ബിഗ് ബോസിന്റെ അവതാരകനാകാൻ കഴിയില്ല, തീരുമാനമറിയിച്ച് കമൽ ഹാസൻ; പകരമെത്തുക ഇവരിൽ ആര്?
ബിഗ് ബോസ് തമിഴ് ഏഴാം സീസൺ തുടങ്ങാനിരിക്കെ പുതിയ തീരുമാനവുമായി കമൽ ഹാസൻ. എട്ടാം സീസണിന് അവതാരകനായി കമൽ ഹാസൻ എത്തില്ല. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. സിനിമകളുടെ തിരക്ക് കാരണമാണ് ഇത്തവണ കമൽ മാറി നിൽക്കുന്നത്. 2017 ൽ ബിഗ് ബോസ് തമിഴ് സീസൺ തുടങ്ങിയത് മുതൽ കമൽ ഹാസനായിരുന്നു ഷോയുടെ അവതാരകൻ. ഏഴാം സീസൺ വരെയും മികച്ച രീതിയിൽ കമൽ ഹാസൻ ബിഗ് ബോസ് മുന്നോട്ട് കൊണ്ട് പോയി.
ഇത്തവണ മാറി നിൽക്കുന്നതിൽ വിഷമമുണ്ടെന്നാണ് താരം പറയുന്നത്. 'പ്രിയ പ്രേക്ഷകരെ, ഏഴ് വർഷം മുമ്പ് ആരംഭിച്ച നമ്മുടെ യാത്രയിൽ നിന്നും ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് ഹൃദയ ഭാരത്തോടെ ഞാൻ അറിയിക്കുന്നു. നേരത്ത കമ്മിറ്റ് ചെയ്ത് സിനിമാ തിരക്കുകൾ കാരണം വരാനിരിക്കുന്ന ബിഗ് ബോസ് തമിഴ് സീസണിന് അവതാരകനാകാൻ എനിക്ക് കഴിയില്ല'

'നിങ്ങളുടെ വീടുകളിലേക്ക് എത്താനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. നിങ്ങളുടെ സ്നേഹം എന്നിലേക്ക് ചൊരിഞ്ഞു. അതിന് എപ്പോഴും എനിക്ക് നന്ദിയുണ്ട്. മത്സരാർത്ഥികൾക്കായുള്ള നിങ്ങളുടെ ആവേശം നിറഞ്ഞ പിന്തുണയാണ് ബിഗ് ബോസ് തമിഴിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ടെലിവിഷൻ റിയാലിറ്റി ഷോയാക്കിയത്,' കമൽ ഹാസൻ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നതിങ്ങനെ.
ഷോ സംപ്രേഷണം ചെയ്യുന്ന വിജയ് ടിവിയുടെ ടീമിനും അണിയറ പ്രവർത്തകർക്കും കമൽ പ്രസ്താവനയയിൽ നന്ദി അറിയിക്കുന്നുണ്ട്. പുതിയ സീസണും വിജയമാകുമെന്ന് തനിക്കുറപ്പുണ്ടെന്നും താരം വ്യക്തമാക്കി. കമൽ ഹാസന് പകരം ബിഗ് ബോസ് അവതാരകനായി ആരെത്തുമെന്ന ചോദ്യം ആരാധകർക്കുണ്ട്. ബിഗ് ബോസിന്റെ എല്ലാം ഭാഷകളിലും അവതാരകരായെത്തുന്നത് സൂപ്പർ താരങ്ങളാണ്.

മലയാളത്തിൽ മോഹൻലാൽ അവതാരകനായെത്തുമ്പോൾ ഹിന്ദിയിൽ സൽമാൻ ഖാനും തെലുങ്കിൽ നാഗാർജുനയും അവതാരകരായി. കന്നഡയിൽ നടൻ സുദീപ് ആണ് ബിഗ് ബോസ് അവതാരകൻ. തമിഴിൽ കമൽ ഹാസന് പകരം ഇദ്ദേഹത്തെ പോലെ താരപ്രഭയുള്ള മറ്റാെരു നടനെ അവതാരകനായി ലഭിക്കേണ്ടതുണ്ട്.
ബിഗ് ബോസിന്റെ അഞ്ചാം സീസണിലെ കുറച്ച് എപ്പിസോഡുകളിൽ കമൽ ഹാസന് പകരം താൽക്കാലികമായി നടി രമ്യ കൃഷ്ണൻ അവതാരകയായി എത്തിയിരുന്നു. കമലിന് കൊവിഡ് പിടിപെട്ട സാഹചര്യത്തിലാണ് രമ്യ എത്തിയത്. രമ്യ കൃഷ്ണന്റെ എപ്പിസോഡുകൾക്ക് അന്ന് സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഈ സീസണിലേക്ക് മാത്രമായി ഒരു പക്ഷെ രമ്യ കൃഷ്ണൻ തന്നെ അവതാരകയായി എത്താൻ സാധ്യതയുണ്ട്. നടൻമാരായ ചിമ്പു, വിജയ് സേതുപതി എന്നിവരിൽ ഒരാൾ അവതാരകനായി എത്തിയേക്കുമെന്നും അഭ്യൂഹമുണ്ട്. അതേസമയം വിജയ് ടിവിയുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം 130 കോടി രൂപയാണ് ബിഗ് ബോസ് തമിഴിന്റെ ഏഴാം സീസണിന് അവതാരകനാകാൻ കമൽ ഹാസൻ വാങ്ങിയ പ്രതിഫലം.


Click it and Unblock the Notifications