'സഹോദരിമാർക്കും അവരുടെ മക്കൾക്കും വേണ്ടിയാണ് ഇനിയുള്ള ജീവിതം'; കോവൈ സരള വിവാഹിതയാകാത്തതിന് പിന്നിൽ!
കോവൈ സരളക്ക് സമം കോവൈ സരള മാത്രം... ഇതുപോലെ ഒരു അഭിനേത്രിയെ ഇനി കണ്ടെത്തുക എന്നത് സാധ്യമല്ല. അസാമാന്യ കോമഡി ടൈമിങും അന്യായ കെമിസ്ട്രിയും ഏത് താരത്തിനൊപ്പവും കോവൈ സരളയ്ക്ക് സാധ്യമാകും. തമിഴ് സിനിമയിലാണ് സരള ശോഭിച്ച് നിൽക്കുന്നതെങ്കിലും താരം ഒരു മലയാളിയാണെന്ന കാര്യം പല സിനിമാപ്രേമികൾക്കും അറിയില്ല. മലയാളം ഉൾപ്പടെ വിവിധ ഭാഷകളിലായി തൊള്ളായിരത്തോളം ചിത്രങ്ങളിൽ അഭിനയിച്ച് കഴിഞ്ഞു കോവൈ സരള.
ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല അഭിനയപ്രാധാന്യമുള്ള ചില കഥാപാത്രങ്ങളും സരളയുടെ സിനിമാ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. കോവൈ സരളയെന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ആദ്യം ഓർമവരിക നിറത്തിലെ രുക്കുവെന്ന കഥാപാത്രമായിരിക്കും. അത്രത്തോളം ശ്രദ്ധിക്കപ്പെട്ട ഒന്നാണ് കോവൈ സരളയുടെ നിറത്തിലെ കഥാപാത്രം. കോയമ്പത്തൂരിലാണ് കോവൈ സരള ജനിച്ചത്.

എം.ജി.ആറിൻ്റെ സിനിമകൾ കണ്ടതിന് ശേഷമാണ് കോവൈ സരളയ്ക്ക് അഭിനയത്തോട് താൽപര്യം തോന്നിയത്. അങ്ങനെ പഠനം പൂർത്തിയാക്കിയശേഷം സഹോദരിയുടെയും അച്ഛൻ്റെയും പിന്തുണയോടെ ചലച്ചിത്രരംഗത്തേക്ക് കടന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സരളയ്ക്ക് ആദ്യ സിനിമ ഓഫർ ലഭിച്ചത്. വിജയകുമാർ, കെ.ആർ. വിജയ എന്നിവർക്കൊപ്പം വെള്ളി രഥം എന്ന സിനിമയിലാണ് താരം അഭിനയിച്ചത്.
പിന്നീട് രണ്ടാമത്തെ ചിത്രമായ മുന്താനൈ മുടിച്ച് സിനിമയിൽ 32 കാരിയായ ഗർഭിണിയായി അഭിനയിക്കുമ്പോൾ താരം പത്താം ക്ലാസിലായിരുന്നു. രണ്ട് വർഷത്തിനുശേഷം നടി ചിന്ന വീട് എന്ന ചിത്രത്തിൽ അഭിനയിച്ചു. അതിൽ ഭാഗ്യരാജിൻ്റെ കഥാപാത്രത്തിൻ്റെ 65 വയസുള്ള അമ്മയായിട്ടാണ് നടി അഭിനയിച്ചത്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ചിത്രങ്ങൾ ചെയ്ത താരം അറുപത്തിരണ്ടാം വയസിലും അവിവാഹിതയാണ്. പ്രശസ്തയുടെ കൊടുമുടിയിൽ നിൽക്കുകയാണെങ്കിലും ഇന്നേവരെ തനിക്കൊരു കൂട്ട് എന്ന ആഗ്രഹം സരളയ്ക്ക് ഉണ്ടായിട്ടില്ല. വിവാഹത്തെ കുറിച്ച് ചിന്തിക്കാതിരുന്നതെന്തേ എന്ന ചോദ്യത്തിനും വ്യക്തമായ കാരണം സരളയ്ക്ക് പറയാനുണ്ട്. സരള ഉൾപ്പെടെ അഞ്ച് പെൺകുട്ടികളാണ് കുടുംബത്തിലുള്ളത്.
മൂത്തത് സരളയാണ്. താഴെയുള്ള നാല് സഹോദരിമാരുടെയും ഉത്തരവാദിത്വം കോവൈ സരളയ്ക്കായിരുന്നു. അവരുടെ വിവാഹം വരെയുള്ള കാര്യങ്ങൾ ഭംഗിയായി നടത്തിയ ശേഷം ഇപ്പോഴും അവരെ സഹായിച്ചുകൊണ്ടിരിയ്ക്കുകയാണ് കോവൈ സരള. സഹോദരിമാരെ മാത്രമല്ല അവരുടെ മക്കളുടെയും പഠിക്കാനും ജീവിയ്ക്കാനും കഷ്ടപ്പെടുന്ന കുട്ടികളടക്കം പലർക്കും കോവൈ സരള ഇന്ന് ആശ്വാസമാണ്.

ഈ ജീവിതം ഇനി ഇങ്ങനെ മറ്റുള്ളവർക്ക് സഹായമായി പോകട്ടെ എന്നാണ് കോവൈ സരള പറയുന്നത്. ഇനി ഈ ജീവിതത്തിൽ വിവാഹം ഉണ്ടാവില്ലെന്ന് നടി വ്യക്തമാക്കി കഴിഞ്ഞു. മറ്റുള്ളവർക്ക് വേണ്ടി ജീവിയ്ക്കുന്നതിൽ സന്തോഷമുണ്ടെന്ന് താൻ തിരിച്ചറിഞ്ഞു എന്നാണ് കോവൈ സരള പറയുന്നത്.
സതി ലീലാവതി, വിരലുക്കേത്ത വെക്കം, വരവ് എത്തന സെലവ് പടന, കരകാട്ടക്കാരൻ, വിശ്വനാഥൻ രാമമൂർത്തി എന്നീ സിനിമകളാണ് സരളയ്ക്ക് താൻ അഭിനയിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട സിനിമകൾ. 2016ലാണ് മലയാളത്തിൽ അവസാനമായി സരള ഒരു സിനിമ ചെയ്യുന്നത്.


Click it and Unblock the Notifications











