മറ്റാെരു സ്ത്രീയുടെ ഭർത്താവാണത്, അവരെന്നോട് പരാതി പറഞ്ഞു; വനിതയെക്കുറിച്ച് കസ്തൂരി
നടിയും രാഷ്ട്രീയ പ്രവർത്തകയുമായ കസ്തൂരി സമകാലിക വിഷയങ്ങളിൽ അഭിപ്രായം പങ്കുവെക്കാറുണ്ട്. ചില പരാമർശങ്ങൾ വിവാദമായിട്ടുമുണ്ട്. എന്നാൽ പ്രശ്നങ്ങളെ അതിജീവിച്ച് കസ്തൂരി മുന്നോട്ട് പോകുന്നു. തമിഴകത്ത് ഇപ്പോൾ സജീവ ചർച്ച രവി മോഹൻ-ആരതി രവി വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളാണ്. തന്നെയും മക്കളെയും ഉപേക്ഷിച്ച രവി മോഹൻ ഇപ്പോൾ വീട്ടിൽ നിന്നും തന്നെ ഇറക്കി വിടാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് ആരതി രവി ആരോപിക്കുന്നു. ഖുശ്ബു, രാധിക ശരത്കുമാർ തുടങ്ങിയവർ ആരതിക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.
കസ്തൂരി നൽകിയ പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ചോദ്യം വന്നു. എന്നാൽ നടി പ്രതികരിക്കാൻ തയ്യാറായില്ല. നയൻതാരയുടെ സരൊഗസി, വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം തുടങ്ങിയ വിഷയങ്ങളിൽ പ്രതികരിച്ച താങ്കൾ എന്തുകൊണ്ട് രവി മോഹൻ-ആരതി രവി പ്രശ്നത്തിൽ പ്രതികരിക്കുന്നില്ലെന്ന ചോദ്യം വന്നു. ഇതിന് കസ്തൂരി മറുപടി നൽകി.

അതും ഇതും താരതമ്യം ചെയ്യാൻ പറ്റില്ല. നയൻതാരയുടെ വിവാഹത്തിന് ആശംസകൾ പറഞ്ഞയാളാണ് ഞാൻ. വിഘ്നേശ് ശിവനെ പിന്നീട് പല വട്ടം കണ്ടതുമാണ്. ഞങ്ങൾ തമ്മിൽ പ്രശ്നമില്ല. ഒരു വിഷയത്തിൽ സംശയം തോന്നിയപ്പോൾ ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഞാൻ ചോദിച്ചത് പോലെ നിരവധി പേർ ചോദിച്ചിട്ടുണ്ട്. കാരണം ഇന്ത്യയിൽ സരൊഗസിയിൽ കർശനമായ നിയമമുണ്ട്. ആ നിയമപ്രകാരമാണോ നടന്നതെന്ന ചോദ്യം വന്നു.
വനിതയെ എനിക്ക് ബിഗ് ബോസിൽ നിന്ന് അറിയാം. നല്ല സ്ത്രീയാണവർ. അറിവും ബുദ്ധിയും ധെെര്യവുമുള്ളയാൾ. എന്നാൽ വെെകാരികമായി കാര്യങ്ങൾ ചെയ്യും. അതും കുഴപ്പമില്ല. പക്ഷെ ഒരു തെറ്റ് അവർ ചെയ്തു. ഒരു സ്ത്രീയുടെ ഭർത്താവിനെ വിവാഹം ചെയ്തു. ആ സ്ത്രീ എന്നോട് വന്ന് പരാതി പറഞ്ഞു. അവർക്ക് വേണ്ടിയാണ് ആ പ്രശ്നത്തിൽ ഞാൻ സംസാരിച്ചത്. പിന്നീട് വിവാഹമല്ല നടന്നതെന്ന് പറഞ്ഞ് വനിത ആ പ്രശ്നം പരിഹരിച്ചു.

എന്നോട് ആവശ്യപ്പെടുന്ന സ്ത്രീകൾക്ക് ഇന്നും ലീഗൽ ഉപദേശങ്ങൾ ഞാൻ കൊടുക്കാറുണ്ട്. എന്നാൽ അതിന്റെ പേരിൽ ജയം രവി-ആരതി രവി പ്രശ്നത്തിൽ തനിക്ക് അഭിപ്രായം പറയാൻ സാധിക്കില്ലെന്ന് കസ്തൂരി വ്യക്തമാക്കി. വനിത വിജയകുമാറിന്റെ മൂന്നാമത്തെ ഭർത്താവായിരുന്നു പീറ്റർ പോൾ. നടിയുടെ ആദ്യ രണ്ട് വിവാഹ ബന്ധങ്ങളിലായി മൂന്ന് മക്കളുണ്ട്. മുൻ വിവാഹത്തിലെ പെൺമക്കളുടെ പിന്തുണയോടെയാണ് വനിത പീറ്ററെ വിവാഹം ചെയ്തത്.
അന്ന് പീറ്ററിന്റ ആദ്യ ഭാര്യ ഈ വിവാഹത്തിനെതിരെ രംഗത്ത് വന്നു. നിയമപ്രകാരം താനും പീറ്ററും തമ്മിൽ പിരിഞ്ഞിട്ടില്ലെന്നും വനിതയുടെ വിവാഹം അംഗീകരിക്കാനാകില്ലെന്നും ഇവർ പറഞ്ഞു. ഇത് വലിയ വിവാദത്തിലേക്ക് നീങ്ങി. തന്നെ വിമർശിച്ചവർക്കെതിരെ പരസ്യമായി വനിത രംഗത്ത് വന്നു. എന്നാൽ നാല് മാസത്തിനുള്ളിൽ പീറ്റുറുമായുള്ള വിവാഹ ബന്ധം അവസാനിച്ചു. പീറ്റർ കടുത്ത മദ്യപാനിയാണെന്ന് പിന്നീട് വനിത പറയുകയുമുണ്ടായി. 2023 ൽ പീറ്റർ പോൾ മരിച്ചു.
2000 ത്തിലായിരുന്നു വനിത വിജയകുമാറിന്റെ ആദ്യ വിവാഹം. നടൻ ആകാശിനെയാണ് വനിത വിവാഹം കഴിച്ചത്. എന്നാൽ ഈ വിവാഹം ബന്ധം പിന്നീട് പിരിഞ്ഞു.. 2007 ൽ അനന്ദ് രാജ് എന്ന ബിസിനസ്കാരനെ വിവാഹം ചെയ്തെങ്കിലും ഈ ബന്ധവും പിരിയേണ്ടി വന്നു. ആദ്യ വിവാഹ ബന്ധത്തിൽ പിറന്ന മകൻ വനിതയിൽ നിന്ന് അകന്ന് കഴിയുകയാണ്.


Click it and Unblock the Notifications











