പിടിവാശിക്ക് മാറ്റമില്ല, പക്ഷെ അംബാനി വിളിച്ചപ്പോൾ ഭർത്താവിനൊപ്പം എത്തി; നയൻതാരയ്ക്ക് വിമർശനം
തെന്നിന്ത്യൻ സിനിമയിലെ താര റാണിയായ നയൻതാര ഇന്ന് ബോളിവുഡിലും ചർച്ചയായിരിക്കുകയാണ്. ജവാൻ എന്ന സിനിമയിലൂടെ ബോളിവുഡിൽ തുടക്കം കുറിച്ച നയൻതാരയെ തേടി ഹിന്ദി സിനിമകളിൽ നിന്നും തുടരെ അവസരങ്ങൾ എത്തുന്നുണ്ടെന്നാണ് വിവരം. ഷാരൂഖ് ഖാനെ പോലൊരു സൂപ്പർസ്റ്റാറിന് ഒപ്പത്തിന് ഒപ്പം നിൽക്കുന്ന സ്ക്രീൻ പ്രസൻസാണ് നയൻതാരയുടെ കാര്യത്തിൽ ഏവരും എടുത്ത് പറയുന്നത്. പൊതുവെ അഭിമുഖങ്ങളിലും മറ്റും അധികം കാണാത്തതിനാൽ നയൻതാരയെ അടുത്തറിയാൻ ബോളിവുഡ് പ്രേക്ഷകർ ഇന്ന് താൽപര്യം കാണിക്കുന്നു.
ജവാന്റെ പ്രൊമോഷൻ പരിപാടികളിൽ നയൻതാരയെ കാണാം എന്നാണ് ഏവരും കരുതിയത്. എന്നാൽ ജവാന്റെ ഒറ്റ പ്രൊമോഷണൽ ഇവന്റുകളിലും നയൻതാര എത്തിയില്ല. നടിയുടെ നോ പ്രൊമോഷൻ പോളിസി തെന്നിന്ത്യൻ സിനിമാ ലോകത്തിന് അറിയാമെങ്കിലും ബോളിവുഡിനെ സംബന്ധിച്ച് അതൊരു പുതിയ അറിവായിരുന്നു. ആരും കൊതിക്കുന്ന ബോളിവുഡ് അരങ്ങേറ്റമാണ് നയൻതാരയ്ക്ക് സാധ്യമായത്. എന്നിട്ടും എന്ത് കൊണ്ട് സിനിമയുടെ പ്രാെമോഷന് താരം എത്തിയില്ലെന്ന ചോദ്യങ്ങൾ വന്നു.

ബോളിവുഡിലെ സൂപ്പർസ്റ്റാറുകളിൽ ആരും സിനിമയുടെ പ്രൊമോഷൻ പരിപാടികൾ ഒഴിവാക്കാറില്ല. ജവാനിൽ അതിഥി വേഷം ചെയ്ത ദീപിക പദുകോൺ വരെ സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ ഷാരൂഖ് ഖാനൊപ്പം പങ്കെടുത്തു. ജവാൻ സിനിമയുടെ വലിയ രണ്ട് ഇവന്റുകളിൽ നിന്നും നയൻതാര മാറി നിൽക്കുകയാണുണ്ടായത്.
ഓണാഘോഷത്തിന് നാട്ടിലേക്ക് പോകുന്നെന്നാണ് ജവാന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാത്തതിന് കാരണമായി താരം പറഞ്ഞത്. ഷാരൂഖ് ഖാൻ, വിജയ് സേതുപതി, ദീപിക പദുകോൺ തുടങ്ങിയവരെല്ലാം പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലും നടി എത്തിയില്ല. അമ്മയുടെ പിറന്നാൾ ദിനം ആഘോഷിക്കണമെന്നാണ് ഇത്തവണ പറഞ്ഞ കാരണം.

സിനിമാ ലോകത്ത് ഇതിനകം നയൻതാരയ്ക്കെതിരെ വിമർശനങ്ങൾ വന്നിട്ടുണ്ട്. 10 കോടി രൂപയാണ് ജവാന് നയൻതാര വാങ്ങിയ പ്രതിഫലം. തെന്നിന്ത്യയിലെ ഒരു നടിക്ക് ആദ്യമായാണ് ഇത്ര വലിയ തുക പ്രതിഫലമായി ലഭിക്കുന്നത്. എന്നിട്ട് പോലും പ്രാെമോഷനോട് നടി നോ പറഞ്ഞെന്ന് ഫിലിം ജേർണലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട് മറ്റാെരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്.
വിനായക ചതുർത്ഥി ദിനത്തിൽ മുകേഷ് അംബാനി വീട്ടിലൊരുക്കിയ ആഘോഷത്തിൽ അതിഥിയായി നയൻതാരയും വിഘ്നേശ് ശിവനും എത്തി. രണ്ട് പേരുടെയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ബോളിവുഡിലെ വൻ താരനിരയാണ് അംബാനിയുടെ ക്ഷണം സ്വീകരിച്ച് കൊണ്ട് എത്തിയത്. നയൻതാരയുടെ സാന്നിധ്യമാണ് മിക്കവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയത്.
ജവാന്റെ പ്രൊമോഷൻ പരിപാടികൾ ഒഴിവാക്കിയ നടിക്ക് ഇപ്പോൾ അംബാനിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ സമയം ലഭിച്ചതെങ്ങനെയെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യം വരുന്നുണ്ട്. തീരുമാനങ്ങളിൽ കടുംപിടുത്തമുള്ള നയൻതാരയ്ക്ക് ബോളിവുഡിൽ സ്വീകാര്യത ലഭിക്കുമോ എന്ന സംശയവും ഉണ്ട്. തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള നടിയായതിനാൽ നയൻതാരയുടെ നിബന്ധനകളെല്ലാം അംഗീകരിക്കാൻ നിർമാതാക്കൾ തയ്യാറാണ്. എന്നാൽ ബോളിവുഡിൽ അതല്ല സാഹചര്യം.
താരമൂല്യമുള്ള ഒട്ടനവധി നടിമാർ ബോളിവുഡിലുണ്ട്. കത്രീന കൈഫ്, ദീപിക പദുകോൺ തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണം ആണ്. ഇവർക്ക് പോലും പ്രൊമോഷണൽ ഇവന്റുകളിൽ നിന്ന് മാറി നിൽക്കാൻ പറ്റാറില്ല. നയൻതാര പുതിയ ബോളിവുഡ് ചിത്രങ്ങളിലൊന്നും ഇതുവരെ ഒപ്പുവെച്ചിട്ടില്ല. തമിഴ് ചിത്രം ഇരെെവനാണ് റിലീസിനൊരുങ്ങുന്ന സിനിമ. ജയം രവിയാണ് ചിത്രത്തിലെ നായകൻ. മലയാളത്തിൽ ഗോൾഡ് ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം.


Click it and Unblock the Notifications











