അച്ഛൻ മുസ്ലിമും അമ്മ ബ്രാഹ്മണ സ്ത്രീയും; മകനെക്കുറിച്ച് പറഞ്ഞാൽ സഹിക്കില്ല; ജയം രവിയുടെ കുടുംബം
പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ നഷ്ടപ്പെട്ട് പോയ താരമൂല്യം തിരികെപിടിച്ചിരിക്കുകയാണ് ജയം രവി. നെക്സ്റ്റ് ഡോർ ബോയ് ഇമേജിൽ തമിഴ് സിനിമാ രംഗത്ത് തരംഗമായ ജയം രവിക്ക് കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപോലെ വന്നു. പിതാവ് എഡിറ്റർ എ മോഹന്റെയും സഹോദരൻ മോഹൻ രാജയുടെയും പിന്തുണയോടെയാണ് തുടക്കകാലത്ത് ജയം രവി സിനിമാ രംഗത്ത് സജീവമാകുന്നത്.
2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി, ദീപാവലി, ഉനക്കും എനക്കും തുടങ്ങിയ ഹിറ്റ് സിനിമകളിൽ ജയം രവി നായകനായി. മുൻനിര നായകനായി വളർന്ന ജയം രവിയുടെ കരിയറിൽ പിന്നീട് താഴ്ചകളും വന്നു. 2015 ൽ പുറത്തിറങ്ങിയ തനി ഒരുവൻ എന്ന സിനിമ നടന്റെ കരിയറിന് പുത്തനുണർവ് നൽകി. എന്നാൽ ഈ ഗ്രാഫ് ജയം രവിക്ക് തുടർന്നും നിലനിർത്താൻ കഴിഞ്ഞില്ല. പരാജയങ്ങൾക്കിടെയാണ് പൊന്നിയിൻ സെൽവൻ എന്ന സിനിമ ജയം രവിയെ തേടി വരുന്നത്.

തമിഴകം ഏറ്റെടുത്ത സിനിമയിൽ ടൈറ്റിൽ റോളാണ് നടന് ലഭിച്ചത്. സിനിമയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ജയം രവി ഏറെ പ്രശംസ നേടി. ജയം രവിയുടെ അച്ഛൻ മുസ്ലിമാണ്. മുഹമ്മദ് ജിന്ന അബ്ദുൾ ഖാദർ എന്നാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗിക പേര്. അമ്മ വരലക്ഷ്മി ഹിന്ദു മതസ്ഥയുമാണ്. ജയം രവിയുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മാധ്യമ പ്രവർത്തകൻ ചെയ്യാറു ബാലു.
ജയം രവി ഈ നിലയിലേക്ക് വളരാൻ കാരണം പിതാവ് എ മോഹൻ ആണെന്ന് ചെയ്യാറു ബാലു പറയുന്നു. 'ഏറെ കഷ്ടപ്പെട്ടാണ് എ മോഹൻ സിനിമാ ലോകത്ത് എത്തുന്നത്. ചെന്നെെയിൽ പല ജോലികൾ ചെയ്തു. പ്രമുഖ നടൻ തങ്കവേൽ എ മോഹനെ സ്വന്തം മകനെ പോലെ നോക്കി'
'പിന്നീട് സിനിമയിലെ എഡിറ്ററായി ഇദ്ദേഹം കരിയർ തുടങ്ങി. അദ്ദേഹത്തിന്റെ വീട്ടിനടുത്ത് ഒരു ബ്രാഹ്മണ കുടുംബമുണ്ടായിരുന്നു. അവിടെയുള്ള വരലക്ഷ്മി എന്ന പെൺകുട്ടിയുമായി മോഹൻ പ്രണയത്തിലായി. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹവും ചെയ്തു. ഭാര്യയുടെ കടന്ന് വരവിന് ശേഷമാണ് അദ്ദേഹത്തിന്റെ ജീവിതം മാറുന്നത്'

ഇളയ മകനായ ജയം രവിയെ സിനിമാ നടനാക്കണമെന്നത് പിതാവിന്റെ ആഗ്രഹമായിരുന്നെന്നും ചെയ്യാറു ബാലു പറഞ്ഞു. മകനെക്കുറിച്ച് ഗോസിപ്പുകൾ വരുന്നത് പോലും എ മോഹന് ഇഷ്ടമായിരുന്നില്ലെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.
ഇന്നത്തെ പോലെ അത്രയും മാധ്യമങ്ങൾ അന്നില്ല. മകനെക്കുറിച്ച് ഗോസിപ്പുകൾ വന്നാൽ ഉടനെ ജയം രവിയുടെ പിതാവ് വിളിക്കും. എന്താണ് ഇങ്ങനെയെഴുതിയതെന്ന് ചോദിക്കും. അത്തരം ചെറുപ്പക്കാരനല്ല മകനെന്ന് അദ്ദേഹം ഇടയ്ക്കിടെ പറയുമായിരുന്നു. ജയം രവി സിനിമാതാരത്തെ വിവാഹം ചെയ്യുമെന്നാണ് കുടുംബം കരുതിയത്. അപ്പോഴാണ് ആരതിയോടുള്ള പ്രണയം ജയം രവി തുറന്ന് പറയുന്നത്. രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടന്നെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.
സീരിയൽ നിർമാതാവ് സുജാത വിജയകുമാറിന്റെ മകളാണ് ജയം രവിയുടെ ഭാര്യ ആരതി. 2009 ലായിരുന്നു വിവാഹം. ഇരുവർക്കും രണ്ട് മക്കളും പിറന്നു. ഇരെെവൻ ആണ് ജയം രവിയുടെ റിലീസിനാെരുങ്ങുന്ന സിനിമ. നയൻതാരയാണ് ചിത്രത്തിലെ നായിക. ആഗസ്റ്റ് 25 ന് ഇരെെവൻ തിയറ്ററുകളിൽ എത്തും. പൊന്നിയിൻ സെൽവന് ശേഷം വരുന്ന സിനിമയായതിനാൽ ആരാധകർക്ക് ഏറെ പ്രതീക്ഷയുണ്ട്.


Click it and Unblock the Notifications