷ്ടിക്കാൻ പോകുകയാണ്. ഞങ്ങളുടെ സൗഹൃദം 50 വർഷത്തിലേറെയായി നിലനിൽക്കുന്നു. അദ്ദേഹം കണ്ടക്ടറായി ജോലി ചെയ്യുമ്പോൾ ഞാൻ ആ ബസിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നുവെന്നും സൂപ്പർസ്റ്റാറായ സുഹൃത്തിനെ കുറിച്ച് സംസാരിച്ച് രാജ് ബഹദൂർ പറഞ്ഞു.
ജയിലർ സൂപ്പർ ഹിറ്റായി അധികം ഷോകളുമായി പ്രദർശനം തുടരുമ്പോൾ രജിനി ഹിമാലയത്തിലാണ്. അവിടെ നിന്നുള്ള സൂപ്പർസ്റ്റാറിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.


Click it and Unblock the Notifications