വിജയ്‌യെ വീണ്ടും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും! മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് നോട്ടീസ്
ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ദളപതി വിജയ്. ബുധനാഴ്ച മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു നടനെ കസ്റ്റഡിയിലെടുത്തത്.ബിഗില്‍ എന്ന സിനിമയുടെ സാമ്പത്തിക ഇടപാടുകളില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യല്‍.
തുടര്‍ന്ന് ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ചെന്നൈയിലെ പാനൂരിലുളള വിജയുടെ വീട്ടിലാണ് മണിക്കൂറുകളോളം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിത്. ബിഗില്‍ നിര്‍മ്മിച്ച എജിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡും ചോദ്യം ചെയ്യലും നടന്നത്.

വിജയ്ക്ക് പിന്നാലെ ഭാര്യ സംഗീതയെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനില്‍ തിരിച്ചെത്തിയിരുന്നത്. ഷൂട്ടിന് തിരിച്ചെത്തിയ സൂപ്പര്‍താരത്തെ ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സംഭവത്തിന് ശേഷം വിജയുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം വലിയ പിന്തുണയാണ് നടന് ലഭിച്ചിരുന്നത്.

ദളപതിക്ക് പിന്തുണ അറിയിച്ച് വീ സ്റ്റാന്‍ഡ് വിത്ത് വിജയ് എന്ന ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. വിജയുടെ ചെന്നൈയിലെ വീടുകളിലും സാലിഗ്രാമത്തും നീലാങ്കരയിലുമുളള വസന്തികളിലും ആദായ നികുതി വകുപ്പിന്റെ തിരച്ചില്‍ നടന്നിരുന്നു. ഇപ്പോഴിതാ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന് മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന് നോട്ടീസ് അയച്ചിരിക്കുകയാണ്.

ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ ആദായ നികുതി വകുപ്പ് സൂപ്പര്‍താരത്തെ 30 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് പണം പലിശയ്ക്ക് കൊടുത്ത അന്‍പുചെഴിയന്റെ നികുതി വെട്ടിപ്പാണ് അന്വേഷിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. അന്‍പു ചെഴിയനില്‍ നിന്ന് 65 കോടിയും നിര്‍മ്മാതാക്കളില്‍ നിന്ന് 77 കോടിയും പിടിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ചോദ്യം ചെയ്യലിന് ശേഷം അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ് കമ്മീഷണര്‍ സുരഭി അലുവാലിയ അറിയിച്ചിരുന്നു. അതേസമയം വിജയ്ക്ക് എതിരായ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ട് എന്ന ആരോപണം ശക്തമായി കൊണ്ടിരിക്കുകയാണ്. മുന്‍പ് വിജയ് ചിത്രങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുളള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിജയുടെ മുന്‍ചിത്രമായ മെര്‍സലില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ച നടപടികളായ നോട്ടുനിരോധനത്തെയും ജിഎസ്ടിയെയും വിമര്‍ശിച്ചിരുന്നു.


Click it and Unblock the Notifications