വിവാദങ്ങളുടെ തോഴൻ..., ചെന്നൈയിലും മുംബൈയിലും ആഢംബര വസതികൾ, പ്രഭുദേവ സിനിമയിൽ നിന്നും സമ്പാദിച്ചത്!
രജനികാന്ത്, കമൽഹാസൻ, വിജയ്, ചിരഞ്ജീവി, ഹൃതിക് റോഷൻ, ഷാരൂഖ് ഖാൻ, ദിലീപ്, മഞ്ജു വാര്യർ തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളെയും ഡാൻസ് പഠിപ്പിച്ച താരപ്രതിഭ. എന്തിന് മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ജോണി വാക്കറിലെ ശാന്തമീ രാത്രിയിൽ നൃത്തം ചെയ്യാൻ ചുവടുകൾ പഠിപ്പിച്ചതും പ്രഭുദേവയാണ്. രാജ്യം പത്‌മശ്രീ നൽകി ആദരിച്ച താരം ഇന്ത്യൻ സിനിമയിലെ മൈക്കിൾ ജാക്‌സൺ എന്നാണ് അറിയപ്പെടുന്നത്. തമിഴ്, ഹിന്ദി സിനിമകളിൽ നൃത്തസംവിധായകർ, നടൻ, ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ എന്നിങ്ങനെ പ്രഭുദേവയ്ക്ക് റോളുകൾ നിരവധിയാണ്.
പ്രഭുദേവ തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. അമ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന പ്രഭുദേവയ്ക്ക് സോഷ്യൽമീഡിയയിൽ ആശംസ പ്രവാഹമാണ്. നൃത്തസംവിധായകൻ സുന്ദരത്തിൻ്റെ മകനായ പ്രഭുദേവയ്ക്ക് കുട്ടിക്കാലം മുതൽ നൃത്തത്തോട് താൽപ്പര്യമുണ്ടായിരുന്നു. 1994ൽ ഇന്ദു എന്ന ചിത്രത്തിലൂടെയാണ് പ്രഭുദേവ അഭിനയരംഗത്തേക്ക് എത്തുന്നത്.

പിന്നീട് ശങ്കർ സംവിധാനം ചെയ്ത പ്രഭുദേവയുടെ കാതലൻ പുറത്തിറങ്ങി വൻ ഹിറ്റായി. ചിത്രത്തിന് വേണ്ടി റഹ്മാൻ ഒരുക്കിയ പേട്ട റേപ്പ്, മുക്കാല, ഉർവശി തുടങ്ങിയ ഗാനങ്ങൾക്ക് പ്രഭുദേവ ചുവടുവെച്ചത് ഇന്നും ഹിറ്റാണ്. കാതലൻ്റെ വിജയത്തിന് ശേഷം 10 വർഷത്തോളം തിരക്കുള്ള നായക നടനായിരുന്നു പ്രഭുദേവ.
പിന്നീട് അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം തുടക്കത്തിൽ കുറച്ച് തെലുങ്ക് ചിത്രങ്ങൾ സംവിധാനം ചെയ്തു. 2007ൽ വിജയിയെ നായകനാക്കി പോക്കിരി എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രവും ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ കൂട്ടുകെട്ടിൽ വില്ല് എന്ന ചിത്രം പുറത്തിറങ്ങിയത്. എന്നാൽ പോക്കിരി പോലെ വില്ല് പ്രേക്ഷകരെ ആകർഷിച്ചില്ല. വില്ലിൻ്റെ പരാജയത്തിനുശേഷം പ്രഭുദേവ ബോളിവുഡിലേക്ക് ചേക്കേറി.
അവിടെ അദ്ദേഹം സൽമാൻ ഖാനെ നായകനാക്കി വാണ്ടഡ് എന്ന ചിത്രം സംവിധാനം ചെയ്യുകയും തൻ്റെ ആദ്യ സിനിമയിൽ തന്നെ ബ്ലോക്ക്ബസ്റ്റർ വിജയം ആസ്വദിക്കുകയും ചെയ്തു. അതിനുശേഷം റൗഡി റാത്തോഡ്, ആക്ഷൻ ജാക്‌സൺ, ദബാംഗ് 3, രാധേ എന്നിങ്ങനെ ബോളിവുഡിൽ വാണിജ്യ ഹിറ്റുകളുടെ ഒരു പരമ്പര തന്നെ നൽകി. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ഗോട്ടിലും പ്രഭുദേവ ഭാഗമാണ്.
ഇതുകൂടാതെ ശങ്കറിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഗെയിം ചേഞ്ചർ എന്ന ചിത്രത്തിലും നൃത്തസംവിധായകനായി പ്രവർത്തിക്കുന്നുണ്ട്. സിനിമയിലെത്തിയ കാലം മുതൽ വിവാദങ്ങളും പ്രഭുദേവയെ വിടാതെ പിന്തുടർന്നിരുന്നു. സ്വകാര്യ ജീവിതത്തിലെ ബന്ധങ്ങളായിരുന്നു അതിന് പ്രധാന കാരണങ്ങൾ. 1995ൽ റംലത്തിനെ വിവാഹം കഴിച്ച പ്രഭുദേവ മകൻ മരിച്ചശേഷം ആ ബന്ധം ഉപേക്ഷിച്ച് നയൻതാരയുമായി പ്രണയത്തിലായി.

ഇരുവരുടെയും ബന്ധം വിവാഹത്തിലേക്ക് വരെ എത്തിയിരുന്നു. പ്രഭുദേവയ്ക്ക് വേണ്ടി നയൻതാര സിനിമ ഉപേക്ഷിക്കാൻ വരെ തീരുമാനിച്ച സാഹചര്യമുണ്ടായിരുന്നു. എന്നാൽ പിന്നീട് ആ ബന്ധം തകർന്നു. കുറച്ച് നാളുകൾക്ക് മുമ്പ് പ്രഭുദേവ ഒരു ഡോക്ടറെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് അടുത്തിടെ ഒരു കുഞ്ഞ് ജനിച്ചതായി റിപ്പോർട്ട് വന്നിരുന്നു. സംവിധായകൻ, നടൻ, ഡാൻസ് മാസ്റ്റർ എന്നീ നിലകളിൽ മാത്രമല്ല നിർമ്മാതാവായും സിനിമയിൽ തിളങ്ങുകയാണ് പ്രഭുദേവ.
ദേവി, ബോഗൻ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയവയാണ്. ഇത് കൂടാതെ സിംഗപ്പൂരിൽ സ്വന്തമായി ഒരു ഡാൻസ് സ്റ്റുഡിയോയുമുണ്ട്. 140 കോടി രൂപയാണ് നടന്റെ ആസ്തി എന്നാണ് റിപ്പോർട്ട്. ചെന്നൈയിലും മുംബൈയിലും പ്രഭുദേവയ്ക്ക് ആഢംബര വീടുകളുമുണ്ട്. ഇതുകൂടാതെ വിലകൂടിയ നിരവധി വാഹനങ്ങളും താരത്തിന്റെ ഗാരേജിലുണ്ട്.


Click it and Unblock the Notifications