അവർ മുംബൈയിലേക്ക് താമസം മാറാൻ കാരണം; അച്ഛന്റെ സമ്മതമില്ലാതെ താലി കെട്ടില്ലെന്ന് സൂര്യ; ജയന്തി
തമിഴകത്തെ പ്രിയ താര കുടുംബമാണ് സൂര്യയുടേത്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം സൂര്യയുടെ ഭാര്യ ജ്യോതിക ഇപ്പോൾ അഭിനയ രംഗത്ത് സജീവമാണ്. ചെന്നെെയിൽ നിന്നും മാറി മുംബെെയിലാണ് സൂര്യയും ജ്യോതികയും ഇന്ന് താമസിക്കുന്നത്. ജ്യോതിക ജനിച്ച് വളർന്നതെല്ലാം മുംബൈയിലാണ്. സൂര്യയുമായുള്ള വിവാഹത്തിന് ശേഷം നടി ചെന്നെെയിൽ സ്ഥിര താമസമാക്കി. സൂര്യയുടെ കൂട്ടുകുടുംബത്തിലാണ് ജ്യോതിക കഴിഞ്ഞിരുന്നത്. വർഷങ്ങൾക്കിപ്പുറം താര ദമ്പതികൾ വീട് മാറിയപ്പോൾ പല അഭ്യൂഹങ്ങളും പരന്നു.
ഭർതൃ പിതാവ് ശിവകുമാറും ജ്യോതികയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും ഇതാണ് വീട് വിട്ട് പോകാൻ കാരണമായതെന്നും ഗോസിപ്പുകൾ വന്നു. സൂര്യ-ജ്യോതിക വിവാഹത്തെ ഏറ്റവും കൂടുതൽ എതിർത്തത് ശിവകുമാറാണ്. ഇതാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. ഇപ്പോഴിതാ താര കുടുംബത്തെക്കുറിച്ച് സംസാരിക്കയാണ് ഇവരുമായി അടുപ്പമുള്ള ജയന്തി കണ്ണപ്പൻ. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.

ശിവകുമാറിനെ അണ്ണൻ എന്നാണ് താൻ വിളിക്കാറെന്ന് ജയന്തി പറയുന്നു. വളരെ നല്ല രീതിയിൽ കുടുംബ ജീവിതം കൊണ്ട് പോകുന്ന വ്യക്തിയാണ് ശിവകുമാറെന്നും ജയന്തി പറയുന്നു. കൂട്ടു കുടുംബത്തെ ഭംഗിയായി കൊണ്ട് പോകുന്നു. ജ്യോതികയുമായും താൻ അടുത്തിടപഴകിയിട്ടുണ്ടെന്നും ജയന്തി വ്യക്തമാക്കി. എന്റെ വീട്ടിലേക്ക് ശിവകുമാർ അണ്ണൻ അദ്ദേഹത്തിന്റെ ഭാര്യയെയും ജ്യോതികയെയും നവരാത്രി ആഘോഷത്തിന് അയച്ചിരുന്നു. കുഞ്ഞിനൊപ്പമാണ് ജ്യോതിക വന്നത്.
എന്റ വീട്ടിൽ കണ്ട കൃഷ്ണന്റെയും രാധയുടെയും ശിൽപം ജ്യോതികയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. ജ്യോതിക കൃഷ്ണ ഭക്തയാണ്. എവിടെ നിന്നാണിത് വാങ്ങിയത്, കാണാൻ നല്ല ഭംഗിയുണ്ട്, എനിക്കും ഇതുപോലൊന്ന് വേണ്ടിയിരുന്നെന്ന് ജ്യോതിക പറഞ്ഞു. ഞാൻ അതേ പോലുള്ള ഒരു സെറ്റ് വാങ്ങി ജ്യോതികയ്ക്ക് അയച്ചു. അവൾക്ക് വളരെ സന്തോഷമായി. വളരെ നല്ല രീതിയിൽ പോകുന്ന കുടുംബമാണ് ശിവകുമാറിന്റേതെന്നും ജയന്തി പറയുന്നു.

ഇന്നേക്ക് വരെയും അണ്ണനാണ് (ശിവകുമാർ) ഏറ്റവും ബഹുമാന്യ സ്ഥാനം. അദ്ദേഹം എത്ര മാത്രം കഷ്ടപ്പെട്ട് വന്നാണ് ഇന്ന് ടീ നഗറിൽ ഈ നിലയിലെത്തിയതെന്ന് മക്കൾക്ക് അറിയാം. നല്ല മക്കളായതിനാൽ ആ ബഹുമാനം അദ്ദേഹത്തിന് കൊടുക്കുന്നു. സൂര്യ താൻ പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാനൊരുങ്ങിയപ്പോഴും അച്ഛൻ സമ്മതിച്ചാലേ താലി കെട്ടൂ എന്ന് പറഞ്ഞു. ഒറ്റയ്ക്ക് തീരുമാനം എടുത്തില്ലെന്നും ജയന്തി ചൂണ്ടിക്കാട്ടി. ശിവകുമാറും ഭാര്യയും നയിക്കുന്ന കുടുംബ ജീവിതം കണ്ട് മരുമക്കളും അത് പോലെ കുടുംബിനികളായെന്നും ജയന്തി പറയുന്നു.
ജ്യോതികയും സൂര്യയും ശിവകുമാറിന്റെ കൂട്ടുകുടുംബത്തിൽ നിന്ന് മാറി മുംബൈയിൽ താമസിക്കുന്നതിനെക്കുറിച്ചും ജയന്തി സംസാരിച്ചു. കുടുംബ വഴക്കല്ല ഇതിന് കാരണം. ജോലിയുടെ ഭാഗമായും കുട്ടികളുടെ പഠിത്തത്തിനും വേണ്ടിയാണ് അവർ താമസം മാറിയത്. ഇടയ്ക്കിടെ വരുന്നുണ്ട്. അങ്ങനെ കുടുംബം തകരാൻ അച്ഛനും അമ്മയും സമ്മതിക്കില്ല. മകനും മരുമകളും ഉത്തരവാദിത്വങ്ങൾ അറിയുന്നവരാണെന്നും ജയന്തി കണ്ണപ്പൻ വ്യക്തമാക്കി.


Click it and Unblock the Notifications