ചേട്ടന് വേണ്ടി വില്ലന്‍ വേഷവും സ്വീകരിക്കും! സൂര്യയ്ക്കൊപ്പമുള്ള ചിത്രത്തെക്കുറിച്ച് കാര്‍ത്തി!
തമിഴകത്തിന്റെ സ്വന്തം താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. നിര്‍മ്മാതാവും അഭിനേതാവുമായ ശിവകുമാറിന്റെ മക്കളും മരുമകളും തമിഴകത്തിന് ഏറെ പ്രിയപ്പെട്ടവരാണ്. പിതാവിന് പിന്നാലെയായി സിനിമയിലേക്കെത്തുമെന്നോ ഭാവിയില്‍ അറിയപ്പെടുന്ന താരങ്ങളായി മാറുമെന്നോയെന്നൊന്നും കരുതിയിരുന്നില്ലെന്ന് മുന്‍പ് സൂര്യ പറഞ്ഞിരുന്നു. സിനിമയിലെ തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളായിരുന്നില്ല അദ്ദേഹത്തെ കാത്തിരുന്നത്. അന്ന് വിമര്‍ശിച്ചവരില്‍ പലരും പില്‍ക്കാലത്ത് താരത്തിന്റെ വളര്‍ച്ച കണ്ട് സ്തബ്ധരായി എന്നുള്ളത് മറ്റൊരു കാര്യം.
സൂര്യയ്ക്ക് പിന്നാലെയായാണ് കാര്‍ത്തിയും സിനിമയില്‍ അരങ്ങേറിയത്. തുടക്കത്തില്‍ താരപുത്രന്‍ ഇമേജായിരുന്നുവെങ്കിലും അത് മറികടന്ന് തന്റേതായ ഇടെ നേടിയെടുത്ത് മുന്നേറുകയാണ് കാര്‍ത്തി. പുതിയ ചിത്രമായ കൈദിയുമായി എത്തിയിരിക്കുകയാണ് കാര്‍ത്തി ഇപ്പോള്‍. വിജയ് ചിത്രമായ ബിഗിലും ഇതേ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. പേട്ടയും വിശ്വാസവുമായിരുന്നു നേരത്തെ ഇത്തരത്തില്‍ ഒരേ ദിവസം തിയേറ്ററുകളിലേക്ക് എത്തിയത്. സൂര്യയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അതിനായി ചില തിരക്കഥകള്‍ കേട്ടിരുന്നുവെന്നും താരം പറയുന്നു.

പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ത്രില്ലര്‍ ചിത്രവുമായാണ് കാര്‍ത്തി എത്തുന്നത്. കുറച്ച് ഡാര്‍ക്ക് രംഗങ്ങളും ആക്ഷനുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമയൊരുക്കിയിട്ടുള്ളത്. മാനഗരത്തിന് സേഷം ലോകേഷ് കനകരാജ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയെന്ന പ്രത്യേകതയും കൈദിയ്ക്കുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ നരേനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരുരാത്രിയിലെ 4 മണിക്കൂറിനിടയില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്.

സൂര്യയ്‌ക്കൊപ്പം കാര്‍ത്തി എന്നാണ് എത്തുന്നതെന്ന ചോദ്യം എല്ലാ അഭിമുഖങ്ങളിലും ഉയര്‍ന്നുവരാറുണ്ട്. കൈദിയുടെ പ്രമോഷനായി കേരളത്തിലേക്ക് എത്തിയപ്പോഴും ആരാധകര്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ചേട്ടനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം തനിക്കുമുണ്ട്. അതിനായി വില്ലന്‍ വേഷം വരെ സ്വീകരിക്കാന്‍ തയ്യാറാണ്. വീട്ടില്‍ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചൊന്നും തങ്ങള്‍ സംസാരിക്കാറില്ല. ലൊക്കേഷനില്‍ വെച്ചാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംസാരിക്കുന്നത്. കഥകള്‍ പലതും കേള്‍ക്കുന്നുണ്ട്. വൈകാതെ അത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും കാര്‍ത്തി പറയുന്നു.

തമിഴകത്തിന്റെ താരങ്ങളാണെന്ന വ്യത്യാസമൊന്നും കേരളത്തിലേക്കെത്തുമ്പോള്‍ തന്റെയും സഹോദരന്റേയും ഫാന്‍സുകാരെ കാണാറുണ്ട്. തങ്ങളെ സ്വീകരിക്കാനായി അവര്‍ കാത്ത് നില്‍ക്കാറുണ്ട്. കോയമ്പത്തൂര്‍-പാലക്കാട റോഡിലൂടെ സൈക്കിളോടിച്ച് പോയ കഥ കുട്ടിക്കാലത്ത് അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ട്. നാളുകള്‍ക്ക് ശേഷം താന്‍ പാലക്കാട്ടേക്ക് എത്തിയപ്പോള്‍ ഇവിടത്തെ ഫോട്ടോ അച്ഛന് അയച്ചിരുന്നുവെന്നും നാടാകെ മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റെന്നും കാര്‍ത്തി പറയുന്നു.

മലയാളത്തില്‍ നിന്നുള്ള അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. തമിഴിലും കൂടി ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള കഥകള്‍ക്കായാണ് കാത്തിരുന്നത്. തമിഴ്‌നാട്ടില്‍ ഈ ചിത്രം എങ്ങനെ സ്വീകരിക്കുമെന്ന് ചിന്തിക്കുമ്പോഴാണ് പല തിരക്കഥകളും ഒഴിവാക്കുന്നത്. നായികമാര്‍ വളരെ പെട്ടെന്ന് തന്നെ അന്യഭാഷയിലേക്ക് പോവുന്നത് കാണാറുണ്ട്. എന്നാല്‍ തന്നെ സംബന്ധിച്ച് അതത്ര എളുപ്പമല്ലെന്ന് താരം പറയുന്നു. മുന്‍പൊരു ദീപാവലിക്ക് ബാഷ കണ്ടത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ദിപാവലി റിലീസ് എന്നത് ത്രില്ലടിപ്പിക്കുന്ന സംഭവമാണ്.


Click it and Unblock the Notifications











