'ലിവിങ് റിലേഷൻ മതിയെന്ന തീരുമാനത്തിന് പിന്നിൽ ആ കാരണമായിരുന്നു'; കമലിനും ഗൗതമിക്കും ഇടയിൽ സംഭവിച്ചത്!
ഉലകനായകൻ, പരമക്കുടി ഭഗവാൻ, ആൽവാർപ്പേട്ട ആണ്ടവൻ, സകലകലാവല്ലഭൻ തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് നടൻ കമൽഹാസന്. വർഷങ്ങളുടെ അനുഭവസമ്പത്ത് സിനിമയുടെ എല്ലാ മേഖലയുമായി ബന്ധപ്പെട്ട് താരത്തിനുണ്ട്. സൗത്ത് ഇന്ത്യയിലെ ഏത് ഭാഷയും അനായാസമായി സംസാരിക്കും. കമലിനെപ്പോലെ സിനിമയെന്ന കലയോട് ഇത്രയേറെ ആത്മബന്ധം പുലർത്തുന്ന മറ്റൊരു നടനുണ്ടോയെന്ന് സംശയമാണ്.
അദ്ദേഹത്തോടൊപ്പം സിനിമയിൽ എത്തിയവരും യുവ തലമുറയും വരെ കമൽഹാസനെയാണ് മാതൃകയാക്കുന്നത്. വര്‍ഷമിത്ര കഴിഞ്ഞിട്ടും ഏത് നിര്‍വചനത്തില്‍ ഈ നടനെ നിര്‍ത്തുമെന്ന ചോദ്യത്തിന് സിനിമാലോകത്തിനോ സിനിമാ പ്രേമികള്‍ക്കോ ഉത്തരമില്ല.
നടന്റെ കലാപരമായ കഴിവുകളെ വാനോളം പുകഴ്ത്തുന്നവർക്ക് വരെ എതിർപ്പുള്ളത് അദ്ദേഹം സ്വകാര്യ ജീവിതത്തിൽ ചെയ്ത ചില പ്രവൃത്തികളോടാണ്. അറുപത്തിയെട്ട് വയസിനിടെ കമലിന്റെ ജീവിതത്തിൽ നിരവധി സ്ത്രീകൾ വന്ന് പോയിട്ടുണ്ട്. നടി ഗൗതമിയുമായുള്ള ലിവിങ് റിലേഷൻഷിപ്പ് അവസാനിപ്പിച്ച ശേഷം താരത്തിന്റെ ജീവിതത്തിൽ പ്രണയമോ വിവാഹമോ ഉണ്ടായിട്ടില്ല.

2016ലാണ് കമൽ ഹാസനുമായുള്ള ലിവിങ് റിലേഷൻഷിപ്പ് അവസാനിപ്പിക്കുകയാണെന്ന് ഗൗതമി അറിയിച്ചത്. നടനുമായി വേർപിരിയാനുള്ള കാരണങ്ങൾ ഗൗതമി വെളിപ്പെടുത്തിയില്ല. ഹൃദയം തകരുന്ന വേദനയിലാണ് കമലുമായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് നടി പറഞ്ഞിരുന്നു. കമലും ഗൗതമിയും 13 വർഷം റിലേഷനിലായിരുന്നു.
ഗൗതമിയുടെ ആദ്യ വിവാഹത്തിലെ മകൾ സുബ്ബലക്ഷ്മിയും ഇരുവർക്കും ഒപ്പം താമസിച്ചിരുന്നു. കമലുമായുള്ള വേർപിരിയൽ വളരെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും ഇരുവരും വേർപിരിയലിനെ പക്വതയോടെ നേരിടാനാണ് തീരുമാനിച്ചതെന്നും ഗൗതമി പറഞ്ഞു.
താനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതാണ് ഗൗതമിക്ക് ആശ്വാസം നൽകുകയെന്ന് മനസിലാക്കിയത് കൊണ്ടാണ് പിരിയാൻ തീരുമാനിച്ചതെന്നും കമൽ വെളിപ്പെടുത്തിയിരുന്നു. ഗൗതമിയും കമലും ആദ്യമായി കണ്ടുമുട്ടിയത് 1989ൽ അപൂർവ സഗോദരങ്ങൾ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ്. ആ സിനിമ വലിയ ഹിറ്റായിരുന്നു. അന്നുമുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളായി.
സിനിമയിലേക്ക് വരുന്നതിന് മുമ്പ് താൻ കമൽഹാസന്റെ കടുത്ത ആരാധികയായിരുന്നുവെന്ന് ഗൗതമി വെളിപ്പെടുത്തിയിരുന്നു. സരികയെ വിവാഹം കഴിച്ച സമയത്ത് കമൽ ഗൗതമിയുമായി പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഗൗതമിയുടെ സാന്നിധ്യം ഇരുവരുടേയും വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമായതോടെ 2004ൽ സരിക വിവാഹമോചനം നേടി. തുടർന്ന് 2005ൽ കമലും ഗൗതമിയും തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ച് താമസിക്കാൻ പോവുകയാണെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവാഹം എന്ന കാഴ്ചപ്പാടിൽ ഇരുവർക്കും വിശ്വാസമില്ലാതിരുന്നതിനാലാണ് ലിവിങ് റിലേഷൻ തെരഞ്ഞെടുത്തത്.
അതിനിടെ കമലിന്റെ പേരിനൊപ്പം നടി സിമ്രാന്റെ പേരും ചേർത്ത് ഗോസിപ്പുകൾ വരാൻ തുടങ്ങി. പിന്നീട് കുറച്ച് മാസങ്ങൾ ശേഷം സിമ്രാൻ-കമൽ ബന്ധം ചർച്ച ചെയ്യപ്പെടാതെയായി. 2015ൽ പുറത്തിറങ്ങിയ പാപനാശത്തിലാണ് ഗൗതമിയും കമലും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.
കമൽഹാസനുമായി പിരിഞ്ഞശേഷം ഗൗതമി ചില ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. 'എന്റെ കഷ്ടപ്പാടുകള്‍ തുറന്ന് പറഞ്ഞാല്‍ അത് മറ്റൊരാള്‍ക്ക് ഉപകാരപ്പെടും. എന്റെ ജീവിതത്തിലെ ചില പാഠങ്ങള്‍ പറഞ്ഞാല്‍ ആയിരം പേരില്‍ ഒരാള്‍ക്ക് മനസിലായാല്‍ അത്രയും നല്ലതല്ലേ?. ചെയ്ത ജോലിക്ക് പോലും കമല്‍ഹാസന്‍ സാലറി തന്നിരുന്നില്ലെന്നാണ്', ഗൗതമി ആരോപിച്ചത്. കമല്‍ഹാസന്റെ സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തതിന്റെ ശമ്പളമാണ് തനിക്ക് കിട്ടാതിരുന്നതെന്നും താരം പറഞ്ഞിരുന്നു.
കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസനും ഗൗതമിയും തമ്മിലുളള പ്രശ്‌നങ്ങളും വേര്‍പിരിയലിന് കാരണമായെന്നും അഭ്യൂഹങ്ങള്‍ അക്കാലത്ത് പരന്നിരുന്നു. എന്നാല്‍ ഈ ആരോപണത്തെ ഗൗതമി നിഷേധിച്ചു. പ്രശ്‌നത്തില്‍ മക്കള്‍ക്ക് പങ്കില്ലെന്നാണ് താരം പറഞ്ഞത്.


Click it and Unblock the Notifications