കാലയ്‌ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തം! ബാംഗ്ലൂരിലെ വിതരണക്കാരുടെ ഓഫീസിനു നേരെ ആക്രമണം!!
കാലയുടെ കര്‍ണാടകയിലെ പ്രദര്‍ശനത്തിന് പ്രത്യേക സുരക്ഷയൊരുക്കണമെന്ന ഹൈക്കോടതി വിധി വന്നതിനു പിന്നാലെ പ്രതിഷേധവുമായി കന്നഡ സംഘടനകള്‍. ചിത്രത്തിന്റെ ബാംഗ്‌ളൂരിലുളള വിതരണക്കാരുടെ ഓഫീസ് തകര്‍ത്താണ് തീവ്ര കന്നഡ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഓഫീസ് അടിച്ചു തകര്‍ത്തും ചിത്രത്തിന്റെ പോസ്റ്ററുകള്‍ വലിച്ചു കീറിയുമാണ് ഇവര്‍ പ്രതിഷേധവുമായി എത്തിയത്.
നേരത്തെ കാവേരി വിഷയത്തില്‍ രജനികാന്തിന്റെ പരാമര്‍ശം കന്നഡ സംഘടനകളെ ചൊടിപ്പിച്ചിരുന്നു. സുപ്രീം കോടതി വിധി പ്രകാരം തമിഴ്‌നാടിന് അനുകൂലമായ വെള്ളം കര്‍ണാടക വിട്ടുതരണമെന്ന രജനിയുടെ പരമാര്‍ശമായിരുന്നു കന്നഡ സംഘടനകളെ ചൊടിപ്പിച്ചിരുന്നത്. തുടര്‍ന്ന് കാലയുടെ റിലീസ് കര്‍ണാടകത്തില്‍ തടയുമെന്ന് പറഞ്ഞ് ഇവര്‍ രംഗത്തെത്തുകയായിരുന്നു.

കാലയുടെ കര്‍ണാടകയിലെ പ്രദര്‍ശനം നേരത്തെ അനിശ്ചിതത്വത്തിലായിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി വിധി വന്നത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശ്വാസമായിരുന്നു. കാല പ്രദര്‍ശിപ്പിക്കുന്നതിനായി മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പറഞ്ഞാണ് കര്‍ണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നത്.ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറുളള തിയ്യേറ്ററുകളുടെ പട്ടിക തയ്യാറാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

രജനികാന്ത് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ചിത്രത്തിന് അനുകൂലമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് നരേന്ദറാണ് കേസില്‍ വാദം കേട്ടിരുന്നത്. അതേസമയം കോടതി വിധിയെ മാനിക്കുമെന്നും ചിത്രത്തിന് ആവശ്യമായ സുരക്ഷയൊരുക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചിരുന്നു. എന്നാല്‍ കാലയ്ക്കു നേരെയുണ്ടായ പ്രതിഷേധം നാളത്തെ റിലീസ് വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ന് നടന്നതു പോലെയുളള പ്രതിഷേധം നാളെയുമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.


Click it and Unblock the Notifications