മമ്മൂട്ടിയും രജനിയും ഒന്നിച്ച ആ ഹിറ്റ് ചിത്രത്തിന്റെ പേര് നല്ലതല്ലെന്ന് കമല്‍ പറഞ്ഞു! സംഭവം ഇങ്ങനെ
രജനീകാന്തും മമ്മൂട്ടിയും ഒന്നിച്ച ദളപതി തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ സിനിമകളിലൊന്നാണ്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മല്‍സരിച്ചുളള അഭിനയ പ്രകടനമായിരുന്നു ഇരുവരും കാഴ്ചവെച്ചത്. സൂര്യയായി രജനി എത്തിയ ചിത്രത്തില്‍ ദേവരാജ് എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിച്ചത്.
റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന ചിത്രം കൂടിയാണ് ദളപതി. രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കും തുല്ല്യ പ്രാധാന്യമുളള റോളുകളാണ് മണിരത്‌നം നല്‍കിയിരുന്നത്. 1991ലായിരുന്നു ദളപതി റിലീസ് ചെയ്തത്. ദളപതി തന്റെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് എന്ന് രജനീകാന്ത് പലപ്പോഴും പറയാറുണ്ട്.

ഒരു മാസ് ഹീറോ എന്നതിലുപരി അഭിനയ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ തലൈവര്‍ അവതരിപ്പിച്ചിരുന്നത്. ദളപതിയെക്കുറിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുവരുടെയും ഗുരുനാഥനായ കെ ബാലചന്ദറിന്റെ അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കമല്‍ഹാസന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് രജനി കമലിനോട് പുതിയ സിനിമയെക്കുറിച്ച് പറഞ്ഞത്.

മണിരത്‌നമാണ് സംവിധായകനെന്നും മമ്മൂട്ടിയും ചിത്രത്തില്‍ എത്തുമെന്നും രജനി പറഞ്ഞതായി കമല്‍ പറയുന്നു. പടത്തിന്റെ പേര് വളരെ മികച്ചതാണെന്നും രജനി അഭിമാനത്തോടെ പറഞ്ഞു. കല്യാണ മേളത്തിനിടയ്ക്കാണ് ഈ ചര്‍ച്ച. തുടര്‍ന്ന് കമല്‍ സിനിമയുടെ പേര് എന്താണെന്ന് അന്വേഷിച്ചിരുന്നു. ദളപതി എന്ന് രജനി മറുപടിയും നല്‍കി.

എന്നാല്‍ കമല്‍ഹാസന്‍ കേട്ടത് ഗണപതി എന്നാണ്. പേര് കേട്ടതും ഇത്ര നല്ല കഥയുളള സിനിമയ്ക്ക് ഇങ്ങനെയൊരു പേര് വേണോ എന്ന് കമല്‍ ചോദിക്കുകയായിരുന്നു. ഇത് കേട്ട് രജനിയും അസ്വസ്ഥനായി, തുടര്‍ന്ന് നല്ല പേരാണല്ലോ എന്ന് രജനി കമലിനോട് പറഞ്ഞു. ഇത് അത്ര നല്ല പേരല്ലെന്ന് വീണ്ടും പറഞ്ഞ കമല്‍ സിനിമയ്ക്ക് ചേരില്ലെന്നും വിനായക ചതുര്‍ത്ഥി പോലെ തോന്നുമെന്നും പറഞ്ഞു.

തുടര്‍ന്ന് കാര്യം പിടികിട്ടിയ രജനീകാന്ത് ചിത്രത്തിന്റെ പേര് ദളപതി എന്നാണ് എന്ന് വീണ്ടും പറയുകയായിരുന്നു. ദളപതി എന്ന പേര് കേട്ടതോടെ ചിരിച്ചുകൊണ്ട് ക്ഷമിക്കണം ഗണപതി എന്നാണ് കേട്ടതെന്ന് കമല്‍ പറഞ്ഞു. ദളപതി എന്ന പേര് ഗംഭീരമാണെന്ന് തുടര്‍ന്ന് കമല്‍ഹാസന്‍ പറയുകയായിരുന്നു. ഇക്കാര്യം വേദിയിലും സദസിലു ഇരുന്നവരില്‍ ചിരിയുണര്‍ത്തിയിരുന്നു.
വര്‍ഷങ്ങളായുളള സൗഹൃദം ഇപ്പോഴും നല്ല രീതിയില്‍ കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് കമല്‍ഹാസനും രജനീകാന്തും.


Click it and Unblock the Notifications











