ദുബായിൽ കോടികളുടെ ബിസിനസ്, പ്രൈവെറ്റ് ജെറ്റിന് ഉടമയായ ഒരേയൊരു തെന്നിന്ത്യൻ നടി, എല്ലാം ഉയിരിനും ഉലകത്തിനും!
പുരുഷന്മാർ വാണിരുന്ന തെന്നിന്ത്യൻ സിനിമാ മേഖലയിലേക്ക് എല്ലാ മതിലുകളും പൊളിച്ച് വിപ്ലവം സൃഷ്ടിച്ച് തന്റേതായ സ്ഥനം ഉണ്ടാക്കിയെടുത്ത സൂപ്പർ സ്റ്റാറാണ് നയൻതാര എന്ന ഡയാന കുര്യൻ.
സാധ്യമാകില്ലെന്ന് കരുതി ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ മടി കാണിച്ച് വീട്ടിൽ ഒതുങ്ങി കൂടുന്ന സ്ത്രീകൾക്ക് തന്റെ ജീവിതം കൊണ്ട് പ്രചോദനമായി നടി കൂടിയാണ് ലേഡി സൂപ്പർസ്റ്റാർ നയൻസ്. കേരളത്തിലെ ഒരു ചെറിയ ചാനലിൽ അവതാരകയായിരുന്ന പെൺകുട്ടിയാണ് ഇന്ന് ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരിൽ ഒരാളായി വളർന്നിരിക്കുന്നത്.
ഇന്നേവരെ തെന്നിന്ത്യയിൽ ഒരു നായിക നടിയും വാങ്ങാത്ത പ്രതിഫലമാണ് നയൻതാര വാങ്ങുന്നത്. നയൻതാരയോളം വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുള്ള പരിഹാസങ്ങളും ചവിട്ടി താഴ്ത്തലുകളും ഏറ്റുവാങ്ങിയിട്ടുള്ള ഒരു നടി ഇന്ത്യൻ സിനിമയിലുണ്ടോയെന്നത് സംശയമാണ്. എല്ലാം ഒറ്റയ്ക്ക് നിന്ന് പോരാടിയാണ് നയൻസ് സ്വന്തമാക്കിയത്.

തെന്നിന്ത്യയിൽ തിരക്കേറിയതോടെ ചെന്നൈയിലാണ് ഭർത്താവിനും മക്കൾക്കും ഒപ്പം നയൻസിന്റെ താമസം. വെറും ഒരു അവതാരികയിൽ നിന്നും കോടികൾ പ്രതിഫലം വാങ്ങുന്ന മുൻനിര നടിയായി മാറിയതിന് പിന്നിൽ നയൻതാരയ്ക്ക് പറയാൻ ഇരുപത് വർഷത്തെ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. ഇന്ന് താരം മുപ്പത്തിയൊമ്പതാം പിറന്നാൾ ആഘോഷിക്കുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരുമെല്ലാം താരത്തെ ആശംസകൾ കൊണ്ട് മൂടുകയാണ്.
അയ്യ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച നയൻതാര തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 80 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അടുത്തിടെ അരങ്ങേറി.
രജിനികാന്ത്, വിജയ്, അജിത്ത്, സൂര്യ, വിക്രം, ധനുഷ്, ജയം രവി, ശിവകാർത്തികേയൻ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമാണ് നയൻതാര ജോഡിയായിട്ടുള്ളത്. മറ്റ് ഭാഷകളിലെയും മുൻനിര താരങ്ങൾക്കൊപ്പവും നയൻതാര ജോടിയായിട്ടുണ്ട്. ഒരു വർഷം മുമ്പാണ് വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം സംവിധായകൻ വിഘ്നേഷ് ശിവനെ താരം വിവാഹം ചെയ്തത്.
ദമ്പതികൾക്ക് ഉയിർ, ഉലകം എന്നിങ്ങനെ രണ്ട് ഇരട്ട കുഞ്ഞുങ്ങളാണുള്ളത്. രാജ്യത്തെ ഏറ്റവും ധനികയായ നടിമാരിൽ ഒരാളായാണ് നയൻതാരയെ കണക്കാക്കുന്നത്. നടിയുടെ ആസ്തി ഏകദേശം 200 കോടിയോളം വരും. 100 കോടി രൂപ വിലമതിക്കുന്ന ഒരു വീടാണ് താരത്തിന് സ്വന്തമായുള്ളത്.
തമിഴ്‌നാട് മുതൽ മുംബൈ വരെയായി നടിയുടെ ഉടമസ്ഥതയിലുള്ള നാല് ആഢംബര വീടുകളിൽ ഒന്നാണിത്. നിലവിൽ 100 കോടി രൂപ വിലമതിക്കുന്ന ചെന്നൈയിലെ ഒരു ഫ്ലാറ്റിലാണ് ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം നയൻസ് താമസിക്കുന്നത്.

ഈ ആഢംബര വസതിയിൽ ഒരു സ്വകാര്യ തിയേറ്റർ, നീന്തൽക്കുളം, ജിം തുടങ്ങിയ പ്രത്യേക സൗകര്യങ്ങളുണ്ട്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ 30 കോടി രൂപ വിലമതിക്കുന്ന രണ്ട് അപ്പാർട്ട്‌മെന്റുകളും നയൻതാരയ്ക്ക് സ്വന്തമായുണ്ട്. വിലകൂടിയ ആഢംബര കാറുകളും നയൻതാരയ്ക്കുണ്ട്. സ്വകാര്യ വിമാനം സ്വന്തമാക്കിയ തെന്നിന്ത്യൻ നടിമാരിൽ ഒരാളാണ് നയൻതാര. 50 കോടി വിലമതിക്കുന്നതാണ് നയൻതാരയുടെ പ്രൈവെറ്റ് ജെറ്റ്.
സിനിമയിലൂടെ മാത്രമല്ല ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ബിസിനസുകളും നയൻതാരയുടെ ഉടമസ്ഥതയിലുണ്ട്. ഭർത്താവ് വിഘ്‌നേഷിനോടൊപ്പം റൗഡി പിക്‌ചേഴ്‌സ് എന്ന പ്രൊഡക്ഷൻ ഹൗസ് നടത്തുന്നുണ്ട്. പ്രൊഡക്ഷൻ ഹൗസിന് 50 കോടി രൂപ വിലമതിക്കുമെന്നാണ് സൂചന.
2019ൽ നയൻതാര ഡോക്ടർ റെനിത രാജനൊപ്പം ലിപ് ബാം കമ്പിനി ആരംഭിച്ചു. 100 അധികം വ്യത്യസ്ത ലിപ് ബാം വേരിയന്റുകളുള്ള ആദ്യത്തെ ബ്രാൻഡാണ് നയൻതാരയുടേത്. യുഎഇയിലെ ഓയിൽ ബിസിനസിൽ 100 കോടിയോളം രൂപ താരം നിക്ഷേപിച്ചിട്ടുണ്ട്. ഈ കമ്പനികളിൽ നയൻതാരയ്ക്ക് ഒരു നിശ്ചിത ഓഹരിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുഹൃത്തിനൊപ്പം സ്‌കിൻ കെയർ ഉത്പന്നങ്ങളുടെ കമ്പനിയും നടത്തുന്നുണ്ട്.


Click it and Unblock the Notifications