മാധവനെ ഡേറ്റിംഗിന് ക്ഷണിച്ച സരിത! മാഡിയുടെ ജീവിതം മാറിമറിഞ്ഞത് അന്ന്! അലൈപായുതേ നായകന് പിറന്നാളാശംസ!
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് മാധവന്‍. മാഡിയെന്ന ഓമമനപ്പേരിലറിയപ്പെടുന്ന താരത്തിന്റെ പിറന്നാളാണ് ജൂണ്‍ ഒന്നിന്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ശില്‍പഷെട്ടിയുള്‍പ്പടെയുള്ള താരങ്ങളും മാഡിയെക്കുറിച്ച് വാചാലരായി എത്തിയിട്ടുണ്ട്. ആശംസ നേര്‍ന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞ് മാധവനും എത്തിയിട്ടുണ്ട്. ഇതേ ദിനത്തിലാണ് പിറന്നാളെന്ന് പറഞ്ഞ ഹൃഷികയ്ക്കും മാധവന്‍ ആശംസ നേര്‍ന്നിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്.
പരസ്യത്തിലും ടെലിവിഷന്‍ പരിപാടികളിലുമെല്ലാം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയായാണ് മാധവന് സിനിമയിലേക്ക് അവസരം ലഭിച്ചത്. മണിരത്‌നത്തിന്റെ അലൈപായുതേയിലായിരുന്നു താരം ആദ്യം വേഷമിട്ടത്. ശാലിനിയായിരുന്നു ചിത്രത്തിലെ നായിക. മിന്നലെ, കന്നത്തില്‍ മുത്തമിട്ടാന്‍, രണ്‍, ആയുധഎഴുത്ത്, രംഗ്‌ദേ ബസന്തി, ഗുരു, ത്രീ ഇഡിയറ്റ്‌സ്, തുടങ്ങി പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. റൊമാന്റിക് ഹീറോകളില്‍ എന്നും പ്രിയപ്പെട്ടയാളാണ് മാധവനെന്നുള്ള കമന്റുകളുമുണ്ട്. സരിതയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളും വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.

അധ്യാപനത്തിലേക്ക്
പഠനശേഷം സൈനികനാവണമെന്ന ആഗ്രഹമായിരുന്നു മാധവന്. മകന്‍ രാജ്യസേവനത്തിന് പോവുന്നതിനോട് മാതാപിതാക്കള്‍ യോജിച്ചിരുന്നില്ല. ആര്‍മിയില്‍ ചേരാനുള്ള തീരുമാനം മാധവന്‍ മാറ്റുകയായിരുന്നു. ഇലക്ട്രോണിക്‌സില്‍ ബിരുദമെടുത്ത ശേഷം മാനേജ്‌മെന്റില്‍ ഉപരിപഠനം നടത്തുകയായിരുന്നു അദ്ദേഹം. ഇതിന് ശേഷമായാണ് അദ്ദേഹം കമ്യൂണിക്കേഷനെക്കുറിച്ച് ക്ലാസെടുത്ത് തുടങ്ങിയത്. ഇത്തരത്തിലൊരു ക്ലാസില്‍ വെച്ചാണ് മാധവന്‍ സരിതയെ കണ്ടുമുട്ടിയത്. 1991 ലായിരുന്നു അത്. എയര്‍ഹോസ്റ്റസാവാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. ആ സമയത്താണ് അദ്ദേഹത്തിന്റെ പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് ക്ലാസില്‍ പങ്കെടുത്തത്.

സരിതയുടെ ക്ഷണം
പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം യാത്ര പിരിഞ്ഞ് പോവുന്നതിനിടയിലായിരുന്നു സരിത മാധവനെ ഡിന്നറിന് ക്ഷണിച്ചത്. നിരവധി ക്ലാസുകളില്‍ പങ്കെടുത്തിരുന്നു സരിത. മാധവന്റെ ക്ലാസ് വ്യത്യസ്തമായിരുന്നുവെന്നും അഭിപ്രായപ്പെട്ടിരുന്നു അവര്‍. അന്നത്തെ ഡിന്നറിന് പോവാനായി തീരുമാനിക്കുകയായിരുന്നു താരം. ഈ പെണ്‍കുട്ടിയെയായിരിക്കും ഭാവിയില്‍ താന്‍ ജീവിതസഖിയാക്കുന്നതെന്ന് അന്നദ്ദേഹം ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് അവരുടെ പ്രണയം തുടങ്ങിയത്.

വിവാഹത്തിലേക്ക്
8 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് മാധനവും സരിതയും വിവാഹിതരായത്. 1999ലായിരുന്നു ഇവരുടെ വിവാഹം. തമിഴ് ശൈലിയില്‍ പരമ്പരാഗത ചടങ്ങുകളോടെയുള്ള വിവാഹമായിരുന്നു ഇവരുടേത്. സിനിമയിലേക്കെത്തുന്നതിന് മുന്‍പ് തന്നെ മാധവന്റെ ജീവിതത്തിലേക്ക് സരിത എത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായിരുന്നു ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തത്. 2005ലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് മകന്‍ വേദാന്ത് എത്തിയത്.

അലൈപായുതേയിലൂടെ
മണിരത്‌നത്തിന്റെ അലൈ പായുതേയിലൂടെയായിരുന്നു മാധവന്‍ വെള്ളിത്തിരയില്‍ മുഖം കാണിച്ചത്. റൊമാന്റിക് ഭാവങ്ങളുമായി അദ്ദേഹം എത്തിയപ്പോള്‍ ആരാധകര്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. ശാലിനിക്കൊപ്പമുള്ള കെമിസ്ട്രിയും ചിത്രത്തിലെ ഗാനങ്ങളുമെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ലൊക്കേഷനിലായാലും മറ്റ് സ്ഥലങ്ങളിലായാലും മാധവനൊപ്പം സരിതയും ഉണ്ടാവാറുണ്ട്. നായികമാരുമായെല്ലാം അവര്‍ സൗഹൃത്തിലാവാറുണ്ട്. റൊമാന്റിക് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അത് റീലിലാണെന്നും റിയലല്ലെന്നും ഭാര്യയ്ക്ക് അറിയാമെന്ന് മുന്‍പ് മാധവന്‍ പറഞ്ഞിരുന്നു.

പരസ്പര വിശ്വാസവും സ്വാതന്ത്ര്യവും
മാതൃകാദമ്പതികളായാണ് മാധവനേയും സരിതയേയും വിശേഷിപ്പിക്കാറുള്ളത്. മാധവന്റെ സിനിമകള്‍ക്കായി വസ്ത്രമൊരുക്കിയും ഇടയ്ക്ക് സരിത എത്തിയിരുന്നു. പരസ്പര വിശ്വാസവും വ്യക്തി സ്വാതന്ത്ര്യവുമാണ് തങ്ങളുടെ ദാമ്പത്യത്തിന്റെ സീക്രട്ടെന്നും ഇരുവരും പറഞ്ഞിരുന്നു. താന്‍ ഷൂട്ടിലായിരിക്കുമ്പോള്‍ ഫോണ്‍ സരിതയുടെ കൈയ്യിലാണ് ഉണ്ടാവാറുള്ളത്. തന്റെ കോളും മെസ്സേജുമൊക്കെ അവര്‍ക്ക് പരിശോധിക്കാവുന്നതാണ്, ഭാര്യയില്‍ നിന്നും തനിക്കൊന്നും മറക്കാനില്ലെന്നും മാധവന്‍ മുന്‍പ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











