സൂര്യക്കൊപ്പം അഭിനയിക്കവെ സംവിധായകന്റെ വഴക്ക്; നടിയെയും കൂട്ടി തിരിച്ച് പോകാനൊരുങ്ങി അമ്മ; തുറന്ന് പറച്ചിൽ
മുംബൈയിൽ നിന്നെത്തി ചെന്നെെയിൽ തന്റെ കരിയറും ജീവതവും കെട്ടിപ്പടുത്ത നടിയാണ് ജ്യോതിക. സൂര്യയുമായുള്ള വിവാഹശേഷം തമിഴ്നാടിന്റെ മരുമകൾ എന്നാണ് ജ്യോതികയെ ആരാധകർ വിശേഷിപ്പിക്കുന്നത്. കരിയറിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് ജ്യോതിക വിവാഹിതയായി അഭിനയ രംഗം വിടുന്നത്. സൂര്യയുടെ ഹിറ്റ് ജോഡികളിൽ ഒരാളായിരുന്നു ജ്യോതിക. ഏഴ് സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജ്യോതിക തമിഴിൽ ചെയ്യുന്ന ആദ്യ സിനിമ സൂര്യക്കൊപ്പമാണ്. 1999 ലിറങ്ങിയ 'പൂവെല്ലാം കേട്ടുപ്പാർ' എന്ന ചിത്രമാണിത്.
സൂര്യയുടെ രണ്ടാമത്തെ സിനിമയാണിത്. സംവിധായകൻ വസന്ത് ഒരുക്കിയ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോഴിതാ പൂവെല്ലാം കേട്ടുപ്പാറിന് പിന്നിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ ഭാഗമായി പ്രവർത്തിച്ച ഫിലിം മേക്കർ മണി ഭാരതി. ജ്യോതിക ഈ സിനിമ വേണ്ടെന്ന് വെച്ച് പോകാൻ ശ്രമിച്ചിരുന്നെന്നം മണി ഭാരതി പറയുന്നു.

കാതലിക്ക് മര്യാതെ എന്ന സിനിമയുടെ ഹിന്ദി റീമേക്കിലാണ് ജ്യോതിക ആദ്യം അഭിനയിച്ചത്. ആ പടം ഫ്ലോപ്പാണ്. പിന്നീട് നഗ്മയുടെ സഹോദരി എന്ന ഐഡന്റിറ്റി വെച്ചാണ് കൊണ്ടുവരുന്നത്. ആ പടം ഓടുമെന്ന് ഞങ്ങൾക്ക് വലിയ പ്രതീക്ഷയില്ലായിരുന്നു. റിസ്കുള്ള സബ്ജക്ട് ആണ് വസന്ത് സർ എടുക്കക. സൂര്യയുടെ രണ്ടാമത്തെ സിനിമയാണത്. സൂര്യയെ വഴക്ക് പറയുന്നത് പോലെ തന്നെ ജ്യോതികയെയും സംവിധായകൻ വഴക്ക് പറയും. ഭയങ്കരമായി ദേഷ്യപ്പെടും. ജ്യോതിക കരഞ്ഞു. നടിയുടെ അമ്മ പ്രൊഡക്ഷന്റെ ആളുകളെ വിളിച്ച് സംസാരിച്ചു.
ഈ പടം ഞങ്ങൾക്ക് വേണ്ട എന്റെ മകൾ നഗ്മ ശങ്കറിന്റെ സംവിധാനത്തിൽ വരെ അഭിനയിച്ചതാണ്. അദ്ദേഹം പോലും ഇങ്ങനെയൊന്നും വഴക്ക് പറയില്ല. ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യൂ, ഞങ്ങൾ ബോംബെയിലേക്ക് തിരിച്ച് പോകുകയാണെന്ന് അമ്മ പറഞ്ഞു. പിന്നീട് കോംപ്രമൈസ് ചെയ്ത് അഭിനയിപ്പിക്കും. ഇത്തരത്തിൽ പല തവണ വസന്ത് സാറിൽ നിന്നും വഴക്ക് കേട്ട് കരഞ്ഞ് കൊണ്ടാണ് ജ്യോതിക അഭിനയിച്ചത്. പിൽക്കാലത്ത് സൂര്യയും ജ്യോതികയും വിവാഹിതരായി.

അന്ന് ഇവർ ഒരുമിക്കുമെന്ന് കരുതിയില്ല. ആ സിനിമ ചെയ്യുമ്പോൾ അവർക്കിടയിൽ പ്രണയമില്ല. എന്റെ അറിവിൽ 'കാഖ കാഖ' എന്ന സിനിമയ്ക്കിടെയാണ് അവർ പ്രണയത്തിലായതെന്നും മണി ഭാരതി പറഞ്ഞു. പൂവെല്ലാം കേട്ടുപ്പാറിൽ അഭിനയിക്കുമ്പോൾ സൂര്യ മുൻനിര താരമല്ല. കാഖ കാഖ എന്ന സിനിമയാണ് നടന് കരിയറിൽ വഴിത്തിരിവാകുന്നത്. ജ്യോതികയുമായി നടൻ പ്രണയത്തിലുമായി.
വിവാഹത്തിന് സൂര്യയുടെ വീട്ടുകാർ സമ്മതിക്കാൻ ഇരുവർക്കും കുറച്ച് കാലം കാത്തിരിക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ സൂര്യയെക്കുറിച്ച് ജ്യോതിക സംസാരിക്കുകയുണ്ടായി. സൂര്യയെ ആദ്യം കണ്ടപ്പോൾ എന്തുകൊണ്ടാണ് ഈ ഹീറോ അധികം സംസാരിക്കാത്തതെന്ന് ചിന്തിച്ചു. ഇപ്പോഴും തനിക്കാ ചിന്തയുണ്ട്. വളരെ കുറച്ച് മാത്രം സംസാരിക്കുന്ന പ്രകൃതമാണ് സൂര്യയുടേതെന്ന് ജ്യോതിക വ്യക്തമാക്കി.
സൂര്യയെ വിവാഹം ചെയ്യുമ്പോൾ തമിഴ് സംസാരിക്കാൻ അറിയില്ല. സൂര്യയുടെ കുടുംബവുമായി പെട്ടെന്ന് അടുത്തെന്നും ഈ കുടുംബത്തിൽ നിന്നും താനൊരുപാട് കാര്യങ്ങൾ പഠിച്ചെന്നും ജ്യോതിക വ്യക്തമാക്കി. 2015 ലാണ് അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. അടുത്തിടെ പുറത്തിറങ്ങിയ കാതൽ എന്ന സിനിമയിൽ ജ്യോതിക ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications











