സൂര്യയുമായി നടക്കാതെപോയ ചിത്രത്തിലെ കഥാപാത്രം വിക്രമിൽ വരുമോ; ആകാംഷയോടെ ആരാധകർ
ഒരു ബാങ്ക് മാനേജരായി കരിയർ ആരംഭിച്ച് പിന്നീട് ഷോർട്ട് ഫിലിം ഡയറക്ടർ ആവുകയും അതെ തുടർന്ന് 'മാനഗരം' എന്ന ചിത്രം സംവിധാനം ചെയ്യുകയും ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം കൈതി എന്ന സൂപ്പർ ഹിറ്റ് ചിത്രം കാർത്തിയെ വെച്ച് ഒരുക്കുകയും ചെയ്ത സംവിധായകനാണ് ലോകേഷ് കനകരാജ്.
കൈതിയുടെ വമ്പൻ വിജയത്തെ തുടർന്ന് മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രം വിജയെ നായകനാക്കി ചെയ്തു. ഇപ്പോഴിതാ ഉലക നായകൻ കമലഹാസനെ നായകനാക്കി വിക്രം എന്ന ചിത്രവും സംവിധാനം ചെയ്തു. ചിത്രത്തിൽ സൂര്യയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇതിനു മുൻപ് സൂര്യയുമായി ലോകേഷ് കനകരാജ് ഒരു ചിത്രം ചെയ്യാൻ തീരുമാനിച്ചിരുന്നു. ചെയ്യാന്‍ തീരുമാനിച്ചതിന് ശേഷം പിന്നീട് പല കാരണങ്ങള്‍ കൊണ്ട് നടക്കാതെ പോയ ചിത്രമാണ് ഇരുമ്പ് കൈ മായാവി.
ലോകേഷ് കനകരാജ് ആദ്യമായി സംവിധാനം ചെയ്ത മാനനഗരം റീലീസ് ആയതിന് ശേഷമാണ് സൂര്യയോട് ലോകേഷ് ഇരുമ്പ് കൈ മായാവിയുടെ കഥ പറയുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ട താരം ഉടന്‍ തന്നെ ചിത്രം ചെയ്യാം എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ചിത്രത്തിൽ ഒരു കൈ മുഴുവൻ ഇരുമ്പ് ആയിട്ടുള്ള ഒരു കോമിക്ക് കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കാൻ ഇരുന്നത്.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ലോകേഷ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എങ്കിലും പിന്നീട് ചിത്രത്തെ പറ്റി വിവരങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ആരാധകര്‍ ഒന്നടങ്കം ചിത്രം ഇനി നടക്കില്ല എന്ന് തന്നെയാണ് കരുതിയതും. ഇരുമ്പ് കൈ മായാവി നടക്കാതെ പോയതിനെ പറ്റി മനസ് തുറക്കുകയാണ് ലോകേഷ്. വികടന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇരുമ്പ് കൈ മായാവി നടക്കാത്തതിന്റെ കാരണം പറഞ്ഞത്.

'ഇരുമ്പ് കൈ മായവി ഒരു വലിയ സിനിമ ആയിരുന്നു. മാനഗരം പോലെ ഒരു ചെറിയ ചിത്രത്തിന് ശേഷം സൂര്യയെ പോലെ വലിയ താരത്തെ വെച്ച് എനിക്ക് ആ ചിത്രം ചെയ്യാനുള്ള ആത്മവിശ്വാസം ഇല്ലായിരുന്നു.
അതിനാല്‍ ഞാന്‍ തന്നെയാണ് ഇരുമ്പ് കൈ മായാവി അപ്പോള്‍ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചത്,' ലോകേഷ് പറഞ്ഞു. ചിത്രത്തിന് വലിയ ബഡ്ജറ്റ് വേണ്ടി വരും എന്നതിനാലും ലോകേഷ് ഈ പ്രോജക്ട് നീട്ടിവെക്കുകയായിരുന്നു.
നിലവില്‍ ലോകേഷ് വന്‍ താരങ്ങളെ വെച്ച് ചിത്രങ്ങള്‍ ചെയ്തതിനാല്‍ ഇനി ഇരുമ്പ് കൈ മായാവി നടക്കും എന്നാണ് ആരാധകര്‍ കരുതുന്നത്.
എന്നാൽ വിക്രത്തിന്റെ ട്രെയ്ലറിൽ ആദ്യം കത്തി എടുത്ത് എറിയുന്ന രംഗം ഉണ്ട്. ഇതിൽ ഒരു കൈ ഇരുമ്പായി കാണിക്കുന്നുണ്ട് ഇത് ഇരുമ്പു കൈ മായാവി എന്ന പടത്തിന്റെ ലീഡ് ആണെന്നും ആരാധകർ വിശ്വസിക്കുന്നു.
വിക്രം വിജയം ആയാൽ ഉറപ്പായും ഇരുമ്പ് കൈ മായാവിയുമായി ലോകേഷ് എത്തും എന്ന കാര്യത്തിൽ സംശയം വേണ്ട.

ലോകേഷ് സംവിധാനം ചെയ്ത് കമല്‍ഹാസന്‍ നായകനാകുന്ന വിക്രം ജൂണ്‍ മൂന്നിനാണ് തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


Click it and Unblock the Notifications