ഗർഭിണിയായപ്പോൾ കാണിച്ച വാശി; അമ്മയോട് സംസാരിച്ചാൽ പോലും പൊസസീവ്; എന്നിട്ടും എന്ത് പറ്റിയെന്ന് ചോദ്യം
തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ് നടൻ ജയം രവിയുടെ വിവാഹ മോചനം. ഭാര്യ ആരതിയും താനും പിരിയുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് ജയം രവി വ്യക്തമാക്കിയത്. ഒരുപാട് ആലോചനയ്ക്കും ചർച്ചകൾക്കും ഒടുവിലാണ് ഈ തീരുമാനമെടുത്തതെന്ന് ജയം രവി പറയുന്നു. 2009 ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് ആൺമക്കളും ഇവർക്ക് പിറന്നു. കഴിഞ്ഞ വർഷം വരെയും വളരെ സന്തോഷത്തോടെയാണ് ജയം രവിയെയും ആരതിയെയും പൊതുവേദികളിൽ കണ്ടത്.
അഭിമുഖങ്ങൾക്കുൾപ്പെടെ ഇവർ ഒരുമിച്ച് എത്തിയിരുന്നു. അന്ന് ജയം രവിയെ പുകഴ്ത്തിക്കൊണ്ട് ആരതി രവി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവെന്ന നിലയിൽ ജയം രവിക്ക് താൻ 100 മാർക്ക് നൽകുമെന്ന് ആരതി പറഞ്ഞു. ഗർഭിണിയായിരിക്കെ എനിക്ക് അസുഖം വരുമ്പോഴും വാശി കാണിക്കുമ്പോഴുമെല്ലാം ജയം രവി തന്നെ മനസിലാക്കി ഒപ്പം നിന്നെന്ന് ആരതി പറഞ്ഞു.

എന്റെ അടുത്ത് തന്നെ ഇരിക്കും. രാവിലെ മൂന്ന് മണിക്കും നാല് മണിക്കും എന്തെങ്കിലും കഴിക്കണമെന്ന് പറഞ്ഞാൽ എഴുന്നേറ്റ് വരും. അദ്ദേഹത്തിന് പിറ്റേന്ന് ഷൂട്ടിംഗ് ഉണ്ടോയെന്ന് പോലും ഞാൻ ആലോചിക്കില്ല. തനിക്കൊപ്പം വന്ന ശേഷം അഞ്ച് മണിക്ക് കിടന്നുറങ്ങും. രാവിലെ ഷൂട്ടിംഗിന് പോകും. അദ്ദേഹത്തെ പോലെയായിരിക്കണം എല്ലാ ഭർത്താക്കൻമാരുമെന്ന് താൻ ആഗ്രഹിക്കുന്നെന്നും ആരതി രവി പറഞ്ഞു.
ഒരു വർഷം മുമ്പാണ് ജയം രവിയെ ഇത്രമാത്രം പുകഴ്ത്തി ആരതി രവി സംസാരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിലാണ് ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുണ്ടായതെന്നാണ് സൂചന. ജയം രവി വളരെ പൊസസീവ് ആണെന്നും ആരതി അന്ന് പറഞ്ഞു. ഞാൻ എന്റെ അമ്മയോട് സംസാരിച്ചാൽ പോലും ഇദ്ദേഹം പൊസസീവ് ആകും. നീ അമ്മയോട് ഇത്രയും ചിരിച്ച് സംസാരിക്കുന്നല്ലോ, എന്നോടിങ്ങനെ സംസാരിക്കുന്നല്ലോ എന്ന് പറയുമെന്നും ആരതി ചിരിയോടെ പറഞ്ഞു.

വിവാഹ ജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ തനിക്ക് ഇൻസെക്യൂരിറ്റി ഉണ്ടായിരുന്നെന്നും ആരതി രവി പറഞ്ഞു. എന്നാൽ പിന്നീടങ്ങനെ തോന്നാനുള്ള അവസരം അദ്ദേഹമുണ്ടാക്കിയില്ല. ഇത് വർക്കാണ്. ആക്ടിംഗ് മാത്രമാണിതെന്ന് തനിക്ക് മനസിലായെന്നും ആരതി വ്യക്തമാക്കി. വിവാഹ മോചനത്തെക്കുറിച്ച് ആരതി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ജയം രവിയുടെ മാത്രം പ്രസ്താവനയാണ് പുറത്ത് വന്നത്. തമിഴകത്ത് നിന്നും തുടരെ വിവാഹ മോചന വാർത്തകളാണ് പുറത്ത് വരുന്നത്. ധനുഷ്-ഐശ്വര്യ രജിനികാന്ത് വിവാഹ മോചനം ഏറെ ചർച്ചയായതാണ്.
സംഗീത സംവിധായകനും നടനുമായി ജിവി പ്രകാശും ഗായിക സൈന്ധവിയും അടുത്തിടെയാണ് വേർപിരിഞ്ഞത്. തമിഴ് താരങ്ങളുടെ തുടരെയുള്ള വിവാഹ മോചന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. നടൻ വിജയുടെ വിവാഹ ജീവിതത്തിലും അസ്വാരസ്യങ്ങളുണ്ടെന്നാണ് തമിഴ് മീഡിയകളിൽ പ്രചരിക്കുന്ന അഭ്യൂഹം. എന്നാൽ താരം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വിജയ്ക്കൊപ്പം പൊതുവേദികളിൽ സംഗീതയെ കണ്ടിട്ട് ഏറെ നാളുകളായി.


Click it and Unblock the Notifications