വജ്ര വ്യാപാരിയുടെ മകൾ; സമ്പാദ്യം കാമുകനേക്കാൾ ആറിരട്ടി; രാജ്ഞിയെ പോലെ തമന്നയുടെ ജീവിതം
തെന്നിന്ത്യൻ സിനിമയിലെ തിരക്കുള്ള നടിയാണ് ഇന്ന് തമന്ന. 18 വർഷം നീണ്ട കരിയറിൽ ഒട്ടനവധി ഹിറ്റുകൾ തമന്നയ്ക്കുണ്ടായി. അന്നും ഇന്നും തമന്നയ്ക്കുള്ള ആരാധക വൃന്ദം ചെറുതല്ല. മുംബൈയിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമകളിൽ വിജയം കൈവരിച്ച നടിമാരിൽ മുൻപന്തിയിലാണ് തമന്ന. മോഡലിംഗിൽ നിന്നും സിനിമയിലേക്ക് കടന്ന് വന്ന തമന്നയ്ക്ക് തുടക്ക കാലം മുതൽ കൈ നിറയെ അവസരങ്ങൾ ലഭിച്ചു.
13 വയസിലാണ് തമന്ന തന്റെ ലൈം ലൈറ്റ് ജീവിതം തുടങ്ങുന്നത്. ഹിന്ദി സിനിമാ രംഗത്ത് തിളങ്ങാനാണ് തമന്ന ആഗ്രഹിച്ചതെങ്കിലും ഭാഗ്യം തുണച്ചത് തമിഴ്, തെലുങ്ക് സിനിമകളിലാണ്. ചാന്ദ് സെ റോഷൻ ചെഹ്രയാണ് തമന്നയുടെ ആദ്യ ചിത്രം. പക്ഷെ ഈ ഹിന്ദ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ തെലുങ്കിലേക്ക് നടി ചുവട് മാറി. പിന്നീട് തമന്നയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. തമിഴിലും തെലുങ്കിലും ഏറ്റവും താരമൂല്യമുള്ള നടിയായി ഇടക്കാലത്ത് തമന്ന അറിയപ്പെട്ടു.

എന്നാൽ പുതുമുഖങ്ങളുടെ വരവോടെ തമന്നയുടെ ഗ്രാഫിൽ ചെറിയൊരു ഇടിവും വന്നിട്ടുണ്ട്. എങ്കിലും വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമാ രംഗത്ത് ശക്തമായ സാന്നിധ്യമായി തുടരാൻ നടിക്കിന്ന് കഴിയുന്നു. സിനിമകളിലൂടെ തമന്നയുണ്ടാക്കിയ സമ്പാദ്യം ചെറുതല്ല. റിപ്പോർട്ടുകൾ പ്രകാരം 120 കോടിയാണ് നടിയുടെ ആസ്തി. സിനിമ, പരസ്യങ്ങൾ എന്നിവയാണ് പ്രധാന വരുമാനശ്രോതസ്സുകൾ. ഒരു സിനിമയ്ക്ക് അഞ്ച് കോടിക്കടുത്താണ് നടി ഇന്ന് വാങ്ങുന്ന പ്രതിഫലം.
16.60 കോടി രൂപയുടെ ഫ്ലാറ്റാണ് നടിക്ക് മുംബൈയിലുള്ളത്. അടുത്തിടെയാണ് ഈ ഫ്ലാറ്റ് വാങ്ങിയത്. ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെ തമന്നയ്ക്കുണ്ട്. വൈറ്റ് എൻ ഗോൾഡ് എന്ന ഓൺലൈൻ ജ്വല്ലറി സ്റ്റോറും തമന്നയ്ക്കുണ്ട്. നടിയുടെ അച്ഛൻ സന്തോഷ് ഭാട്ടിയ വജ്ര വ്യാപാരിയാണ്.

അടുത്തിടെ തമന്നയുടെ പക്കൽ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രമോതിരം എന്ന പേരിൽ ഫോട്ടോ സഹിതം വാർത്ത പ്രചിരിച്ചിരുന്നു. നടൻ രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി സമ്മാനമായി നൽകിയതാണ് ഈ മോതിരമെന്നും ഗോസിപ്പുകൾ വന്നു. എന്നാൽ യഥാർത്ഥത്തിൽ ഇത് മോതിരം ആയിരുന്നില്ല. കുപ്പിയുടെ മൂടി മോതിരം പോലെ കൈയിൽ വെച്ചതാണ്. നേരം പോക്കിനായി ഒരു ഫോട്ടോയും എടുത്തു. ഈ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
നടൻ വിജയ് വർമയാണ് തമന്നയുടെ കാമുകൻ. ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഇരുവരും പ്രണയത്തിലായത്. പൊതുവെ വ്യക്തിപരമായ കാര്യങ്ങളിൽ സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന തമന്ന പക്ഷെ ഇത്തവണ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞു.
കാമുകനേക്കാൾ ആറിരട്ടി അധികം സമ്പാദ്യം തമന്നയ്ക്കുണ്ട്. തമന്ന താരമായ ശേഷമാണ് വിജയ് വർമ സിനിമാ രംഗത്തേക്ക് കടന്ന് വന്നത് പോലും. 20 കോടിയാണ് വിജയ് വർമ്മയ്ക്കുള്ള ആസ്തി. തമിഴിൽ ജയിലർ എന്ന ചിത്രത്തിലെ ഗാനരംഗം തമന്നയുടെ മാർക്കറ്റ് വാല്യൂ വീണ്ടും ഉയർത്തിയിട്ടുണ്ട്.
സിനിമകൾ ചെയ്യുമ്പോൾ മുമ്പുണ്ടായിരുന്ന നിബന്ധനകളിൽ ചിലത് തമന്ന ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. ജീ കർദാ എന്ന സീരീസിൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ നടി തയ്യാറായി. ലസ്റ്റ് സ്റ്റോറീസിൽ ആദ്യമായി ചുംബന രംഗത്തിലും തമന്ന അഭിനയിച്ചു.


Click it and Unblock the Notifications