ബിഗിലില്‍ വിജയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ ഐഎം വിജയനും! സൂപ്പര്‍താര ചിത്രം അവസാന ഘട്ടത്തില്‍
ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗില്‍. അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമ ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബിഗിലില്‍ വിജയ്‌ക്കൊപ്പം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഐഎം വിജയനും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ചിത്രത്തില്‍ ദളപതിയുടെ അച്ഛന്‍ കഥാപാത്രത്തിന്റെ സുഹൃത്തായിട്ടായിരിക്കും അദ്ദേഹം എത്തുകയെന്നും അറിയുന്നു. ഇതിന് മുന്‍പും മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ ഐഎം വിജയന്‍ അഭിനയിച്ചിരുന്നു. നേരത്തെ ബോളിവുഡ് താരം ഷാരൂഖ് ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തെറി,മെര്‍സല്‍ എന്നീ സിനിമകള്‍ക്ക് ശേഷമാണ് വിജയ് അറ്റ്ലീ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്. നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ പരിയേറും പെരുമാള്‍ താരം കതിര്‍, വിവേക്, ഡാനിയേല്‍ ബാലാജി, ജാക്കി ഷ്റോഫ്, റീബ മോണിക്ക ജോണ്‍, വര്‍ഷ ബൊലമ്മ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്.
സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത്. ബിഗിലില്‍ വിജയുടെ ഒരു പാട്ടും ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു.


Click it and Unblock the Notifications











