»   » രജനിചിത്രത്തില്‍ കണ്ണും നട്ട് ജ്യോതിക

രജനിചിത്രത്തില്‍ കണ്ണും നട്ട് ജ്യോതിക

Posted By:
Subscribe to Filmibeat Malayalam

രജനിചിത്രത്തില്‍ കണ്ണും നട്ട് ജ്യോതിക

എംജിആറിനുശേഷം തമിഴ് സിനിമാപ്രേമികളുടെ ഹൃദയത്തില്‍ ഏഴൈതോഴനായി കയറിപ്പറ്റിയ സൂപ്പര്‍ സ്റാര്‍ രജനീകാന്തിനോടൊപ്പം അഭിനയിക്കാന്‍ ഏതു നടിക്കും ആഗ്രഹം കാണും. നായികയാകാന്‍ പറ്റിയില്ലെങ്കില്‍ ചെറിയൊരുവേഷത്തിലെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ അത് തങ്ങളുടെ കരിയറിനു തന്നെ ഒട്ടേറെ ഗുണം ചെയ്യുമെന്നും അവര്‍ക്കറിയാം.

ഈ കണക്കുകൂട്ടല്‍ നടത്തിക്കൊണ്ടാണെന്നു തോന്നുന്നു തമിഴില്‍ പ്രശസ്തയായിക്കൊണ്ടിരിക്കുന്ന ജ്യോതിക (അതെ ഗ്ലാമര്‍ നടി നഗ്മയുടെ അനുജത്തി തന്നെ) രജനീകാന്തിന്റെ അടുത്ത ചിത്രത്തില്‍ ഒരു വേഷം ലഭിക്കാന്‍ പെടാപ്പാടുപെടുന്നത്.

രജനിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രമായ പടയപ്പ സംവിധാനം ചെയ്ത കെ.എസ്. രവികുമാര്‍ തന്നെയാണ് രജനിയുടെ അടുത്ത ചിത്രവും സംവിധാനം ചെയ്യുകയെന്ന് വ്യക്തമായിട്ടുണ്ട്. ചിത്രത്തില്‍ നായികയായി ഐശ്വര്യാ റായിയെ കാസ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം രവികുമാര്‍ തന്റെ ദീപാവലി ചിത്രമായ തെനാലിക്കു ശേഷം മാത്രമേ രജനി ചിത്രത്തില്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തെനാലിയിലെ നായികമാരില്‍ ഒരാളായ ജ്യോതിക ഇപ്പോള്‍ രജനിചിത്രത്തില്‍ ഒരു വേഷം ലഭിക്കാന്‍ രവികുമാറിനെ സോപ്പിടുകയാണ് എന്നാണ് കേള്‍വി. ചിത്രത്തിനുവേണ്ടി ന്യൂസിലാണ്ടില്‍ വെച്ച് ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ജ്യോതിക ഇക്കാര്യം രവികുമാറിനോട് നേരിട്ടുതന്നെ സൂചിപ്പിച്ചിട്ടുണ്ട് താനും.

പക്ഷെ രവികുമാര്‍ ഉറപ്പൊന്നും കൊടുക്കാതെ ഒഴിഞ്ഞുമാറിയിരിക്കുകയാണത്രെ. രജനിയുടെ ചിത്രമാകുമ്പോള്‍ അദ്ദേഹം തന്നെയാണ് സഹനടീനടന്മാര്‍ ആരൊക്കെയാണ് എന്ന് നിശ്ചയിക്കുന്നത് എന്നാണ് ജ്യോതികക്ക് കിട്ടിയ മറുപടി. ചുരുക്കത്തില്‍ തനിക്കൊരു ഉറപ്പു നല്‍കാന്‍ കഴിയില്ലെന്ന് രവികുമാര്‍ ജ്യോതികയെ ഭംഗ്യന്തരേണ ബോധ്യപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം ഈ രജനിചിത്രം തുടങ്ങണമെങ്കില്‍ ഇനിയും കൂടുതല്‍ സമയം വേണ്ടിവരുമെന്നും സംസാരമുണ്ട്. കന്നട നടന്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയതാണ് ചിത്രം തുടങ്ങാന്‍ വൈകാനുള്ള കാരണമായി പറയുന്നത്. രാജ്കുമാറിനെ മോചിപ്പിച്ചാല്‍ മാത്രമേ രജനി പുതിയ ചിത്രത്തില്‍ അഭിനയിക്കുകയുള്ളൂ എന്നാണ് കരുതുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X