വിശാലുമായി പ്രണയം, ഗ്ലാമറസ് വേഷങ്ങളിലൂടെ വിവാദ നായിക, വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച് കുടുംബിനിയായി മാറിയ റീമ!
റീമ സെൻ എന്ന നായികയെ മറക്കാൻ സിനിമാപ്രേമികൾക്കാവില്ല. വസീഗര എന്ന പാട്ട് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിൽ തെളിയും റീമയുടെ മുഖം. ഒരു കാലത്ത് മിന്നലെ സിനിമയും വസീഗര എന്ന പാട്ടും തെന്നിന്ത്യയിൽ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ്. നടിയുടെ തമിഴിലേക്കുള്ള അരങ്ങേറ്റമായിരുന്നു മിന്നലെയിലൂടെ സംഭവിച്ചത്. മാധവനായിരുന്നു റീമയുടെ നായകൻ. ഇന്നും യൂത്തിനിടയിൽ ഏറെ പ്രചാരമുണ്ട് മിന്നലെ സിനിമയ്ക്ക്.
ചിത്രത്തിലെ പാട്ടുകളും സീനുകളും പോലും ഹിറ്റാണ്. ഒട്ടുമിക്ക നായികമാരെയും പോലെ സിനിമയിലേക്കുള്ള വഴി റീമയ്ക്ക് മുന്നിൽ തുറന്ന് കിട്ടിയത് മോഡലിങ് ചെയ്ത് തുടങ്ങിയതോടെയാണ്. കൊൽക്കത്തയിൽ ജനിച്ച് വളർന്ന റീമ പഠനം പൂർത്തിയാക്കിയശേഷം മുംബൈയിലേക്ക് എത്തി. അതിനിടയിലാണ് തെലുങ്ക് സിനിമയായ ചിത്രത്തിലേക്ക് റീമ സെലക്ടാകുന്നത്.

ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അടുത്ത വർഷം മിന്നലെയിലൂടെ റീമയെ തെന്നിന്ത്യ ഏറ്റെടുത്തു. ശേഷം ഹിന്ദിയിലും കന്നടത്തിലുമെല്ലാം നടി അഭിനയിച്ചുവെങ്കിലും റീമയ്ക്ക് പണവും പ്രശസ്തിയും ആരാധകരെയും നേടികൊടുത്തത് തമിഴ്, തെലുങ്ക് സിനിമാ മേഖലയാണ്. ധൂൾ, ആയിരത്തിൽ ഒരുവൻ, വല്ലവൻ, ഹം ഹോഗയേ ആപ്കേ, ഭംഗാരം തുടങ്ങി തെലുങ്കിലും ഹിന്ദിയിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ട റിമ തമിഴിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ സജീവമായിരുന്ന സമയത്ത് നടൻ വിശാലുമായി താരം പ്രണയത്തിലായിരുവെന്ന് പ്രചരിച്ചിരുന്നു. തിമിര്, ചെല്ലമേ തുടങ്ങിയ രണ്ട് സിനിമകളിൽ ഇരുവരുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വിശാലുമായി റീമ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ശക്തമായപ്പോൾ നടി അത് നിഷേധിച്ചെത്തിയിരുന്നു. ആയിരത്തിൽ ഒരുവൻ എന്ന സിനിമയിൽ കാർത്തിക്കൊപ്പം ഗ്ലാമറസ് റോൾ ചെയ്തതിന്റെ പേരിലും അക്കാലത്ത് റീമ വിവാദത്തിൽപ്പെട്ടിരുന്നു. നടി ചെയ്തിട്ടുള്ളതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു വല്ലവനിലെ വില്ലത്തി റോൾ.
പലപ്പോഴും നായകൻ സിമ്പുവിനെപ്പോലും ഒതുക്കി കളയുന്ന പ്രകടനമായിരുന്നു റീമ കാഴ്ചവെച്ചത്. ഒരിടയ്ക്ക് തമിഴ് പ്രസിദ്ധീകരണത്തിൽ വന്ന റീമയുടെ അതീവ ഗ്ലാമറസായ ഫോട്ടോയും വിവാദമായിരുന്നു. അന്ന് അതിന്റെ പേരിലും നടിക്ക് വലിയ രീതിയിൽ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഒട്ടുമിക്ക നായികമാരെയും പോലെ വിവാഹത്തോടെയാണ് സിനിമാ ജീവിതം റീമ ഉപേക്ഷിച്ചത്.

2012ലായിരുന്നു നടിയുടെ വിവാഹം. ബിസിനസ്മാനായ ശിവ് കരൺ സിങ്ങാണ് നടിയെ വിവാഹം ചെയ്തത്. 2013 ൽ ഇവർക്കും മകൻ ജനിച്ചു. ഇപ്പോൾ താരം കുടുംബജീവിതം ആസ്വദിക്കുകയാണ്. ഇന്ന് നാൽപ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് നിരവധി പേർ സോഷ്യൽമീഡിയ വഴി ആശംസകൾ അറിയിച്ചിട്ടുണ്ട്. സിനിമ ഉപേക്ഷിച്ച് ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും നടി സോഷ്യൽമീഡിയയിൽ സജീവമാണ്.
ഭർത്താവിനും മകനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ നടി ഇടയ്ക്കിടെ പങ്കിടാറുണ്ട്. ഒരു കുഞ്ഞിന്റെ അമ്മയായി എങ്കിലും റീമയുടെ സൗന്ദര്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല.


Click it and Unblock the Notifications











