ദളപതിയുടെ മാസ്റ്റര്‍ ട്രെയിലര്‍ മരണ മാസായിരിക്കുമെന്ന് കൈദി വില്ലന്‍! ആരാധകര്‍ ആവേശത്തില്‍
ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. വിജയ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് മാസ്റ്ററിലെ പാട്ടുകള്‍ ഒരുക്കിയത്. എപ്രില്‍ ഒമ്പതിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ലോക് ഡൗണ്‍ കാരണം നീട്ടിവെക്കുകയായിരുന്നു.
മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് ഇക്കഴിഞ്ഞ മാര്‍ച്ച് മാസമായിരുന്നു നടന്നത്. ഓഡിയോ ലോഞ്ചിന് പിന്നാലെ സിനിമയുടെ ട്രെയിലറിനായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാസ്റ്റര്‍ ട്രെയിലറിനെക്കുറിച്ച് ചിത്രത്തിലെ താരമായ അര്‍ജുന്‍ ദാസ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കാര്‍ത്തിയുടെ കൈദി എന്ന ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയനായ താരമാണ് അര്‍ജുന്‍ ദാസ്. ആറ് തവണ മാസ്റ്ററിന്റെ ട്രെയിലര്‍ താന്‍ കണ്ടുകഴിഞ്ഞതായി അര്‍ജുന്‍ ദാസ് പറയുന്നു. മരണ മാസ് ട്രെയിലറാണ് മാസ്റ്ററിന്റത്. ദളപതി വിജയ് സര്‍ ട്രെയിലറില്‍ പറയുന്ന ഒരു ഡയലോഗ് ആരാധകരെ ആവേശഭരിതരാക്കുമെന്ന കാര്യം ഉറപ്പാണ്, അര്‍ജുന്‍ ദാസ് പറഞ്ഞു.

മലയാളി താരം ആന്റണി വര്‍ഗീസിന് പകരമാണ് അര്‍ജുന്‍ ദാസ് വിജയ് ചിത്രത്തിലേക്ക് എത്തിയത്. വിജയ് കോളേജ് അധ്യാപകനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. മാളവിക മോഹനന്‍ നായികയാവുന്ന ചിത്രത്തില്‍ ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയാഹ്, ഗൗരി കിഷന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ബിഗിലിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് തമിഴ് സൂപ്പര്‍ താരത്തിന്റെ പുതിയ ചിത്രം ഒരുങ്ങുന്നത്. മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കഴിഞ്ഞ ദിവസം വീണ്ടും പുനരാരംഭിച്ചിരുന്നു. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്യാന്‍ അനുമതി ലഭിച്ചതിനാല്‍ അത് പൂര്‍ത്തിയാക്കാനുളള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

ദളപതി വിജയും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. വിജയുടെ മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ഒരു സിനിമയായിരിക്കും മാസ്റ്ററെന്ന് സംവിധായകന്‍ തന്നെ നേരത്തെ അറിയിച്ചിരുന്നു. ഇത്തവണ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായിട്ടാണ് നടന്‍ എത്തുന്നത്. മാസ്റ്ററിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. സിനിമ വിജയുടെ ജന്മദിനത്തില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ വൈറസ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ റിലീസ് വീണ്ടും നീട്ടിവെക്കാനാണ് സാധ്യത.


Click it and Unblock the Notifications











