കമല്‍ ഹാസന്റെ സിനിമയ്ക്ക് കിട്ടിയത് 17 വെട്ട്! വിശ്വരൂപത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുമോ?
ഒരു സിനിമയുടെ ജീവന്‍ തന്നെ ഇല്ലാതാക്കി കളയുന്ന നടപടികള്‍ പലപ്പോഴും സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയിലൂടെ കാണാന്‍ കഴിയും. മലയാളത്തില്‍ അടുത്തിടെ ആഭാസം എന്ന സിനിമയും സെന്‍സര്‍ ബോര്‍ഡിന്റെ വലിയ നിയമനടപടികള്‍ നേരിടേണ്ടി വന്നിരുന്നു. പോരാട്ടത്തിനൊടുവില്‍ സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയായിരുന്നു.
കമല്‍ ഹാസന്‍ സംവിധാനം ചെയ്യുന്ന വിശ്വരൂപം 2 വിനാണ് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിയമക്കുരുക്കില്‍പ്പെട്ട് സിനിമയിലെ നിരവധി രംഗങ്ങളും ഒഴിവാക്കേണ്ടതായി വന്നത്. മേയ് 2 ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇനിയും റിലീസ് എന്നാണെന്നുള്ളതിനെ കുറിച്ച് വ്യക്തമായിട്ടില്ല.

വിശ്വരൂപം
2013 ല്‍ കമല്‍ ഹാസന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു വിശ്വരൂപം. സംവിധാനത്തിനൊപ്പം ചിത്രത്തില്‍ നായകനായി അഭിനയിച്ചതും കമല്‍ ഹാസനായിരുന്നു. തമിഴിലും ഹിന്ദിയിലും നിര്‍മ്മിച്ച ഒരു സ്‌പൈ ത്രില്ലറായിരുന്നു വിശ്വരൂപം. രാഹുല്‍ ബോസ്, ശേഖര്‍ കപൂര്‍, പൂജ കുമാര്‍, ആന്‍ഡ്രിയ ജെറേമിയ, ജയ്ദീപ് തുടങ്ങിയവരായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്ന സിനിമ മുടക്ക് മുതലിന്റെ ഇരട്ടി കളക്ഷനായിരുന്നു ബോക്‌സോഫീസില്‍ നിന്നും വാരിക്കൂട്ടിയിരുന്നത്.

വിശ്വരൂപം 2
സിനിമയുടെ രണ്ടാം ഭാഗമായി വിശ്വരൂപം 2 വരികയാണ്. ഈ സിനിമയും കമല്‍ ഹാസന്റെ സംവിധാനത്തില്‍ തന്നെയാണ് എത്തുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കടുത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിന് ശേഷമായിരുന്നു സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുത്തിരിക്കുന്നത്. സിനിമയിലെ പതിനേഴ് രംഗങ്ങള്‍ കട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കമല്‍ ഹാസനോ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരോ ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

തമിഴ്‌നാട്ടിലെ പ്രതിഷേധം
വിശ്വരൂപത്തിനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം നടന്നിരുന്നു. തീവ്രവാദ വിരുദ്ധ യുദ്ധത്തിന്റെ മറവില്‍ മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ രംഗത്ത് വന്നിരുന്നത്. ഇവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം രണ്ടാഴ്ചത്തേക്ക് തടഞ്ഞിരുന്നു. സിനിമ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ വീണ്ടും എഡിറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശം വരെ ജയലളിത സര്‍ക്കാര്‍ ചെയ്തിരുന്നു. തന്റെ സിനിമയ്ക്ക് നേരെ ഭീകരവാദമാണ് നടത്തിയതെന്ന് കമല്‍ ഹാസനും ആരോപിച്ചിരുന്നു.

വീണ്ടും പ്രശ്‌നത്തില്‍
ആദ്യഭാഗം ഇത്രയധികം പ്രശ്‌നത്തില്‍ നിന്നും പ്രദര്‍ശനത്തിനെത്തിയതിന് ശേഷം ഹിറ്റായിരുന്നു. അതേ സിനിമയുടെ രണ്ടാം ഭാഗമെത്തിയപ്പോള്‍ അതും പ്രതിസന്ധിയിലായിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്ന പതിനേഴ് രംഗങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ചോ സിനിമയുടെ റിലീസിനെ കുറിച്ചോ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയില്‍ ആദ്യ സിനിമയിലെ താരങ്ങള്‍ തന്നെയാണ് അണിനിരക്കുന്നത്.


Click it and Unblock the Notifications











