'പ്രതിഫലം വീണ്ടും ഉയർത്തി കീർത്തി'; പിതാവ് മലയാളി താരങ്ങൾക്ക് നൽകിയ മുന്നറിയിപ്പ് ചർച്ചയാകുന്നു
തെന്നിന്ത്യൻ സിനിമകളിൽ കീർത്തി സുരേഷിന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നിരിക്കുകയാണ്. കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇടക്കാലത്ത് പരാജയങ്ങൾ വന്നെങ്കിലും തമിഴ്, തെലുങ്ക് സിനിമാ രംഗത്തെ മനസ്സിലാക്കി കരിയറിൽ നിലയുറപ്പിക്കാൻ കീർത്തിക്ക് സാധിച്ചു. മാർക്കറ്റ് വാല്യു, കഥാപാത്രത്തിന്റെ പ്രാധാന്യം എന്നിവ ഒരുപോലെ കീർത്തി പരിഗണിക്കുന്നു. പ്രത്യേകിച്ചും നിരവധി ആരാധരുള്ള തമിഴകത്ത് സിനിമകൾ ചെയ്യുമ്പോൾ കീർത്തി ഇന്ന് ശ്രദ്ധാലുവാണ്.
ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന കീർത്തിക്ക് വളരെ പെട്ടെന്ന് തമിഴകത്ത് ശ്രദ്ധ നേടാനായി. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തിക്ക് ലഭിച്ചു. ദേശീയ പുരസ്കാരം ലഭിച്ച ശേഷമാണ് യഥാർത്ഥത്തിൽ നടിക്ക് കരിയറിൽ താഴപ്പിഴകകൾ വന്നത്. ഇക്കാര്യം കീർത്തി തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
അവാർഡിന് ശേഷം ആഗ്രഹിച്ച സിനിമകൾ വരാൻ കുറച്ച് താമസിച്ചെന്നും ഒരു ഘട്ടത്തിൽ ഇതിൽ ആശങ്ക തോന്നിയിരുന്നെന്നും നടി തുറന്ന് പറഞ്ഞു. എന്നാൽ ഇതെല്ലാം മറികടന്ന് കരിയറിൽ മുന്നോട്ട് കുതിക്കുകയാണ് കീർത്തിയിന്ന്. മാമന്നൻ ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മാരി സെൽവരാജ് സംവിധാനം ചെയ്ത സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി. ഇതിനകം 50 കോടിയിലേറെ
കലക്ഷൻ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ.

ദസറ എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് മാമന്നന്റെ വിജയവും നടിയെ തേടി വന്നിരിക്കുന്നത്. താരമൂല്യം ഉയർന്നിരിക്കെ കീർത്തി പ്രതിഫലം കൂട്ടിയെന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. രണ്ട് കോടി പ്രതിഫലം വാങ്ങുന്ന നടി പ്രതിഫലം ഇരട്ടിപ്പിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് തമിഴ് റിപ്പോർട്ട് ചെയ്യുന്നു. തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകൾ കീർത്തിയുടേതായി പുറത്തിറങ്ങാനുണ്ട്. 'കണ്ണിവെടി' എന്ന തമിഴ് ചിത്രമാണ് നടിയുടേതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
അടുത്തിടെ മലയാള സിനിമാ താരങ്ങൾ പ്രതിഫലം കൂട്ടുന്നതിനെതിരെ കീർത്തി സുരേഷിന്റെ പിതാവും സിനിമാ നിർമാതാവുമായ സുരേഷ് കുമാർ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. പരിധിയിൽ കവിഞ്ഞ് പ്രതിഫലം കൂട്ടുന്നവർക്കെതിരെ സംഘടനകൾ നടപടിയെടുക്കുമെന്നാണ് ഇദ്ദേഹം നൽകിയ മുന്നറിയിപ്പ്. നിർമാതാക്കൾക്ക് മരം കുലുക്കി ലഭിക്കുന്ന പണമല്ലെന്ന് താരങ്ങൾ മനസ്സിലാക്കേണ്ടതുണ്ടെന്നും സുരേഷ് കുമാർ തുറന്നടിച്ചു.

നടി അപർണ ബാലമുരളി ന്യായമായ പ്രതിഫലം എന്ന ആവശ്യം ഉന്നയിച്ചപ്പോൾ ഇതിനെ ഏറ്റവും കൂടുതൽ എതിർത്ത നിർമാതാക്കളിൽ ഒരാൾ സുരേഷ് കുമാറാണ്. അപർണ ബാലമുരളി സ്വന്തം കഴിവ് കൊണ്ട് സിനിമ വിജയിപ്പിച്ചാൽ നടിക്കും മോഹൻലാലിന്റെ പ്രതിഫലം നൽകാമെന്നായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. മോഹൻലാലിന് കോടികൾ നൽകാം. ലാൽ അഭിനയിക്കുന്നത് കാണാനാണ് ജനം തിയറ്ററിൽ വരുന്നത്.
അതേ പ്രതിഫലം എന്റെ മകൾ കീർത്തി സുരേഷിന് കൊടുക്കണമെന്ന് പറഞ്ഞാൽ അതിനോട് യോജിക്കാൻ പറ്റില്ലെന്നും അന്ന് സുരേഷ് കുമാർ വ്യക്തമാക്കി. നടീ നടൻമാർ തമ്മിലുള്ള പ്രതിഫലത്തിലെ അന്തരം സിനിമാ ലോകത്ത് ഇപ്പോൾ ചർച്ചയാണ്. കീർത്തി സുരേഷിന്റെ പ്രതിഫലത്തേക്കാൾ എത്രയോ മുകളിലാണ് പല തമിഴ് നടൻമാരുടെയും പ്രതിഫലം.
125 കോടി രൂപയോളമാണ് ഒരു സിനിമയ്ക്ക് വിജയ് കൈ പറ്റുന്ന പ്രതിഫലം. അത്രയും സാമ്പത്തിക ലാഭം വിജയുടെ സിനിമകൾ ഉണ്ടാക്കുന്നു. അതേസമയം തമിഴകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നയൻതാരയ്ക്ക് ലഭിക്കുന്ന ശമ്പളം അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ്.


Click it and Unblock the Notifications