'ഞാന്‍ അനുഭവിച്ച വേദനകൾ അച്ഛനെ കാണിച്ചിട്ടില്ല, നിന്നെ അഭിനയിപ്പിക്കാനായി സിനിമ നിര്‍മിക്കില്ലെന്ന് പറഞ്ഞു'
മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് ചേക്കേറിയപ്പോൾ തലവര മാറി ഡിമാന്റുള്ള നായികയായി മാറിയ നിരവധി നടിമാരുണ്ട് മലയാളത്തിൽ. അക്കൂട്ടത്തിൽ പ്രധാനിയാണ് നിർമാതാവ് ജി.സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകൾ കീർത്തി സുരേഷ്. മുപ്പത്തിയൊന്നുകാരിയായ കീർത്തി സുരേഷ് ചുരുങ്ങിയ സമയം കൊണ്ടാണ് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായി മാറിയതും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയതും.
ബാലതാരമായി അഭിനയം ആരംഭിച്ച കീർത്തി സുരേഷ് വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് രണ്ടാം വരവ് നടത്തിയത്. തുടക്കത്തിൽ ഒന്ന് പാളിയെങ്കിലും തമിഴിലേക്ക് ചുവടുമാറ്റിയപ്പോൾ ഭാഗ്യവും തെളിഞ്ഞു. ഇന്ന് ഏറ്റവും തിരക്കുള്ള നായിക നടിയാണ് കീർത്തി. അതേസമയം സൈറണാണ് കീർത്തിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. പോലീസ് വേഷത്തിൽ കീർത്തി അഭിനയിക്കുന്ന സിനിമയിൽ നായകൻ ജയംരവിയാണ്.

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കീർത്തി നൽകിയ അഭിമുഖത്തിൽ പിതാവ് സുരേഷ് കുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. താൻ അഭിനയത്തിലേക്ക് ഇറങ്ങുന്നതിനോട് ഒട്ടും യോജിപ്പില്ലാത്ത വ്യക്തി അച്ഛനായിരുന്നുവെന്നാണ് കീർത്തി പറയുന്നത്. താൻ നിർബന്ധിച്ചിട്ടാണ് ഗീതാഞ്ജലിയിലേക്ക് കീർത്തിയെ സുരേഷ് വിട്ടതെന്ന് പ്രിയദർശനും മുമ്പ് പറഞ്ഞിട്ടുണ്ട്. 'ഞാന്‍ അച്ഛന്‍ കുട്ടിയാണ്.'
'എനിക്ക് ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ അച്ഛനെ കണ്ട് പഠിക്കാന്‍ പറ്റിയിട്ടുണ്ട്. എന്റെ ഏറ്റവും വലിയ റോള്‍മോഡലും ഇന്‍സ്പിരേഷനും എല്ലാം അച്ഛനാണ്. എങ്ങനെയാണ് അച്ഛന്‍ സിനിമയില്‍ എത്തിയത് എന്തൊക്കെ കഷ്ടങ്ങള്‍ അനുഭവിച്ചു എന്നൊക്കെ എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കും. അതൊക്കെ കേട്ടാണ് ഞാന്‍ വളര്‍ന്നത്.'
'പക്ഷെ ഇന്റസ്ട്രിയില്‍ വന്നതിന് ശേഷം ഞാന്‍ അനുഭവിച്ച വേദനകളൊന്നും അച്ഛനെ കാണിക്കാറില്ല. എന്റെ വിഷമം അറിഞ്ഞ് അച്ഛന്‍ സങ്കടപ്പെടരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ട്. ചിലപ്പോള്‍ ഞാന്‍ ഡള്ളായിരിക്കുമ്പോള്‍ അച്ഛന് അറിയാം. എന്നാലും അതേ കുറിച്ച് ചോദിച്ച് എന്നെ വേദനിപ്പിക്കാറില്ല. ജീവിതത്തില്‍ നാല് കാര്യങ്ങള്‍ ഇല്ലെന്നുണ്ടെങ്കില്‍ നിന്റെ ജീവിതം എപ്പോഴും ഹാപ്പിയായിരിക്കും എന്നാണ് അച്ഛന്‍ പറയാറുള്ളത്.'
'അഹങ്കാരം, ആര്‍ഭാടം, അസൂയ, അത്യാഗ്രഹം ഇത് നാലും വരാതെ സൂക്ഷിക്കുക. ഇത് നാലും ഇല്ലെങ്കില്‍ ജീവിത്തില്‍ വിഷമിക്കേണ്ടി വരില്ല എന്ന ഒറ്റ ഉപദേശം മാത്രമെ അച്ഛന്‍ എനിക്ക് നല്‍കിയിട്ടുള്ളൂ. ഇന്നും ഞാന്‍ ഫോളോ ചെയ്യുന്ന കാര്യമാണ് അത്. സിംപ്ലിസിറ്റിയുടെ ഏറ്റവും അവസാനത്തെ വാക്കാണ് അച്ഛന്‍.'

'ഒരു പ്രൊഡ്യൂസറാണെങ്കിലും അച്ഛന്‍ ജീവിതത്തില്‍ ആര്‍ഭാടം കാണിക്കാന്‍ വേണ്ടി ഒന്നും ചെയ്യാറില്ല. അച്ഛനെ കണ്ട് വളര്‍ന്നതുകൊണ്ടുതന്നെ ഞാനും ലക്ഷ്വറി സാധനങ്ങള്‍ ഉപയോഗിക്കാറില്ല. കഴിഞ്ഞ നാല് വര്‍ഷമായിട്ടാണ് ബ്രാന്റഡ് സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയത്. അമേരിക്കയില്‍ പോയപ്പോള്‍ അച്ഛന് ഒരു ബ്രാന്റഡ് ചെരുപ്പ് വാങ്ങിയിരുന്നു.'
'കാലിന് ഇടാന്‍ ഇത്രയും വിലകൂടിയ ചെരുപ്പ് വേണോയെന്ന് ചോദിച്ച ആളാണ് അച്ഛന്‍. അത്രയും സിംപിളാണ്. അമ്മയും എല്ലാ കാര്യത്തിനും വളരെ സപ്പോര്‍ട്ടീവാണ്. എന്നാല്‍ അച്ഛന്‍ എന്നെ വഴക്ക് പറയാറില്ല. അമ്മ അമ്മയായതുകൊണ്ട് തന്നെ പലതിനും വഴക്ക് പറയാറുണ്ട്. അതിന് പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട. ചേച്ചിയെക്കാള്‍ കൂടുതല്‍ വഴക്ക് കേട്ടിട്ടുള്ളത് ഞാന്‍ തന്നെയാണ്.'
'സിനിമയില്‍ അഭിനയിക്കണം എന്ന എന്റെ മോഹത്തെ ഏറ്റവും അധികം സപ്പോര്‍ട്ട് ചെയ്ത ആള്‍ ചേച്ചിയാണ്. അഭിനയത്തിലേക്ക് വരുന്നതിന് അച്ഛന് താത്പര്യമില്ലായിരുന്നു. നിന്നെ അഭിനയിപ്പിക്കാന്‍ വേണ്ടി ഞാന്‍ സിനിമ നിര്‍മിക്കില്ല.'
'പക്ഷെ നീ അഭിനയിക്കുന്ന സിനിമ ചിലപ്പോള്‍ ഞാന്‍ നിര്‍മിച്ചേക്കും എന്നാണ് അച്ഛന്‍ പറഞ്ഞത്. അത് മാത്രമാണ് ഇതുവരെയും ചെയ്തത്', എന്നാണ് കീർത്തി മാതാപിതാക്കളെ കുറിച്ച് പറഞ്ഞത്. വാശിയാണ് മലയാളത്തിൽ കീർത്തിയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











