സെറ്റിൽ ദേഷ്യം, അണിയറ പ്രവർത്തകനെ വഴക്ക് പറഞ്ഞ് നയൻതാര; ഷൂട്ട് നിർത്തി, നായികയെ മാറ്റാൻ സുന്ദർ സി?
നയൻതാരയുടെ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് മൂക്കുത്തി അമ്മൻ 2. മികച്ച വിജയം നേടിയ ഒന്നാം ഭാഗത്തിന് ശേഷം വരുന്ന സിനിമയുടെ പൂജ ഈയടുത്ത് ചെന്നെെയിൽ വെച്ച് നടന്നു. 100 കോടി രൂപയുടെ ബഡ്ജറ്റിൽ ഒരുങ്ങുന്ന പ്രൊജക്ടാണ് മൂക്കുത്തി അമ്മൻ 2. സുന്ദർ സിയാണ് സംവിധായകൻ. സുന്ദർ സി-നയൻതാര കൂട്ടുകെട്ടിൽ സൂപ്പർഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. നയൻതാരയെ സംബന്ധിച്ച് ഈ സിനിമ നിർണായകമാണ്. നടിയുടെ പ്രതിച്ഛായ ഏറ്റവും മോശമായിരിക്കുന്ന സമയമാണിത്. കടുത്ത സെെബറാക്രമണവും വരുന്നു.
മൂക്കുത്തി അമ്മൻ 2 വിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടാണിപ്പോൾ ചർച്ചയാകുന്നത്. സംവിധായകൻ സുന്ദർ സിയും നയൻതാരയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായെന്നാണ് സൂചന. നയൻതാര സെറ്റിലെ അണിയറ പ്രവർത്തകനെ ശാസിച്ചു. സുന്ദർ സിയ്ക്ക് ഇടപെടേണ്ടി വന്നു. ഇത് സെറ്റിൽ പ്രശ്നകലുഷിതമായ അന്തരീക്ഷമുണ്ടാക്കി. സുന്ദർ സി ഷൂട്ട് നിർത്തി വെച്ചു.

നയൻതാരയെ മാറ്റി പകരം തമന്നയെ നായികയാക്കാൻ പോലും മൂക്കുത്തി അമ്മൻ 2 ടീം ആലോചിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഷൂട്ട് നിർത്തിയതോടെ നിർമാതാവ് ഇഷാരി കെ ഗണേശ് ഇടപെട്ടു. സുന്ദർ സിയും നയൻതാരയും സമവായത്തിലെത്താൻ ചർച്ച നടത്തി. ഇതോടെ ഷൂട്ട് വീണ്ടും തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. മൂക്കുത്തി അമ്മൻ 2 ടീം ഇതുവരെ അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല.
നിലവിൽ ചെന്നെെയിലാണ് ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുന്നത്. മൂക്കുത്തി അമ്മൻ 2 വിന്റെ പൂജ ചടങ്ങിൽ നിന്നുള്ള നയൻതാരയുടെ ദൃശ്യങ്ങൾ നേരത്തെ ചർച്ചയായതാണ്. നടിയുടെ മുഖത്ത് സന്തോഷമില്ലെന്നും എന്തോ ദേഷ്യത്തിലാണെന്നും അഭിപ്രായം വന്നു. ചടങ്ങിൽ നയൻതാരയേക്കാൾ ജനശ്രദ്ധ നടി മീനയ്ക്ക് ലഭിച്ചത് കൊണ്ടായിരിക്കാം ദേഷ്യമെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ വന്നു.

അതേസമയം നയൻതാരയ്ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന സംഘടിത ആക്രമണങ്ങളുടെ ഭാഗമാണോ ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹമെന്ന് വ്യക്തമല്ല. നടൻ ധനുഷിനെതിരെ പരസ്യ പ്രസ്താവന പുറത്ത് വിട്ട ശേഷം നയൻതാരയ്ക്കെതിരെ തുടരെ സെെബർ ആക്രമണം നടക്കുന്നുണ്ട്. ധനുഷിന്റെ ആരാധകരാണ് ഇതിന് പിന്നിലെന്ന വാദം ശക്തമാണ്.
ആർജെ ബാലാജിയാണ് മൂക്കുത്തി അമ്മൻ ഒന്നാം ഭാഗം സംവിധാനം ചെയ്തത്. ഇദ്ദേഹം തന്നെ നായകനുമായി. ആദ്യം ശ്രുതി ഹാസനെ നായികയാക്കാനായിരുന്നു ആർജെ ബാലാജി തീരുമാനിച്ചത്. എന്നാൽ വിഘ്നേശ് ശിവനുമായുള്ള ചർച്ചയ്ക്കിടെയാണ് സിനിമയിലേക്ക് നയൻതാര നായികയായെത്തുന്നത്. ഒടിടി റിലീസായിരുന്നു മൂക്കുത്തി അമ്മൻ. ഉർവശിയും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു.
രണ്ടാം ഭാഗവുമായി സുന്ദർ സിയെത്തുമ്പോൾ ഏവർക്കും പ്രതീക്ഷയുണ്ട്. ദേവിയുടെ വേഷത്തിലാണ് ചിത്രത്തിൽ നയൻതാരയെത്തുന്നത്. താരത്തിന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് സിനിമയ്ക്കൊപ്പം മഹേഷ് നാരായണന്റെ പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത സിനിമയും വരാനുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ നയൻതാരയുടെ മിക്ക സിനിമകളും പരാജയമായിരുന്നു.
ജവാൻ മാത്രമാണ് ബോക്സ് ഓഫീസ് വിജയം നേടിയത്. ശക്തമായ തിരിച്ച് വരവ് നയൻതാരയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ധനുഷുമായുള്ള കേസ് കോടതിയിൽ നടന്ന് കൊണ്ടിരിക്കുകയാണ്. നാനും റൗഡി താനിലെ അണിയറ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിന് പത്ത് കോടി രൂപയാണ് ധനുഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ധനുഷ് നിർമ്മിച്ച് നയൻതാര നായികയായെത്തിയ സിനിമയാണ് നാനും റൗഡി താൻ.


Click it and Unblock the Notifications