ഷാരൂഖ് ഖാന്‍ പോലും പറന്നിറങ്ങി; നയന്‍താരയുടെ വിവാഹത്തില്‍ പങ്കെടുക്കാതെ തെലുങ്ക് താരങ്ങള്‍, കാരണം ഇതോ?
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹം ഏറെ ആഹ്ളാദത്തോടെയാണ് തെന്നിന്ത്യന്‍ സിനിമാലോകം ആഘോഷിച്ചത്. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് ആഡംബരത്തോടെ നടത്തിയ വിവാഹച്ചടങ്ങുകളില്‍ ബോളിവുഡില്‍ നിന്നും സൗത്ത് ഇന്ത്യയില്‍ നിന്നുമുള്ള സെലിബ്രിറ്റികളുടെ ഒരു വലിയ നിര തന്നെ പങ്കെടുക്കാന്‍ എത്തിയിരുന്നു.
സൂപ്പര്‍സ്റ്റാറുകളായ ഷാരൂഖ് ഖാനും കത്രീന കൈഫും നേരിട്ടെത്തിയാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചത്. കൂടാതെ സൂപ്പര്‍സ്റ്റാറുകളായ രജനീകാന്ത്. അജിത്ത്, സൂര്യ, വിജയ്, കാര്‍ത്തി എന്നിവരും മലയാളത്തില്‍ നിന്ന് ദിലീപും വിവാഹത്തിനായി എത്തിയിരുന്നു. മിക്കവരും കുടുംബത്തോടൊപ്പമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

അതേസമയം താരങ്ങളുടെ വലിയൊരു നിര തന്നെ മഹാബലിപുരത്തെത്തിയെങ്കിലും തെലുങ്കില്‍നിന്നും ആരെയും ക്ഷണിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലും തെലുങ്കിലും ഒരുപോലെ ആരാധകരുള്ള നയന്‍താര മുന്‍പ് നിരവധി തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ പലതും സൂപ്പര്‍ ഹിറ്റുകളുമായിരുന്നു. പ്രഭാസിന്റെ യോഗി, രവിതേജയുടെ ദുബായ് സീനു തുടങ്ങിയ ചിത്രങ്ങള്‍ നയന്‍താരയുടെ സ്റ്റാര്‍ഡം ഉയരാന്‍ കാരണമായ ചിത്രങ്ങളാണ്.
ജൂനിയര്‍ എന്‍ടിആര്‍ മുതല്‍ നിരവധി പ്രമുഖതാരങ്ങള്‍ക്കൊപ്പം അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള നയന്‍താര അവരില്‍ ആരെയും വിവാഹത്തിന് ക്ഷണിക്കാത്തത് തെലുങ്ക് മാധ്യമങ്ങളില്‍ ഇപ്പോള്‍ വലിയ വാര്‍ത്തയാവുകയാണ്. ഷാരൂഖിനെ വരെ വിളിച്ചെങ്കില്‍ എന്തുകൊണ്ട് തെലുങ്ക് താരങ്ങളെ വിളിച്ചില്ല എന്നാണ് അവര്‍ ചോദിക്കുന്നത്.
ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന പുതിയ ചിത്രത്തില്‍ നയന്‍താരയാണ് നായിക. ഇക്കാരണത്താലാകാം ഷാരൂഖ് വന്നതെന്ന നിഗമനത്തിലാണ് മാധ്യമങ്ങള്‍. എന്നാല്‍ നയന്‍താര അടുത്ത കാലത്തായി പക്കാ കൊമേഴ്ഷ്യല്‍ ആയി മാറിയെന്നും അവരുടെ അതിഥി ലിസ്റ്റാണ് അതിന് ഉദാഹരണമെന്നും തെലുങ്ക് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

നടി സാമന്തയെ വിവാഹത്തിന് ക്ഷണിച്ചിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സാമന്തയുടെ സാന്നിദ്ധ്യം എവിടെയും പരാമര്‍ശിച്ചുകണ്ടില്ല.
അതേസമയം വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒപ്പം സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞവര്‍ക്കെല്ലാം വിഘ്‌നേഷ് ശിവന്‍ നന്ദി അറിയിച്ചിട്ടുണ്ട്. സാമന്ത, കത്രീന കൈഫ്, ഗൗരി ഖാന്‍, മലയാളത്തില്‍ നിന്നും പേളി മാണി, സംയുക്ത വര്‍മ്മ, റീബ മോണിക്ക എന്നിവരും പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയാക്കിയിട്ടുണ്ട്.
മലയാളത്തില്‍ നിന്നും സത്യന്‍ അന്തിക്കാടും ദിലീപുമായിരുന്നു വിവാഹത്തിലെ പ്രത്യേക ക്ഷണിതാക്കള്‍. തന്റെ ആദ്യ ചിത്രത്തിലെ സംവിധായകനായ സത്യന്‍ അന്തിക്കാടിനെ നയന്‍താര തലേദിവസം നടന്ന മെഹ്ന്ദി ചടങ്ങിലേക്കും വിളിച്ചിരുന്നു.
ജയം രവി, ശരത് കുമാര്‍, അവതാരകയും നടിയുമായ ദിവ്യദര്‍ശിനി, സംവിധായകരായ മണിരത്‌നം, കെ.എസ്.രവികുമാര്‍, ഗൗതം മേനോന്‍, നിര്‍മ്മാതാവ് ബോണി കപൂര്‍ തുടങ്ങിയവരും വിവാഹചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.
Recommended Video

കനത്ത സുരക്ഷയിലാണ് മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വിവാഹം നടന്നത്. വിവാഹചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്ക് നല്‍കിയിരുന്നതിനാല്‍ അതിഥികളുടെ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ സ്റ്റിക്കല്‍ മറച്ചു പതിച്ചിരുന്നു. സുരക്ഷയ്ക്കു വേണ്ടി റിസോര്‍ട്ടിന്റെ പിന്‍ഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞു. സംവിധായകന്‍ ഗൗതം മേനോനാണു വിവാഹ ചിത്രീകരണത്തിനു നേതൃത്വം നല്‍കിയത്.
കാതല്‍ ബിരിയാണി എന്ന പേരില്‍ ചക്ക ബിരിയാണിയായിരുന്നു വിരുന്നിലെ പ്രധാന ആകര്‍ഷണം. കേരള ശൈലിയില്‍ ഇളനീര്‍ പായസവും ഒരുക്കി. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണവിതരണം നടത്തി. നാളെ ഇരുവരും ചേര്‍ന്ന് മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications