'വിവാഹമോചനം ആവശ്യപ്പെട്ടത് ഭാര്യ... കോടതി മുറിയിൽ പോലും ഞാൻ മൗനം പാലിക്കുകയായിരുന്നു'; വിഷ്ണു വിശാൽ!
തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് സുപരിചിതനായ നടനും നിർമാതാവുമെല്ലാമാണ് വിഷ്ണു വിശാൽ. താരത്തിന്റെ ഏറ്റവും പുതിയ റിലീസ് ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ലാൽ സലാമാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലെല്ലാം വിഷ്ണു സജീവമായിരുന്നു. അക്കൂട്ടത്തിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആദ്യമായി തന്റെ വിവാഹമോചനത്തെ കുറിച്ച് നടൻ മനസ് തുറന്നു. ഒരു ക്രിക്കറ്ററാകാൻ ആയിരുന്നു വിഷ്ണു വിശാലിന് ചെറുപ്പം മുതൽ മോഹം.
എന്നാൽ ചില കാരണങ്ങളാൽ വിഷ്ണു വിശാൽ ക്രിക്കറ്റ് പരിശീലനം പൂർണമായും ഉപേക്ഷിച്ച് ഐടി മേഖലയിൽ ജോലി ചെയ്യാൻ നിർബന്ധിതനായി. ജോലിക്കിടെയാണ് സിനിമയിൽ അഭിനയിക്കാൻ അവസരം താരം അന്വേഷിച്ച് തുടങ്ങിയത്. അങ്ങനെയാണ് 2009ൽ സുശീന്ദ്രൻ സംവിധാനം ചെയ്ത വെണ്ണിലാ കബഡി കുഴു എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം വിഷ്ണുവിന് ലഭിച്ചത്.

ആദ്യ ചിത്രം വൻ വിജയമായതിനാൽ പിന്നീട് തുടരെ തുടരെ അവസരങ്ങൾ വിഷ്ണുവിന് ലഭിച്ച് തുടങ്ങി. അങ്ങനെയാണ് ബാലെ പാണ്ഡ്യ, ദ്രോഗി, കുള്ളനാരി കൂട്ടം, നീർ പക്ഷി, മുണ്ടാസ്പട്ടി, ജീവ, ഇൻട്രു നേട്ര് നാളൈ, വെള്ളന്നു വന്ന വെള്ളായിക്കാരൻ, രാട്ഷസൻ, എഫ്ഐആർ, ഗാട്ട ഗുസ്തി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചത്.
മുപ്പത്തൊമ്പതുകാരനായ വിഷ്ണു നീർപക്ഷി എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ച നടരാജൻ്റെ മകൾ രജനിയെയാണ് വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ആര്യൻ എന്നൊരു മകനുണ്ട്. 2010ലായിരുന്നു രജിനിയുമായുള്ള വിഷ്ണു വിശാലിന്റെ വിവാഹം. എന്നാൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2018ൽ ഇരുവരും വേർപിരിഞ്ഞു.
വിവാഹമോചനത്തിന് ശേഷം ഒരു അഭിമുഖത്തിലും വിവാഹമോചനത്തെക്കുറിച്ച് പറയാതിരുന്ന വിഷ്ണു വിശാൽ ഇപ്പോഴിതാ ആദ്യമായി ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. എൻ്റെ മുൻ ഭാര്യയെ വിവാഹമോചനം ചെയ്യാൻ ഞാൻ തീരുമാനിച്ചിരുന്നില്ല. കോടതിയിൽ നിന്നും ചോദിച്ചപ്പോൾ പോലും എനിക്ക് ഈ ബന്ധം വേണ്ടെന്ന് പറഞ്ഞത് മുൻഭാര്യയാണ്. ഞാൻ ശാന്തനായിരുന്നു എന്നാണ് വിഷ്ണു പറയുന്നത്.
മുൻഭാര്യയെ കുറിച്ച് സംസാരിച്ചശേഷം രണ്ടാം വിവാഹത്തിന് മുതിരാനുള്ള കാരണവും വിഷ്ണു വ്യക്തമാക്കി. 'രജിനിയുമായി വേർപിരിഞ്ഞതിന് ശേഷം ജീവിതത്തിൽ വീണ്ടും വിവാഹം കഴിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇനിയുള്ള ജീവിതത്തിൽ നമ്മൾ ഒറ്റയ്ക്കായിരിക്കുമെന്ന് മകനോടും പറഞ്ഞിരുന്നു. അപ്പോഴാണ് ഞാൻ ജ്വാല ഗുട്ടയെ പരിചയപ്പെട്ടത്. അവൾ വളരെ പോസിറ്റീവായ ഒരു പെൺകുട്ടിയാണ്.'

'അവളുമായി ഡേറ്റിംഗ് തുടങ്ങിയപ്പോൾ തന്നെ എനിക്ക് ഒരു മകനുണ്ടെന്നും ഇനി വിവാഹം കഴിക്കാൻ പോകുന്നില്ലെന്നും ഞാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അവൾക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. അവളും വിവാഹമോചിതയായ ഒരു സ്ത്രീയായിരുന്നു. ജ്വാലയുടെ സൗമ്യമായ സ്വഭാവം എനിക്ക് ഇഷ്ടപ്പെട്ടു. അതിനാൽ ഞാൻ അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എൻ്റെ മനസ് മാറി.'
'കൂടാതെ വിവാഹത്തിന് മുമ്പ് ഞാൻ ജ്വാല ഗുട്ടയോട് ചോദിച്ചു... എൻ്റെ മകന് വേണ്ടി ഞാൻ വീണ്ടും രജിനിക്കൊപ്പം പോയാൽ നീ എന്തുചെയ്യുമെന്ന്. അത് എൻ്റെ വിധിയാണെങ്കിൽ എന്തുചെയ്യാൻ പറ്റുമെന്നാണ് അവൾ പറഞ്ഞത്', എന്നാണ് വിഷ്ണു വിശാൽ പറഞ്ഞത്. ജ്വാലയ്ക്കൊപ്പം സന്തോഷകരമായ ദാമ്പത്യമാണ് ഇപ്പോൾ വിഷ്ണുവിന്റേത്.


Click it and Unblock the Notifications











