ട്രെയിലറും പ്രമോഷനുമില്ലാതെ ജില്ലയെത്തും
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജില്ല. വിജയ്-മോഹന്‍ലാല്‍ കൂട്ടുകെട്ടാണ് ജില്ലയുടെ പ്രധാന ഹൈലൈറ്റ്. അതുകൊണ്ടുതന്നെ വെറുമൊരു തമിഴ് ചിത്രമായിട്ടല്ല മലയാളികള്‍ ജില്ലയെ കാണുന്നത്. തമിഴകത്തിനാണെങ്കില്‍ ഇളയദളപതിയുടെ തട്ടുപൊളിപ്പന്‍ ചിത്രമാണ് ജില്ല.
ചിത്രം ജനുവരി 10നാണ് റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പ് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ട്രെയിലര്‍ റിലീസ് ചെയ്യുന്നതും മറ്റ് പ്രമോഷണല്‍ പരിപാടികള്‍ നടത്തുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ സംവിധായകന്‍ നേശനും കൂട്ടരും ജില്ലയ്ക്ക് ഇതൊന്നും വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്.
ട്രെയിലറും, പ്രമോഷണല്‍ പരാപാടികളുമൊന്നുമില്ലാതെയാകും ജില്ലയെത്തുക. വിജയുടെ കഴിഞ്ഞ ചിത്രം തലൈവ ഉണ്ടാക്കിയ പ്രശ്‌നങ്ങളാണ് അണിയറക്കാരെ പരസ്യപരിപാടികള്‍ വേണ്ടെന്ന് തീരുമാനിയ്ക്കാന്‍ പ്രേരിപ്പിച്ചത്. ലോകത്തെമ്പാടും റിലീസ് ചെയ്തിട്ടും തലൈവ ഒരു മാസത്തോളം തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
തലൈവയുടെ ട്രെയിലര്‍ പുറത്തുവന്നതോടെയായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അതുകൊണ്ടുതന്നെ ജില്ലയുടെ റിലീസിന് മുമ്പ് പരസ്യപ്പെടുത്തല്‍ വേണ്ടെന്നാണ് തീരുമാനം. പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി ചിത്രത്തിന്റെ ഓഡിയോ റിലീസ് പോലും ഒരു ചടങ്ങായി നടത്തേണ്ടെന്ന് തീരുമാനിച്ചിരിക്കുകകയാണ്.
അതേസമയം പൊങ്കല്‍ റിലീസായി എത്തുന്ന അജിത്തിന്റെ വീരം, രജനികാന്തിന്റെ കൊച്ചടിയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം വമ്പന്‍ പ്രമോഷണല്‍ പരിപാടികളാണ് നടക്കുന്നത്. വന്‍ ഓഡിയോ ലോഞ്ചാണ് രണ്ടു ചിത്രങ്ങള്‍ക്കും തയ്യാറാക്കിയിരിക്കുന്നത്.


Click it and Unblock the Notifications












