പാലഭിഷേകവും വെടിക്കെട്ടുമായി ജില്ലയ്ക്ക് വരവേല്‍പ്പ്
മോഹന്‍ലാല്‍-വിജയ് ചിത്രം ജില്ലയ്ക്ക് രാജ്യത്തുടനീളം വന്‍ വരവേല്‍പ്പ്. തമിഴ്‌നാട്ടിലും കേരളത്തില്‍ ആവേശഭരിതമായ വരവേല്‍പ്പാണ് നേശന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ലഭിച്ചത്. ജനുവരി പത്തിന് വെള്ളിയാഴ്ച കാലത്ത് 5 മണിയോടെയാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്തത്. വെടിക്കെട്ടും പാലഭിഷേകവുമായിട്ടാണ് ആരാധകര്‍ പലകേന്ദ്രങ്ങളിലും ചിത്രത്തെ വരവേറ്റത്. കേരളത്തില്‍ മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
തമിഴ്‌നാട്ടില്‍ കാലത്ത് നാലുമണിയോടെയായിരുന്നു റിലീസ്. രാത്രി പന്ത്രണ്ട് മണിമുതല്‍ തന്നെ ആരാധകര്‍ തിയേറ്ററുകളില്‍ തടിച്ചുകൂടിയിരുന്നു. റിലീസിന് മുമ്പേതന്നെ ആരാധകര്‍ ആഘോഷപരിപാടികള്‍ തുടങ്ങുകയും ചെയ്തിരുന്നു. മധുരയിലെ നാട്ടുപ്രമാണിയായ ശിവയുടെ റോളില്‍ മോഹന്‍ലാലും ശക്തിയുടെ റോളില്‍ വിജയുമെത്തുന്നു. കാജല്‍ അഗര്‍വാളും പൂര്‍ണിമ ജയറാമും നിവേദയുമാണ് ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാതാവായ ആര്‍ബി ചൗധരിയുടെ മകനും പ്രമുഖ യുവതാരവുമായി ജീവ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്. താന്‍ ഇതുവരെ ചെയ്ത തമിഴ് ചിത്രങ്ങള്‍ എടുത്താല്‍ അവയിലെല്ലാത്തിലും ഉള്ളതിലും കരുത്തുറ്റ കഥാപാത്രത്തെയാണ് താന്‍ ജില്ലയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ലാല്‍ പറഞ്ഞു.
ആദ്യം പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് എല്ലാ ചേരുവകളുമുള്ള ഒരു തട്ടുപൊളിപ്പന്‍ ചിത്രമാണ് ജില്ല. വിജയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ക്ക് ഏറെ രസിക്കത്തക്കവിധത്തില്‍ത്തന്നെയാണ് ജില്ല ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ നേശന്‍ നേരത്തേ പറഞ്ഞിരുന്നു.
ഇതിന് മുമ്പ് പുറത്തിറങ്ങിയ വിജയ്ചിത്രമായ തലൈവയ്ക്ക് നേരിടേണ്ടിവന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ജില്ലയ്ക്കും ഉണ്ടാകുമെന്ന് ആരാധകരും അണിയറക്കാരും ഭയപ്പെട്ടുവെങ്കിലും പേരുമായി ബന്ധപ്പെട്ട നിയമപ്രശ്‌നത്തില്‍ കോടതി ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞുകൊണ്ട് ഉത്തരിവിട്ടിരുന്നില്ല. അതുകൊണ്ടുതന്നെ നേരത്തേ തീരുമാനിച്ചതുപോലെ ചിത്രം റിലീസ് ചെയ്യാനുമായി. മാത്രമല്ല വിശദവാദത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി തള്ളുകയും ചെയ്തു.


Click it and Unblock the Notifications











