തമിഴ്‌നാടിനെ നടുക്കിയ ഇളവരശന്‍ ദിവ്യാ പ്രണയകഥ തീയേറ്ററുകളിലേക്ക്
ധര്‍മ്മപുരി: തമിഴ്‌നാട്ടിലെ ജാതിഭ്രാന്തിന്റെ ഇരകളായി തീര്‍ന്ന ഇളവരശന്‍ ദിവ്യാ ദുരന്ത പ്രണയകഥ തീയേറ്ററുകളിലേക്ക്. ഏറെ എതിര്‍പ്പുകള്‍ നേരിട്ടിട്ടും വി സി ജയമണി എന്ന സംവിധായകന്‍ ഒരുക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി സമര്‍പ്പിക്കു കഴിഞ്ഞു. സെന്‍സര്‍ ബോര്‍ഡ് അനുമതി കിട്ടിയാല്‍ ഉടന്‍ ചിത്രം തീയേറ്ററുകളിലെത്തും.
തമിഴ്‌നാട്ടിനെ മാത്രമല്ല, ഇന്ത്യയൊട്ടുക്കും ഹൃദയമുള്ളവരെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഇളവരശന്റെയും ദിവ്യയുടെയും പ്രണയവും ദുരന്തവും. ദളിത് യുവാവായ ഇളവരശനും വണ്ണിയാര്‍ സമുദായത്തില്‍ നിന്നുള്ള ദിവ്യയും പ്രണയിച്ച് ഒന്നാകാന്‍ തീരുമാനിച്ചപ്പോള്‍ ധര്‍മപുരിയിലെ ഒരു ഗ്രാമത്തെ മുഴുവന്‍ ചുട്ടെരിച്ചാണ് ഒരുസംഘം ജാതിഭ്രാന്തന്മാര്‍ പകതീര്‍ത്തത്.

എല്ലാ എതിര്‍പ്പുകളും വകഞ്ഞുമാറ്റിയിട്ടും ഒരുനാള്‍ ദിവ്യയെ അവരുടെ വീട്ടുകാര്‍ കൊണ്ടുപോയതോടെ തനിച്ചായിപ്പോയ ഇളവരശന്‍ റെയില്‍പ്പാളത്തില്‍ ജീവനൊടുക്കുകയായിരുന്നു. ഇളവരശനെ കൊലപ്പെടുത്തിയാണെന്നും ആരോപണമുണ്ട്. ജീവിതത്തിനും പ്രണയത്തിനും മരണത്തിനും ഇടയില്‍ ഒരു വിങ്ങല്‍ ബാക്കിയാക്കിയാണ് ഇളവരശന്‍ ഓര്‍മയായത്.
ചിത്രം ജാതിഭ്രാന്തന്മാരുടെ ഉറക്കംകെടുത്തുമെന്നതിനാല്‍ തുടക്കം മുതല്‍ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് ധര്‍മ്മപുരിയിലെ ഹാര്‍ബറിലെ ഷൂട്ടിങ് പിന്നീട് തെങ്കാശിയിലേക്ക് മാറ്റുകയും ചെയ്തു. ശരത്കുമാറിന്റെ ശക്തമായ ഇടപെടലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹായകരമായത്. ചിത്രത്തില്‍ ഇളവരശനെ വച്ചാത്തി ഫെയിം ആര്‍ രമേശും ദിവ്യയെ കവിതാ പൂജാരിയുമാണ് അവതരിപ്പിക്കുന്നു.


Click it and Unblock the Notifications











