അച്ഛൻ എങ്ങനെയായിരിക്കണം എന്ന് ധനുഷിനെ കണ്ട് പഠിക്കുന്നു; അവൻ മക്കളെ നോക്കുന്നതിങ്ങനെ; പിതാവ് കസ്തൂരി രാജ
തമിഴ് സിനിമാ രംഗത്തെ താര കുടുംബവമാണ് നടൻ ധനുഷിന്റേത്. അച്ഛൻ കസ്തൂരി രാജയും സഹോദരൻ സെൽവരാഘവനും വർഷങ്ങളായി സംവിധാന രംഗത്ത് അനുഭവ സമ്പത്തുള്ളവർ. ധനുഷാണെങ്കിൽ തമിഴകം അഭിമാനത്തോടെ കാണുന്ന പ്രഗൽഭ നടനും. അതേസമയം ധനുഷിന്റെ സഹോദരിമാരായ വിമല ഗീതയും കാർത്തിക ദേവിയും ഡോക്ടർമാരാണ്. ഇവരുടെ ഭർത്താക്കൻമാരും ഡോക്ടർമാർ. ഇക്കാലയളവിനിടെ പല സംഭവങ്ങളും ധനുഷിന്റെ കുടുംബത്തിൽ നടന്നു.
കസ്തൂരി രാജയുടെ രണ്ട് ആൺമക്കളുടെ വിവാഹ ജീവിതവും സുഗമമായല്ല മുന്നോട്ട് പോയത്. മൂത്ത മകൻ സെൽവരാഘവൻ നടി സോണിയ അഗർവാളിനെയാണ് ആദ്യം വിവാഹം ചെയ്തത്. 2006 ൽ വിവാഹിതരായ ഇരുവരും 2009 ൽ വേർപിരിഞ്ഞു. തന്റെ സിനിമയിൽ സഹസംവിധായികയായി പ്രവർത്തിച്ച ഗീതാഞ്ജലി രാമനെയാണ് സെൽവരാഘവൻ പിന്നീട് വിവാഹം ചെയ്തത്. ഇരുവരും സന്തോഷകരമായി ഇന്ന് ജീവിക്കുന്നു. ഇളയ മകൻ ധനുഷ് ഐശ്വര്യ രജിനികാന്തുമായി വേർപിരിഞ്ഞത് വലിയ തോതിൽ വാർത്തയായി. കഴിഞ്ഞ വർഷമാണ് തങ്ങൾ വേർപിരിയുകയാണെന്ന് ധനുഷും ഐശ്വര്യയും ആരാധകരെ അറിയിച്ചത്.

യാത്ര രാജ്, ലിംഗ രാജ് എന്നിവരാണ് ധനുഷിന്റെയും ഐശ്വര്യയുടെയും മക്കൾ. മക്കളുടെ കാര്യങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് നോക്കുന്നത്.
മക്കളുടെ ജീവിതത്തിലെ തീരുമാനങ്ങളെക്കുറിച്ച് കസ്തൂരി രാജയ്ക്കോ ഭാര്യ വിജയലക്ഷ്മിക്കോ പരാതികളൊന്നുമില്ല. ബിഹൈന്റ്വവുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ കസ്തൂരി രാജയും വിജയലക്ഷ്മിയും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മക്കളെ എങ്ങനെ വളർത്തണമെന്ന് ഇന്ന് ധനുഷിനെ കണ്ട് താൻ പഠിക്കുകയാണെന്ന് കസ്തൂരി രാജ പറയുന്നു.
മക്കളോട് സ്നേഹം ഉണ്ടായിരുന്നെങ്കിലും ഞാനത് അത് പ്രകടിപ്പിച്ചിരുന്നില്ല. അവരോടൊപ്പം സമയം ചെലവഴിച്ചില്ല. എന്നാൽ ഇന്ന് ഒരു അച്ഛൻ എങ്ങനെയായിരിക്കണമെന്ന് ധനുഷിനെ കണ്ട് ഞാൻ പഠിക്കുന്നു. ബാങ്കോക്കിൽ ഒരു പ്രോഗ്രാമിന് പോയാലും രണ്ട് പേരെയും ഒപ്പം കൂട്ടും. ഞാൻ മക്കളിൽ നിന്നും ഒരു അകലം വെച്ചിരുന്നു. അന്ന് അത് ആവശ്യമായിരുന്നു. അന്ന് കുട്ടികളെയും കൂട്ടിയാണ് ഷൂട്ടിംഗിന് വരികയെന്ന് പറയാൻ പറ്റില്ലായിരുന്നെന്നും കസ്തൂരി രാജ വ്യക്തമാക്കി.

മക്കളെക്കുറിച്ച് ധനുഷിന്റെ അമ്മ വിജയലക്ഷ്മിയും സംസാരിച്ചു. പെൺമക്കൾ എനിക്ക് അമ്മമാരെ പോലെയാണ്. എന്ത് പ്രശ്നം വന്നാലും ഞാൻ പറയുന്നത് പെൺമക്കളോടാണെന്ന് വിജയലക്ഷ്മി വ്യക്തമാക്കി. അതേസമയം വിജയലക്ഷ്മിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ മൂത്ത മകൻ സെൽവരാഘവനാണെന്ന് കസ്തൂരി രാജ ചൂണ്ടിക്കാട്ടി. ആദ്യം പിറന്ന മകനാണ് അവൻ. ആദ്യം പിറന്ന മകനോട് കുറച്ച് ഇഷ്‌ടക്കൂടുതൽ ഉണ്ടാകും. തനിക്ക് തടഞ്ഞ് നിർത്താൻ പറ്റാത്ത വൈകാരികതയാണ് അതെന്നും വിജയലക്ഷ്മി മറുപടി നൽകി.
ഇരുവരുടെയും പെൺമക്കളായ വിമല ഗീതയും കാർത്തിക ദേവിയും അഭിമുഖത്തിൽ പങ്കെടുത്തു. മക്കളെ ഡോക്ടർമാരും എൻജിനീയർമാരും ആക്കണമെന്നാണ് അമ്മ ആഗ്രഹിച്ചത്. തിങ്കൾ മുതൽ വെള്ളി വരെ സെൽവരാഘവന്റെ വീട്ടിലാണ് അമ്മയുണ്ടാവുക. ശനിയും ഞായറും ധനുഷിനൊപ്പവുമാണുണ്ടാകാറെന്നും വിമല ഗീതയും കാർത്തിക ദേവിയും വ്യക്തമാക്കി.
അടുത്തിടെയാണ് ചെന്നെെയിലെ പോയസ് ഗാർഡനിൽ ധനുഷ് കോടികൾ ചെലവിട്ട് വീട് പണിതത്. ഗൃഹപ്രവേശന ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. കരിയറിന്റെ തിരക്കുകളിലാണ് ധനുഷിപ്പോൾ. സംഗീത സംവിധായകൻ ഇളയരാജയുടെ ബയോപിക്കാണ് നടന്റെ ഒടുവിൽ പ്രഖ്യാപിക്കപ്പെട്ട പ്രൊജക്ട്.


Click it and Unblock the Notifications