'ജനങ്ങൾ മുട്ടാളൻമാരാണോ; വിജയുടെ മകന് ഫാൻസ് തലവേദനയാകും; സ്റ്റേ വാങ്ങുന്നതാണ് നല്ലത്'
ദളപതി വിജയുടെ മകൻ ജെയ്സൺ വിജയ് സംവിധാന രംഗത്തേക്ക് ചുവട് വെക്കുമ്പോൾ ആരാധകർക്കുള്ള പ്രതീക്ഷ ഏറെയാണ്. അച്ഛന്റെ പാത പിന്തുടർന്ന് മകൻ അഭിനയ രംഗത്തേക്ക് കടന്ന് വരണമെന്നാണ് മിക്കവരും ആഗ്രഹിച്ചത്. എന്നാൽ ഫിലിം മേക്കിംഗ് പാഷനായ ജെയ്സൺ സംവിധായകനാണ് തീരുമാനിച്ചത്. ബിഗ് ബജറ്റ് സിനിമകൾ ഒരുക്കുന്ന ലൈക പ്രൊഡക്ഷൻസാണ് ജെയ്സൺ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം നിർമ്മിക്കുന്നത്.
ഒരു സംവിധായകന് ലഭിക്കാവുന്ന ഏറ്റവും നല്ല തുടക്കമാണ് വിജയുടെ മകന് ലഭിച്ചിരിക്കുന്നത്. വർഷങ്ങളോളം കഷ്ടപ്പെട്ടിട്ടും അവസരങ്ങൾ ലഭിക്കാത്ത നിരവധി ഫിലിം മേക്കേർസുണ്ട്. ഇതിനിടെയാണ് ചെറിയ പ്രായത്തിൽ തന്നെ ഗംഭീര അരങ്ങേറ്റം ജെയ്സൺ സഞ്ജയ്ക്ക് സാധ്യമാകുന്നത്. നെപ്പോട്ടിസമാണ് ജെയ്സണെ തുണയ്ക്കുന്നതെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. എന്നാൽ ഈ വാദത്തെ എതിർക്കുന്നവരുമുണ്ട്.

ജെയ്സൺ സഞ്ജയുടെ കടന്ന് വരവിനെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിജയുടെ ഇളയ ദളപതി പട്ടം സഞ്ജയ്ക്ക് ലഭിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നടൻമാർക്ക് എന്തിനാണ് പട്ടം. ജനങ്ങൾ മുട്ടാളൻമാരാണെന്ന് കരുതി ചെയ്യുന്ന പണികളാണിതൊക്കെ. അതുപോലെ ജെയ്സൺ സഞ്ജയ്ക്ക് പട്ടം കൊടുത്താൽ ആദ്യത്തെ സിനിമ തന്നെ പരാജയപ്പെടും.
ആരാധകർ ഇളയ ദളപതി സഞ്ജയ് എന്നൊക്കെ വിശേഷിപ്പിക്കാൻ സാധ്യതയുണ്ട്. അതിനെതിരെ കോടതിയിൽ നിന്ന് ഒരു സ്റ്റേ വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കിൽ ജെയ്സൺ സഞ്ജയ്ക്ക് അത് ആപത്താകുമെന്നും ബിസ്മി വ്യക്തമാക്കി. ഒരു തമിഴ് ചാനലുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അച്ഛന്റെ താരപ്രഭ മകന് സമ്മർദ്ദമുണ്ടാക്കുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

സംവിധാനം ചെയ്ത് പരാജയപ്പെട്ടാൽ അച്ഛന്റെ പേര് മോശമാകും. ആ ആശങ്ക എപ്പോഴും ഉണ്ടാതും. പക്ഷെ അതിൽ ഒന്നും ചെയ്യാൻ പറ്റില്ല. അച്ഛന്റെ പേര് വെച്ച് ഇത്രയും സൗകര്യങ്ങൾ ലഭിക്കുമ്പോൾ അതേ അച്ഛന്റെ പേര് കൊണ്ടുള്ള ബുദ്ധിമുട്ടുകളും സ്വീകരിക്കേണ്ടതുണ്ട്. വിജയുടെ മകനായി മാത്രം ജെയ്സൺ സഞ്ജയ്നെ കണ്ടാൽ നെപ്പോട്ടിസം എന്ന വിമർശനങ്ങൾ വരും.
എസ്എ ചന്ദ്രശേഖറിന്റെ പേരക്കുട്ടിയായി കൂടി ജെയ്സൺ സഞ്ജയ്നെ കാണണം. നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് എസ്എ ചന്ദ്രശേഖറെന്നും ബിസ്മി ചൂണ്ടിക്കാട്ടി. അച്ഛനെ പോലെ വിലപിടിപ്പുള്ള താരമാകുന്നതിന് പകരം ക്രിയേറ്ററാകണമെന്ന് ജെയ്സൺ സഞ്ജയ് തീരുമാനിച്ചത് അഭിനന്ദനാർഹമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമാ ലോകത്തെ പോലും അമ്പരപ്പിക്കുന്നതാണ് നടൻ വിജയുടെ ആരാധക വൃന്ദം. വിജയെന്നാൽ ആരാധകരെ സംബന്ധിച്ച് വൈകാരികതയാണ്. നടനെതിരെ വരുന്ന വിമർശനങ്ങളൊന്നും ആരാധകർ സഹിക്കാറില്ല. പലപ്പോഴും അതിര് കടന്ന ആരാധന വലിയ ആപത്തുകളും ഉണ്ടാക്കിയിട്ടുണ്ട്. 2013 ൽ തലൈവ എന്ന സിനിമയുടെ റിലീസ് വൈകിയതിന്റെ പേരിൽ ഒരു ആരാധകൻ ആത്മഹത്യ ചെയ്യുകയുണ്ടായി. ഏവരെയും ഞെട്ടിച്ച സംഭവമായിരുന്നു ഇത്.
വിജയുടെ മകൻ സിനിമാ രംഗത്തേക്ക് കടന്ന് വരുമ്പോൾ ആരാധകർക്കുള്ള ആവേശം ചെറുതല്ല. കഴിഞ്ഞ ദിവസങ്ങളിലായി ജെയ്സൺ സഞ്ജയുടെ ഫോട്ടോകൾ ഫാൻ പേജുകളിൽ പ്രചരിക്കുന്നുണ്ട്. താരപുത്രന്റെ ആദ്യ സിനിമ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. കാസ്റ്റിംഗ് ഉൾപ്പെടെ അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. മറുവശത്ത് വിജയ് ഷൂട്ടിംഗ് തിരക്കുകളിലാണ്. ലിയോയാണ് അണിയറയിൽ ഒരുങ്ങുന്ന വിജയ് ചിത്രം. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications