കടുത്ത ദേഷ്യക്കാരി, ഇഷ്ടപ്പെട്ടാൽ ഏതറ്റം വരെയും പോകും; എത്ര വേണമെങ്കിലും ചെലവാക്കും; നയൻതാരയെക്കുറിച്ച് ധനുഷ്
ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പിറന്നാൾ ദിനമാണിന്ന്. 39 വയസ് പൂർത്തിയായിരിക്കുകയാണ് നയൻതാരയ്ക്ക്. കൈ നിറയെ അവസരങ്ങളുമായി കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന നയൻതാര ഇതിനകം ബോളിവുഡിലും സാന്നിധ്യമറിയിച്ചു. രണ്ട് പതിറ്റാണ്ട് പിന്നിടുന്ന കരിയറിൽ നടിക്ക് വീഴ്ചകളും ഉയർച്ചകളും ഒരുപോലെ കണ്ടിട്ടുണ്ട്. 2003 ൽ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി.
മലയാളത്തിൽ നിന്നും തമിഴകത്തേക്ക് കടന്നതോടെയാണ് നയൻതാരയുടെ കരിയർ ഗ്രാഫ് മാറി മറിയുന്നത്. ഗ്ലാമറസ് നായികയായി നടി മാറി. കരിയറിലെ പ്രശസ്തിക്കൊപ്പം വിവാദങ്ങളും നയൻതാരയെ തേടി വന്നു. ഗോസിപ്പ് കോളങ്ങളിൽ നടി നിറഞ്ഞ് നിന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു. മാധ്യമങ്ങളുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ നയൻതാര മുമ്പ് സംസാരിച്ചിട്ടുമുണ്ട്. പൊതുവേ ദേഷ്യക്കാരിയെന്ന ഇമേജാണ് നയൻതാരയ്ക്കുള്ളത്. അടുത്തിടെ പോലെ ഇത്തരം സംഭവങ്ങളുണ്ടായി.

വസ്ത്രത്തിൽ ചവിട്ടിയ ആളെ രൂക്ഷമായി നോക്കുന്ന നയൻതാരയുടെ വീഡിയോ വലിയ തോതിൽ വൈറലായി. നയൻതാരയെക്കുറിച്ച് മുമ്പൊരിക്കൽ നടൻ ധനുഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നയൻതാര വളരെ ദേഷ്യക്കാരിയാണെന്ന് അന്ന് ധനുഷ് തുറന്ന് പറഞ്ഞു. പക്ഷെ കഠിനാധ്വാനിയാണ്. ഒരാളെ ഇഷ്ടപ്പെട്ടാൽ എന്ത് വേണമെങ്കിലും ചെയ്യും. ഇഷ്ടപ്പെട്ടയാൾക്ക് വേണ്ടി ഏതറ്റം വരെയും പോയി അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കും. മറ്റുള്ളവർക്ക് വേണ്ടി വലിയ തോതിൽ ചെലവ് ചെയ്യുമെന്നും ധനുഷ് അന്ന് ചൂണ്ടിക്കാട്ടി.
ഇരുവരും ഒരുമിച്ച് അഭിനയിച്ച യാരടി നീ മോഹിനി എന്ന സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ധനുഷ് ഇക്കാര്യം തുറന്ന് പറഞ്ഞത്. 2008 ലാണ് യാരടി നീ മോഹിനി റിലീസ് ചെയ്യുന്നത്. വൻ ഹിറ്റായിരുന്നു ഈ സിനിമ. പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അതേസമയം നയൻതാരയുടെ നാനും റൗഡി താൻ എന്ന സിനിമ നിർമ്മിച്ചത് ധനുഷാണ്. നല്ല സുഹൃത്തുക്കളാണെങ്കിലും ഇരുവരും തമ്മിൽ ഒരു ഘട്ടത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്.

നാനും റൗഡി താൻ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. സിനിമയിലെ നയൻതാരയുടെ പ്രകടനം ധനുഷിന് ഇഷ്ടപ്പെട്ടില്ലെന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ. എന്നാൽ നാനും റൗഡി താനിലെ പ്രകടനത്തിലൂടെ വൻ ജനപ്രീതി നയൻതാര നേടി. സിനിമയ്ക്കായി പുരസ്കാരം ലഭിച്ചപ്പോൾ ധനുഷിന് തന്റെ അഭിനയം ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് വേദിയിൽ നയൻതാര തുറന്ന് പറയുകയും ചെയ്തു.
തമിഴകത്ത് സൂപ്പർസ്റ്റാറുകൾക്ക് ഒപ്പത്തിനൊപ്പം നിൽക്കാൻ താരമൂല്യമുള്ള നടിയാണ് നയൻതാര. എതിർപ്പുകൾ വരുമ്പോഴും നടിക്ക് തുണയാകുന്നത് അവഗണിക്കാൻ പറ്റാത്ത ഈ താരമൂല്യമാണ്. ജവാൻ, ഇരവൈൻ എന്നിവയാണ് നയൻതാരയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമകൾ. നടിയുടെ ആദ്യ ബോളിവുഡ് സിനിമയായിരുന്നു ജവാൻ. ഷാരൂഖ് ഖാൻ നായകനായ ചിത്രം വൻ ഹിറ്റായി.
നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കരിയറിനൊപ്പം കുടുംബജീവിതത്തിലും നടിയിന്ന് ശ്രദ്ധ നൽകുന്നു. കഴിഞ്ഞ വർഷമാണ് നയൻതാര സംവിധായകൻ വിഘ്നേശ് ശിവനെ വിവാഹം ചെയ്തത്. സറൊഗസിയിലൂടെ ഇരട്ടക്കുട്ടികളും ദമ്പതികൾക്ക് പിറന്നു. ഉയിർ, ഉലകം എന്നിങ്ങനെയാണ് മക്കളുടെ പേര്.


Click it and Unblock the Notifications