കോടികളുമായി നയൻതാര കേരളത്തിലേക്ക്? വിഘ്നേശ് ശിവനോട് സമ്മതം പറഞ്ഞ് താരറാണി
കൈ നിറയെ അവസരങ്ങളുമായി കരിയറിന്റെ മികച്ച സമയത്താണ് നയൻതാര. അടുത്തിടെയിറങ്ങിയ ചില സിനിമകൾ നിരാശപ്പെടുത്തിയെങ്കിലും നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകളിൽ വലിയ പ്രതീക്ഷ ആരാധകർക്കുണ്ട്. അമ്മയായ ശേഷം നടി സിനിമകളുടെ തിരക്ക് കുറയ്ക്കുമെന്ന് അഭ്യൂഹം വന്നെങ്കിലും സംഭവിച്ചത് മറിച്ചാണ്. ഒന്നിന് പിറകെ ഒന്നായി നയൻസിന്റെ പുതിയ സിനിമകളുടെ പ്രഖ്യാപനം വരുന്നുണ്ട്. ഭർത്താവ് വിഘ്നേശ് ശിവനൊപ്പം നിർമാണ രംഗത്തും താരം സജീവമാണ്.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ കരിയറിൽ നിന്നും നയൻതാരയുണ്ടാക്കിയ സമ്പാദ്യം ചെറുതല്ല. പ്രെെവറ്റ് ജെറ്റും ആഡംബര കാറുകളുടെ ശേഖരവുമുള്ള നയൻതാരയ്ക്ക് സിനിമയ്ക്കപ്പുറം മറ്റ് വരുമാന മാർഗങ്ങളുമുണ്ട്. വർഷങ്ങൾക്ക് മുമ്പേ തന്നെ റിയൽ എസ്റ്റേറ്റിൽ നയൻ സജീവമാണ്. ലിപ് ബാം കമ്പനി എന്ന കോസ്മെറ്റിക് ബ്രാൻഡിലും നടിക്ക് പങ്കാളിത്തമുണ്ട്. നയൻതാരയുടെ പുതിയ ബിസിനസ് നീക്കത്തെക്കുറിച്ചുള്ള വിവരമാണിപ്പോൾ പുറത്ത് വരുന്നത്.

തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം കേരളത്തിലാണ് നയൻതാര തന്റെ പുതിയ പദ്ധതികൾ നടത്തുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി കേരളത്തിൽ നിരവധി സ്ഥലങ്ങൾ നയൻതാര വാങ്ങിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ ചിലതിൽ എല്ലാ സൗകര്യങ്ങളുമുള്ള ബിൽഡിംഗുകൾ പണിത് വിൽക്കാനാണ് നീക്കം. വിഘ്നേശ് ശിവനാണ് ഇങ്ങനെയാെരു പദ്ധതിയുടെ ആശയം മുന്നോട്ട് വെച്ചത്. നയൻതാര ഇതിന് സമ്മതം അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ നിരവധി ബിസിനസുകൾ നയൻതാരയ്ക്കും വിഘ്നേശിനുമുണ്ട്. അന്താരാഷ്ട്ര കമ്പനികളിൽ വരെ നടി നിക്ഷേപം നടത്തുന്നു. അടുത്തിടെ യുഎഇയിലെ എണ്ണ കമ്പനിയിൽ നടി കോടികളുടെ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമയ്ക്കപ്പുറം ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണോ നയൻതാരയെന്നാണ് ആരാധകരുടെ ചോദ്യം.
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിയാണ് നയൻതാര. അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നടിയുടെ പ്രതിഫലം. അപൂർവമായി മാത്രമേ താരം പ്രതിഫലം കുറച്ച് അഭിനയിച്ചിട്ടുള്ളൂ. ജവാനാണ് നയൻതാരയുടെ റിലീസ് ചെയ്യാനുള്ള സിനിമ. ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം അറ്റ്ലിയാണ് സംവിധാനം ചെയ്യുന്നത്.

കണക്ട് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നയൻതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തിൽ അവസാനമായി ചെയ്ത ഗോൾഡ് എന്ന സിനിമയും പരാജയപ്പെട്ടു. കരിയറിലെ നിലവിലെ സാഹചര്യത്തിൽ ഒരു ബോക്സ് ഓഫീസ് വിജയം നയൻതാരയ്ക്ക് അനിവാര്യമാണ്.
മറുവശത്ത് ഭർത്താവ് വിഘ്നേശ് ശിവനും കരിയറിൽ ഇത് നല്ല സമയമല്ല. അടുത്തിടെയാണ് നടൻ അജിത്തിന്റെ സിനിമയിലെ സംവിധാന സ്ഥാനത്ത് നിന്നും വിഘ്നേശ് ശിവനെ മാറ്റിയത്. പകരം മഗിഴ് തിരുമേനി എന്ന സംവിധായകനെ എത്തിച്ചു. നിർമാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റേതാണ് തീരുമാനം. വിഘ്നേശ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ഇത്.
അവസാന ഘട്ടത്തിൽ ഒഴിവാക്കിയത് വിഘ്നേശിനെ ഏറെ ബാധിച്ചു. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കഴിഞ്ഞ് കുറച്ച് നാളുകളായി കടന്ന് പോകുന്നതെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ വിഘ്നേശ് തുറന്ന് പറഞ്ഞിട്ടുണ്ട്.
അടുത്തിടെയായിരുന്നു വിഘ്നേശിന്റെയും നയൻതാരയുടെയും ഒന്നാം വിവാഹ വാർഷികം. കഴിഞ്ഞ വർഷം ജൂൺ 9 നാണ് നയൻതാരയും വിഘ്നേശും ചെന്നെെയിൽ വെച്ച് വിവാഹിതരായത്. ഉയിർ, ഉലകം എന്നീ മക്കളും ഇവർക്ക് പിറന്നു. സറൊഗസി വഴിയാണ് താരദമ്പതികൾ ഇരട്ടക്കുഞ്ഞുങ്ങളെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ വിഘ്നേശ് ശിവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications