29 വര്‍ഷം മുന്‍പ് ഇഷ്ടമാണോന്ന് ചോദിച്ച ദിവസം! ഭര്‍ത്താവിന്റെ പ്രണയാഭ്യാര്‍ഥനയെ പറ്റി പറഞ്ഞ് നടി ഖുശ്ബു
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഖുശ്ബുവും ഭര്‍ത്താവ് സുന്ദറും. ഇരുവരും സിനിമയിലൂടെ ഒരുമിച്ച് കണ്ട് ഇഷ്ടത്തിലായി, പിന്നീട് വിവാഹിതരായവരാണ്. പലപ്പോഴും സുന്ദറുമായിട്ടുള്ള പ്രണയനിമിഷങ്ങളെ പറ്റി സോഷ്യല്‍ മീഡിയയില്‍ ഖുശ്ബു എഴുതാറുണ്ട്. ഇപ്പോള്‍ സമാനമായ രീതിയിലൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി.
വിവാഹം കഴിക്കാമോ എന്ന് സുന്ദര്‍ തന്നോട് ചോദിച്ച ദിവസം ഇതാണെന്ന് പറഞ്ഞാണ് നടി വന്നിരിക്കുന്നത്. തങ്ങളുടെ പ്രൊപ്പോസല്‍ ദിവസമാണെന്ന് സൂചിപ്പിച്ച നടി പഴയതും പുതിയതുമായി രണ്ട് കാലഘട്ടത്തിലെ ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. മാത്രമല്ല സുന്ദര്‍ തന്നോട് പ്രണയാഭ്യര്‍ഥന നടത്തിയതെങ്ങനെയാണെന്നും നടി പറയുന്നുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപംയ വായിക്കാം...

'1995 ഫെബ്രുവരി 22 മുതല്‍ 2024 ഫെബ്രുവരി 22 വരെ, അതിന് ശേഷം ഒന്നും മാറിയിട്ടില്ല. എനിക്ക് കുറച്ച് പ്രായമാവുകയും നിങ്ങള്‍ക്ക് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ കുറച്ച് നരകളും വന്നു എന്നതൊഴിച്ചാല്‍ ഒന്നും മാറായിട്ടില്ല. അതേ സ്നേഹവും പരസ്പരമുള്ള ബഹുമാനവും കുറുവുകളെ അംഗീകരിച്ച് പരസ്പരം മനസ്സിലാക്കുന്നതും നമ്മളങ്ങോട്ടും ഇങ്ങോട്ടും പരമാവധി പ്രോത്സാഹിപ്പിക്കുന്നതുമടക്കം എല്ലാം അതുപോലെയുണ്ട്.'
'പ്രതിസന്ധി ഘട്ടങ്ങളില്‍ ശക്തിസ്തംഭം പോലെ രണ്ടുപേരും ഒരുമിച്ച് നിന്നു. പരസ്പരം കൈകള്‍ കോര്‍ത്ത് പിടിച്ച് നമ്മള്‍ എന്താണോ ആകാന്‍ ആഗ്രഹിച്ചത് ആ വഴിയിലൂടെ ഒരുമിച്ച് നടന്ന്, കുടുംബം കെട്ടിപ്പൊക്കി. ഇന്നത് നമ്മുടെ മനോഹരമായ കുടുംബമായി.'
'നിങ്ങള്‍ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ട് ഇന്ന് 29 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. ഒരു ഫോട്ടോയും, ക്യാമറയും, സോഷ്യല്‍ മീഡിയയും ഇല്ലാത്ത കാലത്താണ് ഞാനത് സ്വീകരിച്ചത്. രണ്ടാമതൊന്ന് ആലോചിക്കാതെ, കണ്ണിമ ചിമ്മാതെ അടുത്ത നിമിഷം തന്നെ ഞാന്‍ ആ തീരുമാനം എടുത്തു. ചില സമയങ്ങളില്‍ മികച്ച തീരുമാനങ്ങള്‍ ധൈര്യത്തോടെ എടുക്കും എന്ന് പറയുന്നത് പോലെ, എന്റെ ആ ധൈര്യം ശരിയായിരുന്നു എന്ന് ഇന്ന് നിങ്ങള്‍ തെളിയിച്ചു തന്നു.'
'എന്റെ നല്ല പാതിയെ പൂര്‍ണ ഹൃദയത്തോടെ ഞാന്‍ സ്നേഹിക്കുന്നു. നിങ്ങളുടെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചതാണ് ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും മികച്ച തീരുമാനം. 29 വര്‍ശങ്ങള്‍ക്ക് മുന്‍പ് നിങ്ങളെ എങ്ങനെയാണോ ഞാന്‍ സ്നേഹിച്ചത്, അത് പോലെ തന്നെ ഇന്നും സ്നേഹിക്കുന്നു.' എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഖുശ്ബു എഴുതിയത്.


Click it and Unblock the Notifications











