'ജ്യോതികയെ വീട്ടിലിരുത്തിയ സൂര്യയുടെ പിതാവ്; എതിർപ്പ് വകവെക്കാതെ ജ്യോതിക തിരിച്ചു വന്നപ്പോൾ'; ചെയ്യാർ ബാലു
തമിഴകത്ത് ആഘോഷിക്കപ്പെടുന്ന താര ദമ്പതികളാണ് ജ്യോതികയും സൂര്യയും. ഭർത്താവിന് എല്ലാവിധ പിന്തുണയും കൊടുക്കുന്ന ജ്യോതികയും ഭാര്യയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒപ്പം നിൽക്കുന്ന സൂര്യയും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. രണ്ട് പേർക്കും കേരളത്തിലും നിരവധി ആരാധകരുണ്ട്. 2006 ലാണ് സൂര്യയും ജ്യോതികയും വിവാഹം കഴിക്കുന്നത്.
ഇരുവർക്കും ഇന്ന് രണ്ട് മക്കളുമുണ്ട്. അടുത്തിടെ ചെന്നെെയിൽ നിന്നും മുംബൈയിലേക്ക് താര കുടുംബം താമസം മാറുകയും ചെയ്തു. മുംബൈക്കാരിയാണ് ജ്യോതിക. കരിയറിനും കുടുംബ ജീവിതത്തിനുമായി ചെന്നെെയിലേക്ക് നടി ജീവിതം പറിച്ച് നടുകയായിരുന്നു. ഒരുമിച്ച് അഭിനയിക്കുന്നതിനിടെയാണ് രണ്ട് പേരും പ്രണയത്തിലാവുന്നത്.
വിവാഹ ശേഷം ജ്യോതിക അഭിനയ രംഗത്ത് നിന്ന് പിൻമാറി. ചന്ദ്രമുഖി ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ച് കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു ജ്യോതിക അഭിനയ രംഗത്തോട് വിടപറഞ്ഞത്. അക്കാലത്തെ ഒട്ടുമിക്ക നടിമാരും വിവാഹ ശേഷം അഭിനയ രംഗം വിടുകയായിരുന്നു. എന്നാൽ ഇവരിൽ ഭൂരിഭാഗം പേർക്കും സാധിക്കാത്ത മികച്ചൊരു തിരിച്ച് വരവ് ജ്യോതികയ്ക്കുണ്ടായി.

36 വയതിനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതിക സിനിമാ രംഗത്തേക്ക് തിരിച്ച് വന്നത്. മലയാള ചിത്രം ഹൗ ഓൾഡ് ആർയു എന്ന സിനിമയുടെ റീമേക്കായിരുന്നു ഈ സിനിമ. മഞ്ജു വാര്യരാണ് ഹൗ ഓൾഡ് ആർ യുവിൽ അഭിനയിച്ചത്. ഈ രണ്ട് സിനിമകളും വിജയം കൈവരിക്കുകയും സ്ത്രീ പ്രേക്ഷകരെ സ്വാധീനിക്കുകയും ചെയ്തു. രണ്ടാം വരവിൽ ജ്യോതിക കുറേക്കൂടി സെലക്ടീവാണ്. മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം കാതൽ എന്ന സിനിമയിലും ജ്യോതിക നായികയായെത്തുന്നുണ്ട്.
ജ്യോതിക വിവാഹ ശേഷം അഭിനയ രംഗം വിട്ടതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമിഴ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ ചെയ്യാർ ബാലു. സൂര്യയുടെ പിതാവ് ശിവകുമാറും സിനിമാ രംഗത്താണ് പ്രവർത്തിച്ചത്. എന്നാൽ ഒരു സിനിമാ നടി കുടുംബത്തിൽ മരുമകളായി വരുന്നതിനോട് ശിവകുമാറിന് താൽപര്യമില്ലായിരുന്നെന്ന് ചെയ്യാർ ബാലു പറയുന്നു. സിനിമാ അഭിനയം നിർത്തണമെന്ന് ആവശ്യപ്പെട്ടു. വിവാഹ ശേഷം ജ്യോതിക അഭിനയിക്കാഞ്ഞതിന് കാരണം ഇതായിരുന്നെന്നും ഇദ്ദേഹം പറയുന്നു.
ഇത്രയധികം സിനിമകളിൽ ഇത്രയേറെ ഭാഷകളിൽ ചെയ്ത ഒരു നടിയെ വീട്ടിലിരുത്തിയാൽ ഇരിക്കുമോ. ചന്ദ്രമുഖി എന്ന സിനിമയുടെ വിജയത്തിന് രജനി ഒരു ഘടകമാണെങ്കിലും ജ്യോതികയുടെ അഭിനയവും ഒരു കാരണമാണ്. ജ്യോതികയുടെ തിരിച്ചു വരവിനെ ശിവകുമാർ എതിർത്തു.

എന്നാൽ സൂര്യ ജ്യോതികയെ പിന്തുണച്ചെന്നും ചെയ്യാർ ബാലു പറഞ്ഞു. കല്യാണം തീരുമാനിച്ച ശേഷം ഞാൻ ഒപ്പു വെച്ചിരുന്ന അത്രയും സിനിമകളിൽ നിന്ന് പിൻമാറി. അഡ്വാൻസ് നൽകിയവർക്ക് തിരിച്ച് കൊടുത്തു. പാതി മുക്കാൽ ഭാഗം അഭിനയിച്ച സിനിമകൾ അഭിനയിച്ച് കൊടുക്കാമെന്ന് ജ്യോതിക പറഞ്ഞെന്നും ചെയ്യാർ ബാലു പറയുന്നു.
ജ്യോതിക തിരിച്ചു വരുന്നതിനെച്ചൊല്ലി സൂര്യയ്ക്കും പിതാവിനും ഇടയിൽ ചില അസ്വാരസ്യങ്ങളുണ്ടായെന്നും ചെയ്യാർ ബാലു പറയുന്നു. നിരവധി സിനിമകൾ ഉപേക്ഷിച്ചാണ് ജ്യോതിക വിവാഹത്തിലേക്ക് കടന്നത്. ഒരു അവസരം ലഭിക്കുക എത്ര ബുദ്ധിമുട്ടാണെന്ന് ജ്യോതികയെ പോലുള്ള നടിമാർക്ക് അറിയാം. അതിനാൽ തന്നെ അഭിനയ രംഗം തീർത്തും ഉപേക്ഷിക്കാൻ ജ്യോതിക തയ്യാറായിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.
ജ്യോതിക പൊതുവേദികളിൽ ഭർത്താവിനെക്കുറിച്ചും ഭർത്താവിന്റെ അനിയൻ കാർത്തിയെക്കുറിച്ചുമെല്ലാം സംസാരിക്കാറുണ്ട്. എന്നാൽ ഭർത്താവിന്റെ പിതാവിനെക്കുറിച്ച് സംസാരിക്കാറില്ല. മറുവശത്ത് ശിവകുമാറും ജ്യോതികയെക്കുറിച്ച് എവിടെയും പരാമർശിക്കാറില്ല. ചെയ്യാർ ബാലുവിന്റെ വാക്കുകൾ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയാവുന്നുണ്ട്.


Click it and Unblock the Notifications