'ഓര്‍മ്മ നഷ്ടമാവുന്നു, പേടിയാകുന്നു'; ഏറ്റവും വലിയ ഭയത്തെക്കുറിച്ച് വെളിപ്പെടുത്തി നടി തമന്ന
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത നടിയാണ് തമന്ന ഭാട്യ. നിരവധി തമിഴ്, തെലുങ് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന ബോളിവുഡിലും തന്റെ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു.
തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തമന്നയ്ക്ക് സാധിച്ചിട്ടുണ്ട്. ഹാപ്പി ഡേയ്‌സ്, പയ്യ, അയാന്‍, സുറ, സിരുത്തൈ, 100% ലവ്, ബദരിനാഥ്, വീരം, നന്‍പേണ്ട, തോഴാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ തമന്ന നായികയായി. ഹിമ്മത്ത് വാലയാണ് തമന്ന നായികയായി അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രം.

എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രമാണ് തമന്നയുടെ കരിയറില്‍ ഏറെ നിര്‍ണ്ണായകമായത്. അതിനുശേഷം തമന്നയുടെ താരമൂല്യം ഏറെ ഉയര്‍ന്നിരുന്നു. തെലുങ്ക് ചിത്രമായ എഫ് 3-യാണ് തമന്നയുടെതായി ഏറ്റവുമൊടുവില്‍ പുറത്തുവന്നത്.
തന്റെ ഏറ്റവും വലിയ ഭയത്തെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റാണ് ഇപ്പോള്‍ നടിയെക്കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഓര്‍മ്മ നഷ്ടമാകുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നാണ് തമന്ന ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ഓര്‍മ്മ നഷ്ടപ്പെടുന്ന കാര്യം വളരെ ഭയപ്പെടുത്തുന്ന ഒരു സംഗതിയാണ്.' തമന്ന പറയുന്നു.
മുംബൈയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ താരം ഇടവേളയില്‍ ആരാധകരുമായി ട്വിറ്ററില്‍ സംവദിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ ഏറ്റവും വലിയ പേടി എന്താണെന്നുള്ള ഒരു ആരാധികയുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ഇതിന് പുറമെ നിരവധി ചോദ്യങ്ങള്‍ക്കും താരം ഉത്തരം നല്‍കിയിട്ടുണ്ട്.

ബാഹുബലിയിലെ അവന്തികയും ധര്‍മദുരൈയിലെ സുഭാഷിണിയുമാണ് അവതരിപ്പിച്ചതില്‍ ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി തമന്ന തിരഞ്ഞെടുത്തത്. കാന്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിനെ മാജിക്കല്‍ എന്നാണ് താരം വിശേഷിപ്പിച്ചത്. ഇങ്ങനെയൊരു മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും തമന്ന പറഞ്ഞു.
Recommended Video

ഏത് സാങ്കല്‍പ്പിക കഥാപാത്രത്തെയാണ് യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടാന്‍ ഏറ്റവും ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന്, 'ഷെര്‍ലക് ഹോംസ്' എന്നായിരുന്നു തമന്നയുടെ മറുപടി.
നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂര്‍ണ്ണമായി ജീവിക്കുകയും ചെയ്യുക എന്നതാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും തമന്ന പറയുന്നു. ഇതുവരെ ആളുകള്‍ക്ക് അറിയാത്ത എന്തെങ്കിലും മറഞ്ഞിരിക്കുന്ന കഴിവുകള്‍ തനിക്കുണ്ടോ എന്ന ചോദ്യത്തിന്, നടി താന്‍ സ്വന്തമായി വാക്കുകള്‍ ഉണ്ടാക്കാറുണ്ടെന്ന് തമാശയോടെ പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്.


Click it and Unblock the Notifications











