'അനുഷ്കയ്ക്കൊപ്പം ഉയരം ഒത്തില്ല; സ്റ്റൂളിൽ നിന്ന് അഭിനയിച്ചു'; പരിഹാസങ്ങൾക്ക് സൂര്യ നൽകിയ മറുപടി
തമിഴകത്ത് അജിത്ത്, വിജയ് എന്നീ സൂപ്പർസ്റ്റാറുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത് നടൻ സൂര്യയാണ്. 2002 ൽ പുറത്തിറങ്ങിയ കാക്ക കാക്ക എന്ന സിനിമയ്ക്ക് ശേഷമാണ് സൂര്യയ്ക്ക് താര പരിവേഷം വരുന്നത്. പിന്നീട് ഗജിനി, സിങ്കം, അയൻ തുടങ്ങിയ സിനിമകൾ നടന് കരിയറിലെ കുതിപ്പിന് ഗുണകരമായി. പതിവ് സൂപ്പർതാര ചിത്രങ്ങളുടെ ശൈലിയാണെങ്കിലും സൂര്യയുടെ സിനിമകളിൽ എന്തെങ്കിലും വ്യത്യസ്തതകൾ ഉണ്ടാകാറുണ്ട്.
തമിഴകത്തെ പോലെ കേരളത്തിലും സൂര്യക്ക് വൻ ആരാധക വൃന്ദം ഉണ്ട്. എന്നാൽ ഇടക്കാലത്ത് താരത്തിന്റെ കരിയർ ഗ്രാഫിൽ ചെറിയ ഇടിവ് വന്നു. 2020 ൽ പുറത്തിറങ്ങിയ സൂററൈ പോട്ര് എന്ന സിനിമയാണ് നഷ്ടപ്പെട്ട് തുടങ്ങിയ താരമൂല്യം സൂര്യക്ക് തിരികെ നൽകിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ സൂര്യയെ തേടിയെത്തി. കങ്കുവയാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ അടുത്ത സിനിമ. സൂര്യയുടെ പിറന്നാൾ ദിനമാണിന്ന്. 48 വയസ് പൂർത്തിയായിരിക്കുകയാണ് താരത്തിന്.
സോഷ്യൽമീഡിയയിലൂടെ നടന്റെ പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് ആരാധകർ. നിരവധി സഹപ്രവർത്തകരും സൂര്യക്ക് ആശംസകൾ അറിയിച്ചു. ഇതിനിടെ സൂര്യയെക്കുറിച്ച് തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടി അനുഷ്ക ഷെട്ടിയുടെ കരിയർ ഗ്രാഫിനെക്കുറിച്ച് സംസാരിക്കവെയാണ് സൂര്യയെക്കുറിച്ചും ഇദ്ദേഹം പരാമർശിച്ചത്.

സിങ്കം എന്ന സിനിമയിൽ അനുഷ്കയും സൂര്യയും ഒരുമിച്ച് അഭിനയിക്കവെ ഇരുവരുടെയും ഉയരം ഒത്തിരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. നല്ല ഉയരമുള്ളത് കാരണം സ്റ്റൂൾ വെച്ചാണ് അനുഷ്കയ്ക്കൊപ്പം സൂര്യ അഭിനയിച്ചതെന്ന് ചിലർ കളിയാക്കിയിരുന്നു. ഗാന രംഗങ്ങളിൽ രണ്ട് പേരെ മാറ്റി നിർത്തിയാണ് ഷോട്ടുകൾ എടുത്തത്. പക്ഷെ പടം സൂപ്പർ ഹിറ്റായെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. ആഗായം തമിഴ് യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
2018 ൽ സൂര്യയുടെ ഉയരത്തെ കളിയാക്കി തമിഴ് ചാനലിലെ അവതാരകർ നടത്തിയ പരാമർശം വിവാദമായിരുന്നു. സൂര്യയുടെ പുതിയ സിനിമയിൽ അമിതാഭ് ബച്ചനെ പരിഗണിക്കുന്നുണ്ട്. പക്ഷെ ബച്ചനോട് സംസാരിക്കണമെങ്കിൽ സൂര്യക്ക് സ്റ്റൂൾ ഉപയോഗിക്കേണ്ടി വരും, അല്ലെങ്കിൽ ഷോട്ട് മുഴുവൻ ബച്ചനെ ഇരുത്തിക്കൊണ്ട് എടുക്കേണ്ടി വരുമെന്നുമാണ് അവതാരകർ പരിഹസിച്ചത്. പരാമർശത്തിനെതിരെ തമിഴകത്തെ താരങ്ങൾ രംഗത്തെത്തി.

എന്നാൽ സൂര്യ ഇതൊന്നും കാര്യമാക്കിയില്ല. നിങ്ങൾക്ക് എത്ര ഉയരമുണ്ട് എന്നല്ല, നിങ്ങൾ എത്ര ഉയരത്തിലെത്തിയെന്നതാണ് പ്രധാനം എന്ന മറുപടി നൽകി നടൻ കൈയടി നേടി. കരിയറിൽ വിവാദങ്ങളിൽ നിന്നും പരമാവധി മാറി നിൽക്കാൻ സൂര്യ ശ്രമിക്കാറുണ്ട്. ഭാര്യയും നടിയുമായ ജ്യോതികയും സൂര്യക്ക് പിന്തുണയുമായി ഒപ്പമുണ്ട്. വർഷങ്ങളോളം സിനിമാ രംഗത്ത് നിന്ന് മാറി നിന്ന ജ്യോതിക ഇപ്പോൾ അഭിനയ രംഗത്ത് സജീവമാണ്. സൂര്യയുടെ സഹോദരൻ കാർത്തിയും തമിഴ് സിനിമകളുടെ തിരക്കിലാണ്.
പിറന്നാൾ ദിനത്തിൽ സൂര്യയുടെ കങ്കുവ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ശിവ സംവിധാനം ചെയ്യുന്ന കങ്കുവ പീരീഡ് ആക്ഷൻ ചിത്രമാണ്. അജിത്തിന്റെ വീരം, വിശ്വാസം എന്നീ സിനിമകൾ ഒരുക്കിയത് സംവിധായകൻ ശിവയാണ്. ശിവയും സൂര്യയും ഒരുമിച്ചെത്തുമ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. ദിഷ പഠാനി നായികയാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസാമിയാണ്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അടുത്ത വർഷം ഏപ്രിലിൽ സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം.


Click it and Unblock the Notifications