മറുപടി തന്നേ പറ്റൂ; 234 ദിവസം കാത്തിരുന്ന് ആരാധകൻ; ഒടുവിൽ കീർത്തി സുരേഷിന്റെ പ്രതികരണം
തെന്നിന്ത്യൻ സിനിമാ രഗംത്ത് ഇന്ന് കീർത്തി സുരേഷിനുള്ള ആരാധക വൃന്ദം ചെറുതല്ല. അഭിനയ മികവും സ്ക്രീൻ പ്രസൻസും ഒരുപോലെ ലഭിച്ച കീർത്തിക്ക് കൈ നിറയെ അവസരങ്ങളാണ്. എന്നാൽ സൂപ്പർസ്റ്റാറുകളുടെ നായിക മാത്രമായി ഒതുങ്ങാതെ മികച്ച കഥാപാത്രങ്ങൾ ചെയ്യാനാണ് കീർത്തി സുരേഷ് ശ്രമിക്കുന്നത്. ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലൂടെയാണ് കീർത്തി അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. മലയാള സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് തമിഴകത്തെ താരമായി മാറിയ ഒരുപിടി നടിമാരുണ്ട്.
നയൻതാര, അമല പോൾ, അസിൻ തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. ഇവരുടെ വിജയം ആവർത്തിക്കാൻ കീർത്തിക്കും കഴിഞ്ഞു. തമിഴകത്തെ സെൻസേഷനായി നടി മാറി. എന്നാൽ തരംഗം സൃഷ്ടിക്കുന്നതിനൊപ്പം സിനിമാ ലോകത്ത് തന്റെ സ്ഥാനം ഉറപ്പിക്കാനും കീർത്തിക്ക് കഴിഞ്ഞു. മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കീർത്തി സുരേഷ് സ്വന്തമാക്കി. പഴയ കാല നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയിൽ അവിസ്മരണീയ പ്രകടനമാണ് കീർത്തി കാഴ്ച വെച്ചത്.

തന്റെ കടുത്ത ആരാധകന് കീർത്തി നൽകിയ മറുപടിയണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ മറുപടി ലഭിക്കാൻ വേണ്ടി നടിയെ ടാഗ് ചെയ്ത ആരാധകനാണ് കീർത്തി മറുപടി നൽകിയത്. വെറുതെ വന്നൊരു മറുപടിയല്ല ഇത്. തുടർച്ചയായി 233 ദിവസമായി നടിയുടെ മറുപടി ആഗ്രഹിച്ച് ട്വീറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ് ആരാധകൻ. 234ാമത്തെ ദിവസമാണ് കീർത്തിയുടെ മറുപടി വന്നത്. 234 ഫാൻസി നമ്പറാണ്. മറുപടി വൈകിയതിൽ ക്ഷമിക്കണം. ഒരുപാട് സ്നേഹം എന്നാണ് കീർത്തിയുടെ മറുപടി.
ആരാധകന്റെ സ്നേഹം മനസിലാക്കിയ കീർത്തിയെ നിരവധി പേർ അഭിനന്ദിച്ചു. തമിഴ്, തെലുങ്ക്, മലയാളം സിനിമകൾക്ക് പുറമെ ഹിന്ദി സിനിമാ രംഗത്തേക്കും കടന്നിരിക്കുകയാണ് കീർത്തി സുരേഷ്. വരുൺ ധവാൻ നായകനാകുന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. തമിഴ് ചിത്രം തെറിയുടെ റീമേക്ക് ആണിത്. തെറിയിൽ സമാന്ത ചെയ്ത വേഷമാണ് റീമേക്കിൽ കീർത്തി അവതരിപ്പിക്കുന്നത്. ഇതിന് പുറമെ തമിഴിൽ സൈറൺ എന്ന ചിത്രം റിലീസ് ചെയ്യാനുണ്ട്.

ജയം രവി നായകനാകുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറെയാണ് കീർത്തി സുരേഷ് അവതരിപ്പിക്കുന്നത്. രഘുലത, റിവോൾവർ റി, കണ്ണിവെഡി എന്നീ തമിഴ് ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. കീർത്തിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ വാശി എന്ന സിനിമയിലാണ് കീർത്തി അവസാനമായി അഭിനയിച്ചത്. ടൊവിനോ തോമസ് നായകനായ സിനിമ തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും ഒടിടിയിലൂടെ പ്രേക്ഷക പ്രീതി നേടി.
അടുത്തിടെ കീർത്തിയുടെ കാമുകനെന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ വൈറലായിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഫർഹാൻ ബിൻ ലിയാഖത്തിനൊപ്പമുള്ള ഫോട്ടോയായിരുന്നു കീർത്തി പങ്കുവെച്ചത്. കാമുകനെന്ന വാർത്ത നിഷേധിച്ച് നടി രംഗത്ത് വന്നു. കീർത്തിയുടെ അടുത്ത സുഹൃത്തായിരുന്നു ഇത്. പിറന്നാൾ ദിനത്തിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഗോസിപ്പുകൾക്കെതിരെ കീർത്തിയുടെ പിതാവ് നിർമാതാവ് സുരേഷ് കുമാറും രംഗത്ത് വരുകയുണ്ടായി.


Click it and Unblock the Notifications