മോഹന്‍ലാലിനും വിജയിയ്ക്കുമൊപ്പം ജീവയും
പൊങ്കലിന് റിലീസാകാന്‍ പോകുന്ന തമിഴ് ചിത്രം ജില്ലയെക്കുറിച്ചാണ് തമിഴകത്തും മലയാളത്തിലുമെല്ലാം സംസാരം. വിജയും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രം 2014ലെ വന്‍ വിജയചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മോഹന്‍ലാല്‍ വ്യത്യസ്തമായ ലുക്കില്‍ നാട്ടുരാജാവ് കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വിജയും തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ഇവര്‍ രണ്ടുപേരെയും കൂടാതെ നേശന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ തമിഴകത്തെ മറ്റൊരു മുന്‍നിര താരംകൂടി ഉണ്ടെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. യുവതാരം ജീവയാണ് വിജയിയ്ക്കും ലാലിനുമൊപ്പം അതിഥി താരമായി ജില്ലയില്‍ എത്തുന്നത്. വിജയിയ്‌ക്കൊപ്പമൊരു ഗാനരംഗത്ത് ജീവ പ്രത്യക്ഷപ്പെടുമെന്നാണ് സൂചന. ജില്ലയുടെ നിര്‍മ്മാതാവായ ആര്‍ബി ചൗധരിയുടെ മകനാണ് ജീവ.

ഇതിന് മുമ്പ് വിജയിയ്‌ക്കൊപ്പം ശങ്കറിന്റെ നന്‍പന്‍ എന്ന ചിത്രത്തില്‍ ജീവ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് വിജയുടെ നായികയായി എത്തുന്നത്. ലോകത്തെമ്പാടുമായി വിവിധ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്ന ജില്ലയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











