'ആ നായികമാർ ഗ്ലാമർ വെച്ച് തമിഴകത്തെ ഉപയോഗിക്കുന്നു; അഭിമാനത്തോടെ പറയുന്നത്; തമന്ന അങ്ങനെയല്ല'
തമിഴിലും തെലുങ്കിലും ഹിന്ദിയിലും കൈനിറയെ അവസരങ്ങളുമായി കരിയറിന്റെ തിരക്കിലാണ് തമന്ന. ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയാണ് തമന്നയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. തെന്നിന്ത്യൻ സിനിമകളിലൂടെ കരിയറിലെ തുടക്കകാലത്ത് ശ്രദ്ധിക്കപ്പെട്ട തമന്നയെ ഇന്ന് ബോളിവുഡും സ്വീകരിച്ചു. മുംബൈക്കാരിയായ തമന്ന മോഡലിംഗിൽ നിന്നുമാണ് അഭിനയ രംഗത്തേക്ക് വരുന്നത്. തെന്നിന്ത്യയിലെ മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും തമന്ന ഇതിനോടകം അഭിനയിച്ചു.
പയ്യ, അയൻ, പഠിക്കാതവൻ, ദേവി തുടങ്ങി തമിഴിൽ തമന്നയുടെ സിനിമകളിൽ ഭൂരിഭാഗവും ശ്രദ്ധ നേടി. തുടക്ക കാലത്ത് സൂപ്പർസ്റ്റാർ സിനിമകളിൽ വന്ന് പോകുന്ന നായിക നടി മാത്രമായിരുന്നെങ്കിൽ ഇന്ന് തമന്ന കരിയറിന്റെ മറ്റൊരു ഘട്ടത്തിലാണ്. വ്യത്യസ്തമായ സിനിമകൾ തമന്നയെ തേടി വരുന്നു. ജീ കർദാ, നവംബർ സ്റ്റോറി എന്നീ സീരീസുകളിലെ തമന്നയുടെ പ്രകടനം ഏറെ ശ്രദ്ധ നേടി.

തമന്നയെക്കുറിച്ച് തമിവ് സിനിമാ നിർമാതാവ് ജി ധനഞ്ജയൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഉത്തരേന്ത്യയിൽ നിന്ന് വരുന്ന മറ്റ് നായികമാരിൽ നിന്ന് വ്യത്യസ്തയാണ് തമന്നയെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു.
മുംബൈയിൽ നിന്ന് വന്ന് തെന്നിന്ത്യയിൽ അഭിനയിക്കുന്ന പല നടിമാർക്കും തമിഴ് അറിയില്ലെന്ന് ഇദ്ദേഹം പറയുന്നു. ചില നായികമാരുടെ കാര്യത്തിൽ വിഷമം തോന്നും. 20-25 സിനിമകൾ അവർ തമിഴിൽ ചെയ്തിട്ടുണ്ടാകും. പക്ഷെ അഭിമാനത്തോടെ തമിഴ് എനിക്ക് അറിയില്ലെന്ന് പറയും. അതിനർത്ഥം എന്താണ്. അവർ ഗ്ലാമർ വെച്ച് ഇൻഡ്സ്ട്രിയെ ഉപയോഗിക്കുകയാണ്. അതിനപ്പുറം ഈ ഇൻഡസ്ട്രിയോട് ആത്മാർത്ഥതയില്ല. പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
എന്നാൽ തമന്നയ്ക്കും തമിഴും തെലുങ്കും അറിയാം. തമിഴിൽ വളരെ നന്നായി സംസാരിക്കും. ബോംബെയിൽ ജനിച്ച് വളർന്ന സിന്ധി പെൺകുട്ടിയാണവർ. ഭാഷ മനസ്സിലായാൽ നന്നായി അഭിനയിക്കാൻ പറ്റുമെന്നാണ് തമന്ന പറയാറ്. അവർ വളരെ ആത്മാർത്ഥതയുള്ള നടിയാണെന്നും ജി ധനഞ്ജയൻ പറഞ്ഞു.

തമന്നയെക്കൂടാതെ കാജൽ അഗർവാൾ, രകുൽ പ്രീത് സിംഗ്, ഹൻസിക മോട്വാണി, ശ്രിയ ശരൺ തുടങ്ങിയ നടിമാരെല്ലാം ഉത്തരേന്ത്യയിൽ നിന്നും തെന്നിന്ത്യൻ സിനിമകളിലേക്ക് വന്ന് ശ്രദ്ധിക്കപ്പെട്ടവരാണ്. ബോളിവുഡിൽ കരിയർ വളർത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് പലരും തെന്നിന്ത്യൻ സിനിമകളെ ആശ്രയിച്ചത്. സ്വന്തം ശബ്ദത്തിൽ ഇവർ തെന്നിന്ത്യൻ സിനിമകളിൽ ഡബ് ചെയ്യാറുമില്ല. ഉത്തരേന്ത്യൻ നായികമാരിൽ പലർക്കും കുറച്ച് വർഷങ്ങൾക്കുള്ളിൽ തമിഴ്, തെലുങ്ക് സിനിമാരംഗത്ത് മാർക്കറ്റ് കുറയാറുമുണ്ട്.
പൊതുവെ തമിഴ് സിനിമകളിൽ തമിഴ്നാട്ടിലെ പെൺകുട്ടികൾ നായികയാവാറില്ലെന്ന് വിമർശനം ഉണ്ട്. മലയാളികളോ മുംബൈയിൽ നിന്നുള്ളവരോ ആണ് മിക്ക തമിഴ് സിനിമകളിലെയും നായികമാർ. നയൻതാര, കീർത്തി സുരേഷ്, അമല പോൾ തുടങ്ങി തമിഴ് സിനിമകളിലെ മുൻനിര നായികമാരെല്ലാം മലയാളികളാണ്. നടി തൃഷ ചെന്നെെയിലാണ് ജനിച്ചതെങ്കിലും മലയാളി പശ്ചാത്തലമുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച അസിനും മലയാളിയാണ്.
തെലുങ്ക് സിനിമാ രംഗത്തും ഇതേ സാഹചര്യമാണ്. മലയാളികളായ നടിമാർക്ക് വലിയ സ്വീകാര്യത തെലുങ്കിൽ ലഭിക്കുന്നു. സംയുക്ത, അനുപമ പരമേശ്വരൻ തുടങ്ങിയ നടിമാർ ഇന്ന് തെലുങ്ക് സിനിമാ രംഗത്ത് സജീവമാണ്. മലയാളത്തിലേക്കാൾ കൂടുതൽ പ്രതിഫലവും മറു ഭാഷകളിൽ നടിമാർക്ക് ലഭിക്കുന്നു. തിരുവല്ലക്കാരിയായ നയൻതാര ഇന്ന് തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നു നായികയാണ്.


Click it and Unblock the Notifications











