എന്റെ മകള്‍ അങ്ങനെയാവുമോ എന്ന പേടിയുണ്ടായിരുന്നു! ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ലെന്ന് കമല്‍ ഹാസൻ
ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നടന്മാരില്‍ ഒരാളാണ് കമല്‍ ഹാസന്‍. തെന്നിന്ത്യന്‍ സിനിമാലോകത്താണ് സജീവമായതെങ്കിലും ലോകം മുഴുവന്‍ ആരാധകരുള്ള നടനാണ് അദ്ദേഹം. സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയം കണ്ട് ഉലകനായകന്‍ എന്ന വിശേഷണം പോലും ലഭിച്ചിരുന്നു. അതേ സമയം താന്‍ ജീവിതത്തിലെങ്ങനെയാണ് എന്നതിനെ കുറിച്ച് നടന്‍ സംസാരിച്ച കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍. വിവിധ ഭാഷകളില്‍ അഭിനയിക്കുമെങ്കിലും തനിക്ക് ആ ഭാഷകളൊക്കെ എഴുതാനോ വായിക്കാനോ കാര്യമായി അറിയില്ല. തമിഴ് പോലും കാര്യമായി വായിച്ചിച്ചിട്ടില്ലെന്നാണ് നടന്‍ പറയുന്നത്. തന്റെ വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിച്ച താരം തന്നെ മകളും ആയി പോകുമോ എന്ന് ഭയന്നിരുന്നുവെന്നും വെളിപ്പെടുത്തുന്നു.

ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ആളാണ്. തമിഴ് പോലും ഞാന്‍ ശരിക്കും വായിച്ചിട്ടില്ല. എല്ലാം തന്നെ കേട്ട് പഠിച്ചതാണ്. നല്ല സുഹൃത്തുക്കളും ഗുരുക്കളെയും എനിക്ക് കിട്ടി. അങ്ങനെയാണ് അഭിനയത്തിലേക്കും സിനിമയിലേക്കുമൊക്കെ തനിക്കിങ്ങനെ വരാന്‍ സാധിച്ചതെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്.
നിങ്ങളെ അതുപോലെ അനുകരിക്കുന്ന വേറെ ആരെങ്കിലും വീട്ടില്‍ ഉണ്ടോ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. 'എന്നെ അനുകരിച്ച് അതുപോലെ ആരും ആവാന്‍ പാടില്ല. എന്റെ മകളും അങ്ങനെയാവുമോ എന്നൊരു പേടി എനിക്ക് ഉണ്ടായിരുന്നു. ഏത് രീതിയില്‍ നോക്കിയാലും ഇമിറ്റേഷന്‍ നല്ലതല്ലെന്നാണ് എനിക്ക് പറയാനുള്ളത്.
എല്ലാവരും അവനവനായി മാറുകയാണ് വേണ്ടത്. കേരളത്തില്‍ നോക്കുവാണെങ്കില്‍ ഒത്തിരി മിമിക്രി ആര്‍ട്ടിസ്റ്റുകളുണ്ട്. അവരെല്ലാം മറ്റൊരാളെ അനുകരിക്കുകയാണ്. ഭയങ്കര ടാലന്റുള്ള ആളുകളാണ്. കാരണം മറ്റൊരാളുടെ രീതികളും സംസാരവുമൊക്കെ ഗ്രഹിക്കുന്നത് ആര്‍ക്കും സാധിക്കാത്ത ലെവലിലാണ്. അവര്‍ അവരായി നിന്ന് അഭിനയിക്കുകയാണെങ്കില്‍ വലിയ താരങ്ങളായി മാറിയേക്കുമെന്നാണ് എനിക്ക് തോന്നുന്നതെന്നും' കമല്‍ കൂട്ടിച്ചേര്‍ത്തു.

ഓരോ സിനിമയിലും വ്യത്യസ്തനായി അഭിനയിക്കുന്നതിന്റെ കാരണവും കമല്‍ ഹാസന്‍ വെളിപ്പെടുത്തി. നിങ്ങളിങ്ങനെ വേഷം കെട്ടുന്നത് എന്തിനാണെന്നാണ് ചിലര്‍ എന്നോട് ചോദിക്കുന്നത്. ഞാനൊരു നടനായത് കൊണ്ട് മാത്രമല്ല, ഞാനാദ്യം പ്രേക്ഷകനാണ്. എനിക്ക് എന്റെ മുഖം സ്ഥിരമായി ഒരേ രീതിയില്‍ കണ്ടോണ്ട് ഇരിക്കുന്നത് ബോറായിട്ടാണ് ഫീല്‍ ചെയ്യുന്നത്. അതുകൊണ്ടാണ് പുതിയ വേഷങ്ങള്‍ കെട്ടാന്‍ കാരണം. ശമ്പളത്തിന് വേണ്ടി മാത്രം ആരും ഈ മണ്ടത്തരം കാണിക്കില്ല.
എന്നെക്കാളും ഹിറ്റ് സിനിമകളും പണവുമൊക്കെ ഉണ്ടാക്കുന്ന ആളുകളുണ്ട്. പക്ഷേ എനിക്ക് അവന്‍ നല്ല നടനാണെന്നും മറ്റും എന്നെ കുറിച്ച് ആളുകള്‍ നല്ലത് പറയുന്നത് കേള്‍ക്കാനാണ് താല്‍പര്യം. അതിനൊപ്പം നല്ലത് പോലെ പൈസയും എനിക്ക് കിട്ടാറുണ്ട്. അതിനെ കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ ഇന്‍കം ടാക്‌സ് കെട്ടേണ്ടി വന്നേക്കും.
സിനിമയിൽ അഭിനയിക്കുന്നതിന് ഒരു ലക്ഷം രൂപ കിട്ടുന്ന കാലത്ത് കഥാപാത്രത്തിന് വേണ്ടി മൂക്ക് എടുത്ത് മാറ്റണമെന്ന് പറഞ്ഞാൽ ഞാൻ അതും ചെയ്യുമെന്ന് ചെറിയ പ്രായത്തിൽ കൂട്ടുകാരോട് പറയുമായിരുന്നു. ഒരു സമയം ഒരു ചിത്രം മാത്രമേയുള്ളു. ആ ഒരു ലക്ഷം മറികടന്നിട്ട് വർഷങ്ങളായി. ഇപ്പോൾ കോടികളാണ് കിട്ടുന്നത്. എന്നിട്ടും അത് ചെയ്തില്ലെങ്കിൽ ഒരു ക്രൈം ആണെന്നും കമൽ ഹാസൻ പറയുന്നു.


Click it and Unblock the Notifications











