തലൈവരുടെ മകളുടെ വിവാഹം, താരപുത്രിയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് താരപത്‌നി ലത രജനികാന്ത്!
തമിഴ്‌നാടിന്റെ തലൈവരും സ്‌റ്റൈല്‍ മന്നനുമായ രജനികാന്ത് സിനിമകളുടെ തിരക്കിലാണ്. അടുത്തിടെ റിലീസിനെത്തിയ പേട്ട തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഇതിനൊപ്പമാണ് രജനികാന്തിന്റെ മകളും നിര്‍മാതാവും സംവിധായകയുമായ സൗന്ദര്യയുടെ വിവാഹ വാര്‍ത്ത പ്രചരിച്ചത്. ഫെബ്രുവരി 10, 12 തിയ്യതികളിലായി വിവാഹം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പോയസ് ഗാര്‍ഡനിലുള്ള രജനികാന്തിന്റെ വീട്ടില്‍ വെച്ചാണ് വിവാഹത്തിന്റെ ചടങ്ങുകള്‍ നടക്കുക. ഇപ്പോഴിതാ വിവാഹം നടക്കുന്ന ദിവസങ്ങളില്‍ തങ്ങളുടെ വീടിന് പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് എത്തിയിരിക്കുകയാണ്. പോലീസ് സംരക്ഷണം ആവശ്യപ്പെടാന്‍ കാരണം വ്യക്തമല്ലെങ്കിലും വിഐപികള്‍ അടക്കം നിരവധി അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നതിനാലാണ് സംരക്ഷണം ആവശ്യപ്പെട്ടതെന്നാണ് ദി ന്യൂസ് മിനുറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ യുവനടന്‍ വൈശാഖന്‍ വണങ്കാമുടിയാണ് സൗന്ദര്യയുടെ വരന്‍. സൗന്ദര്യയുടെയും വൈശാഖന്റെയും രണ്ടാമത്തെ വിവാഹമാണിത്. 2010 ല്‍ വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യ ആദ്യം വിവാഹിതയാവുന്നത്. 2017 ല്‍ ഈ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ സൗന്ദര്യയ്ക്ക് അഞ്ച് വയസുകാരനായ ഒരു മകനുണ്ട്.
1999 മുതല്‍ ഗ്രാഫിക് ഡിസൈനറായി സിനിമകളില്‍ പ്രവര്‍ത്തിച്ച സൗന്ദര്യ രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സൗന്ദര്യയുടെ സംവിധാനത്തിലെത്തിയ ആദ്യ സിനിമ പരാജയമായിരുന്നു. എന്നാല്‍ ധനുഷിനെ നായകനാക്കി സംവിധാനം ചെയ്ത വേലയില്ലാ പട്ടധാരി 2 ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ നിര്‍മാതാവായിട്ടും പ്രവര്‍ത്തിച്ച് വരികയാണ്.


Click it and Unblock the Notifications











