അജിത്ത്-ഗൗതം ചിത്രത്തില്‍ തൃഷയും അനുഷ്‌കയും
തമിഴകത്തിന്റെ 'തല' അജിത്തിനെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രം ഏപ്രില്‍ 9ന് തുടങ്ങും. ഇപ്പോള്‍ അജിത്ത് 55 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് ഏപ്രില്‍ 9ന് സംവിധായകന്‍ വെളിപ്പെടുത്തും. അജിത്തും ഗൗതവും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണിത്. തമിഴകത്ത് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ഗൗതം മേനോനും അജിത്തും ഒന്നിയ്ക്കുന്നതിനാല്‍ത്തന്നെ ആരാധകരെല്ലാം ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാണുന്നത്.
മുമ്പ് സൂര്യയെ നായകനാക്കി ഗൗതം ഒരുക്കിയ കാക്ക കാക്ക എന്ന ചിത്രം ആദ്യം അജിത്തിനെ വച്ചായിരുന്നു ഗൗതം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ചില കാരണങ്ങളാല്‍ സൂര്യയെ നായകനാക്കേണ്ടിവരുകയായിരുന്നു. എന്തായാലും അജിത്തിനെ നായകനാക്കുകയെന്ന ഗൗതമിന്റെ ആഗ്രഹം ഈ ചിത്രത്തിലൂടെ സഫലീകരിക്കപ്പെടുകയാണ്.

ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരിമാരായ തൃഷയും അനുഷ്‌ക ഷെട്ടിയുമാണ് നായികമാരായി എത്തുന്നത്. വമ്പന്‍ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ഗൗതം മേനോന്‍ അജിത്ത് ചിത്രവുമായി മുന്നോട്ടുപോകുന്നത്. ചിത്രത്തില്‍ അജിത്ത് ചെയ്യാന്‍ പോകുന്നത് ഏത് തരം കഥാപാത്രമാണെന്നോ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ആരെന്നോ ഉള്ള കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
എഎം രത്‌നമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിലമ്പരശന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഗൗതം തിരക്കിലായിരുന്നു. ഈ ചിത്രത്തിന്റെ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്.


Click it and Unblock the Notifications











