തമിഴ് ദൃശ്യത്തിലൂടെ ഗൗതമി തിരിച്ചെത്തും?
മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്ന ചിത്രമെടുക്കാന്‍ നായികയെ തിരഞ്ഞ് തിരഞ്ഞ് അവസാനം സംവിധായകന്‍ ജീത്തു ജോസഫ് കണ്ടെത്തിയത് നടി മീനയെയായിരുന്നു. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും മാറിനിന്ന മീന മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയത് ദൃശ്യമെന്ന ചിത്രത്തിലെ ശക്തമായ കഥാപാത്രത്തിലൂടെയാണ്. ശരിയ്ക്കും പറഞ്ഞാല്‍ ദൃശ്യത്തില്‍ അഭിനയിക്കാന്‍ മറ്റു നടിമാരൊന്നും തയ്യാറാവാതിരുന്നത് മീനയ്ക്ക് ഭാഗ്യമായി മാറുകയായിരുന്നു.
ഇപ്പോഴിതാ ദൃശ്യത്തിന്റെ തമിഴ് റീമേക്കിലേയ്ക്ക് നായികയെ കണ്ടെത്താനായി ജീത്തു ശ്രമങ്ങള്‍ നടത്തുകയാണ്. നേരത്തേ നാദിയ മൊയ്തു സിമ്രാന്‍ എന്നിവരായിരിക്കും നായികമാരെന്ന് കേട്ടിരുന്നു. എന്നാല്‍ താനീ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് സിമ്രാന്‍ വ്യക്തമാക്കിക്കഴിഞ്ഞതോടെ ജീത്തുവിന് മറ്റൊരു താരത്തെ കണ്ടത്തേണ്ട അവസ്ഥ വന്നിരിക്കുകയാണ്.
ഇതുസംബന്ധിച്ച് ഏറ്റവും പുതിയ വാര്‍ത്ത നടി ഗൗതമി തമിഴ് ദൃശ്യത്തില്‍ കമലിന്റെ നായികയായി എത്തുമെന്നാണ്. ഏറെക്കാലമായി അഭിനയരംഗത്തുനിന്നും മാറിനില്‍ക്കുന്നയാളാണ് ഗൗതമി. എന്നാല്‍ അടുത്തിടെ താന്‍ സിനിമയിലേയ്ക്ക് തിരിച്ചെത്തുമെന്നും പറ്റിയ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഗൗതമി പറഞ്ഞിരുന്നു.
തമിഴ് ദൃശ്യത്തിലൂടെയാണ് ഗൗതമി തിരിച്ചുവരവിനൊരുങ്ങുന്നതെങ്കില്‍ മലയാളത്തില്‍ മീനയ്ക്ക് ലഭിച്ചതുപോലെ മികച്ചൊരു രണ്ടാംവരവ് തന്നെയായിരിക്കും ഗൗതമിയ്ക്ക് ലഭിയ്ക്കുക. മാത്രമല്ല ജീവിതത്തില്‍ നായകനായ കമലിനൊപ്പം വീണ്ടും സിനിമയില്‍ അഭിനയിക്കാനുള്ള അവസരവുമാകുമത്. കാന്‍സര്‍ രോഗബാധയോടെയായിരുന്നു ഗൗതമി ചലച്ചിത്രലോകത്തുനിന്നും മാറിനിന്നത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം ഗൗതമി സജീവസാന്നിധ്യമാണ് ഇപ്പോഴും. മലയാളത്തിലും തമിഴിലുമെല്ലാമായി ഒട്ടേറെ മികച്ച ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഗൗതമി ദൃശ്യത്തിലെ അമ്മവേഷം ഗംഭീരമാക്കുമെന്നകാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications











